പത്തനംതിട്ട: നദീസംയോജനമെന്ന ആശയം നടപ്പാക്കാൻ കേന്ദ്രസർക്കാർ പിൻവാതിൽ വഴി ശ്രമിക്കുന്നു. ദേശീയ നദീ സംയോജന പദ്ധതി സംസ്ഥാനങ്ങൾ എതിർത്തതോടെ സംസ്ഥാന ലിസ്റ്റിൽ നിന്നും നദികളും ജലാശയങ്ങളും കേന്ദ്ര ലിസ്റ്റിലേക്ക് മാറ്റാൻ എൻ.ഡി.എ സർക്കാർ നീക്കം തുടങ്ങി. മുല്ലപ്പെരിയാർ, വൈപ്പാർ വിഷയങ്ങളിൽ കേരളത്തിന് ഇതോടെ തിരിച്ചടിയുണ്ടാകും.

മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ ജലത്തിന്റെ സമ്പൂർണ വിനിയോഗം കണക്കിലെടുത്താണ് ഈ നീക്കമെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മധ്യ തിരുവിതാംകൂറിലെ ജനജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന പമ്പാ-അച്ചൻകോവിൽ- വൈപ്പാർ ലിങ്ക് പദ്ധതി ഉൾപ്പെടെ രാജ്യത്ത് മുപ്പത് നദീബന്ധന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. ജലം കേന്ദ്ര വിഷയമാകുന്നതോടെ നദികൾ, തോട്, കുളം, കായൽ എന്നിവയ്ക്കു മേലുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നന്നേക്കുമായി ഇല്ലാതാകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കത്തിനും ഇത് തിരിച്ചടിയാകും.

നദിയും ജലാശയങ്ങളും സംസ്ഥാന ലിസ്റ്റിൽ ആയതിനാൽ കേരളത്തിന്റെ സമ്മതമില്ലാതെ വൈപ്പാർ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന വാദമാണ് സംസ്ഥാന സർക്കാർ ഇതുവരെ ഉന്നയിച്ചിരുന്നത്. ഭരണഘടന അനുസരിച്ച് ഉപരിതല ജലം സംസ്ഥാന വിഷയമാണ് ഇപ്പോൾ. എന്നാൽ രാജ്യത്തെ എല്ലാ നദികളും ദേശസാൽക്കരിക്കണമെന്ന് 2012 ഫെബ്രുവരി 27 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഇപ്പോൾ ഇടപെടുന്നത്. കൂടാതെ ഭരണഘടനാ ഭേദഗതി വഴി ജലം സംസ്ഥാന വിഷയത്തിൽ നിന്നും മാറ്റി കൺകറന്റ് ലിസ്റ്റിൽ ആക്കണമെന്ന് 1998 ജൂലൈയിൽ കെ.കെ.യെരൻ നായിഡു ചെയർമാനായ ജലവിഭവത്തിനായുള്ള പാർലമെന്ററി കമ്മിറ്റി കേന്ദ്രത്തോട് ശിപാർശ ചെയ്തിട്ടുണ്ട്. അന്തർ സംസ്ഥാന നദീതട തർക്കങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഹരിച്ച് പദ്ധതികൾ പൂർത്തിയാക്കാൻ 1956-ലെ റിവർ ബോർഡ് ആക്ട് പരിഷ്‌ക്കരിക്കണമെന്നും ഈ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. ഭരണഘടനയുടെ 262-ാം വകുപ്പ് അനുസരിച്ച് അന്തർ സംസ്ഥാന നദികൾ സംബന്ധിച്ച തർക്കങ്ങളിൽ പാർലമെന്റിന് പരിഹാരം കാണാൻ കഴിയുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പ്രധാന നദിയായ പമ്പയിലും പോഷകനദിയായ അച്ചൻകോവിലാറ്റിലും 3124 ദശലക്ഷം ഘനമീറ്റർ വെള്ളം മിച്ചമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റർ വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാർ നദിയിലേക്ക് ഗതിമാറ്റി കൊണ്ടുപോകണമെന്നും നിർദ്ദേശിച്ചു കൊണ്ട് ദേശീയ ജലവികസന ഏജൻസി 1995-ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പാ-അച്ചൻകോവിൽ-വൈപ്പാർ ലിങ്ക് പദ്ധതി നടപ്പാക്കാൻ കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. വർഷം ഇരുപത് കഴിഞ്ഞിട്ടും പമ്പയിലും അച്ചൻകോവിലാറ്റിലും അധിക ജലം ഇല്ലെന്ന വസ്തുത സമർഥിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് മറ്റൊരു അംഗീകൃത ഏജൻസിയെ ഉപയോഗിച്ച് പഠനം നടത്താനും ആരു
ം തയാറായിട്ടില്ല.

വൈപ്പാർ പദ്ധതിക്കായി പമ്പയുടെ പോഷക നദിയായ കല്ലാറിൽ പുന്നമേട് എന്ന സ്ഥലത്ത് 150 മീറ്റർ ഉയരമുള്ള അണക്കെട്ടും ചിറ്റാർ മൂഴിയിൽ 160 മീറ്റർ ഉയരമുള്ള അണക്കെട്ടും അച്ചൻ കോവിലിൽ 33 മീറ്റർ ഉയരമുള്ള അണക്കെട്ടും നിർമ്മിക്കാനാണ് ലക്ഷ്യം. പുന്നമേട്ടിലും ചിറ്റാർമൂഴിയിലും നിർമ്മിക്കുന്ന അണക്കെട്ടുകളെ തമ്മിൽ എട്ടു കി.മീറ്റർ നീളമുള്ള തുരങ്കം വഴി ബന്ധിപ്പിക്കും. അതോടൊപ്പം അച്ചൻകോവിൽ അണക്കെട്ടിലെ വെള്ളം പമ്പു ചെയ്ത് ചിറ്റാർ മൂഴിയിൽ എത്തിക്കും. തുടർന്ന് ചിറ്റാർമൂഴി അണക്കെട്ടിൽ നിന്നും ഒമ്പത് കി.മീറ്റർ നീളമുള്ള തുരങ്കം നിർമ്മിച്ച് തമിഴ്‌നാട്ടിലെ മേക്കര അണക്കെട്ടിലേക്ക് വെള്ളം കടത്തിവിടും. അവിടെ നിന്നും കനാൽ വഴി വൈപ്പാർ നദിയിൽ വെള്ളം എത്തിക്കുന്നതോടെ പദ്ധതി പൂർണമാകും.

തമിഴ്‌നാട്ടിലെ മേക്കരയിൽ ഇതിനായി അണക്കെട്ട് നിർമ്മിച്ചു കഴിഞ്ഞു. അവിടെ നിന്നും വൈപ്പാർ നദിയിലേക്ക് കനാൽ നിർമ്മാണവും പത്തുവർഷം മുമ്പ് പൂർത്തിയായി. കേരളത്തിൽ മൂന്ന് അണക്കെട്ടും തുരങ്കവും നിർമ്മിക്കുക എന്ന പദ്ധതി മാത്രമാണ് ബാക്കിയുള്ളത്. യഥാർഥത്തിൽ പമ്പാനദിയിൽ അധികജലമുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്ന് പമ്പാ പരിരക്ഷണ സമിതിയും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റും (സി. ഡബ്ല്യു. ആർ. ഡി. എം) നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

മധ്യതിരുവിതാംകൂറിനെ മരുഭൂമിയാക്കി മാറ്റുന്ന പദ്ധതി നടപ്പാക്കുന്നതിനായി മാറി മാറി വരുന്ന കേന്ദ്ര സർക്കാരുകൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ ഇനിയും പ്രതികരിക്കാൻ സംസ്ഥാനം തയാറായിട്ടില്ലെന്നുള്ളതാണ് വിചിത്രം.