- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കാൻ ഇന്ത്യ അനുമതി തേടിയപ്പോൾ മടി കൂടാതെ അനുവദിച്ച് പാക്കിസ്ഥാൻ; ബോയിങ് 777 പ്രത്യേക വിമാനത്തിൽ മോദി പോയത് പാക് ആകാശത്തിന് മുകളിലൂടെ; ആ യാത്രാ വഴി ഇങ്ങനെ
ഇസ്ലാമാബാദ്: പഴയ പ്രതികാരം പാക്കിസ്ഥാൻ ഉപേക്ഷിക്കുകയാണോ? ഇന്ത്യയുമായി നല്ല ബന്ധത്തിന് പാക്കിസ്ഥാന് ശ്രമിക്കുമോ? ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിക്കു പറന്നതു പാക്കിസ്ഥാന്റെ മുകളിലൂടെയാണ്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ചു ഇന്ത്യൻ വിമാനങ്ങൾ പാക്ക് ആകാശത്തുകൂടി പറക്കുന്നതു വിലക്കിയിരുന്നു. ആ വർഷം സൗദിക്കു പോകാൻ മോദിയുടെ വിമാനത്തിനു പാക്ക് ആകാശപാത നിഷേധിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ മാസം മോദി യുഎസിലേക്കു പറന്നതു പാക്ക് ആകാശം വഴിയായിരുന്നു. അഫ്ഗാനിലെ താലിബാൻ ഭരണം പിടിച്ചെടുക്കലിന് ശേഷമാണ് പാക്ക് ആകാശം ഇന്ത്യൻ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാൻ വിട്ടു കൊടുക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുമായി സഹകരണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്ന സന്ദേശം നൽകാനാണ് ഇതെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ ശക്തമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുമായി അടുക്കുകയെന്ന ലക്ഷ്യത്തോടെ വ്യോമ സഹകരണം.
ജി 20 സമ്മേളനത്തിനുള്ള യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ബോയിങ് 777 പ്രത്യേക വിമാനം ബഹവൽപുരിൽനിന്ന് പാക്ക് വ്യോമമേഖലയിൽ പ്രവേശിച്ച് ടർബത്, പഞ്ച്ഗുർ വഴി ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ കടന്ന് ഇറ്റലിയിലെത്തി. പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കാൻ ഇന്ത്യ അനുമതി തേടിയപ്പോൾ മടി കൂടാതെ പാക്കിസ്ഥാൻ അനുവദിക്കുകയായിരുന്നു. ഇത് ഇന്ത്യയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.
മോദിയുടെ വിമാനത്തിനായി വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യൻ അധികൃതർ പാക് വിദേശമന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നെന്നു സിവിൽ ഏവിയേഷൻ അഥോറിറ്റി (സി.എ.എ.) അധികൃതർ അറിയിച്ചു. അപേക്ഷ അംഗീകരിച്ച പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകി. കാലാവസ്ഥാ ഉച്ചകോടിക്കുശേഷം മോദി മടങ്ങുമ്പോഴും പാക് വ്യോമപാത ഉപയോഗിക്കുമെന്നു സി.എ.എ. വക്താവ് പറഞ്ഞു.
2019 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. അതേ വർഷം ഒക്ടോബറിൽ, നരേന്ദ്ര മോദിയുടെ സൗദി യാത്രയ്ക്കായി വ്യോമപാത ഉപയോഗിക്കാനുള്ള ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാൻ നിരസിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ