ന്യൂഡൽഹി:രാജ്യത്തെ എല്ലാ വിശ്വാസികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈദ് ആശംസകൾ നേർന്നു.പ്രതിമാസ റഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയാണ് ഈദ് ആശംസകൾ നേർന്നത്.പുണ്യ റംസാൻ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധർമ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും ഇത് എല്ലാവർക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ സന്തോഷം പകരുന്നതാണെന്നും രാജ്യത്തെ ഇത് മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി ആശംസയിൽ പറഞ്ഞു.

റംസാൻ മാസത്തിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ മുൻകൈയെടുത്ത ഉത്തർപ്രദേശിലെ ബിജ്നോർ മുബാറക് ഗ്രാമവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 3500 മുസ്ലിം കുടുംബങ്ങളുള്ള മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ റംസാൻ മാസത്തിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ തീരുമാനമെടുത്തു. ഇതിനായി സർക്കാർ 17 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അനുവദിച്ച ഫണ്ട് അവർ തിരിച്ചു നൽകുകയും റംസാന്റെ ഭാഗമായി സ്വന്തമായി പണം കണ്ടെത്തി ശൗചാലയങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഈ റംസാൻ മാസം അവർ സാമൂഹിക സേവനത്തിനായി ഉപയോഗപ്പെടുത്തിയതായും ഇത് അഭിനന്ദീനീയമായ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുറസ്സായ സ്ഥലങ്ങളിലുള്ള മലമൂത്രവിസർജ്ജന വിമുക്ത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ച കേരളം, സിക്കം, ഹിമാചൽ പ്രദേശ് എന്നിവയ്ക്കൊപ്പം അടുത്തിടെ പ്രഖ്യാപനം നടന്ന ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളെയും മൻകി ബാത്തിൽ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു