ന്യൂഡൽഹി : റേഡിയോയിലൂടെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായപ്പോൾ മുതൽ റേഡിയോയുടെ സാധ്യതകൾ മോദി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. മൻ കി ബാത്തിലൂടെ ജനങ്ങളുമായി ആശയ വിനിമയം നടത്തി. ആർക്കും വേണ്ടാതിരുന്ന റേഡിയോ കേൾക്കാൻ അതോടെ ആളുകളെത്തി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര പോരിന് റേഡിയോ തന്നെയാണ് ആയുധം. കോഴിക്കോട്ടെ പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പാക്ക് ജനതയെ അഭിസംബോധന ചെയ്തതിനു പിന്നാലെ റേഡിയോ വഴി ഇന്ത്യൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ.

ഓൾ ഇന്ത്യ റേഡിയോ (എഐആർ) യുടെ വിദേശ സർവീസ് ഡിവിഷൻ സംപ്രേഷണം ചെയ്യുന്ന വാർത്താ ബുള്ളറ്റിനുകളിൽ ബലൂചിസ്ഥാനെയും ഭീകരവാദത്തെയും കുറിച്ച് പ്രതിപാദിച്ചാണ് ഇന്ത്യൻ നീക്കം. മതവും ഭീകരവാദവും ഒരുമിച്ച് ഒരു രാജ്യത്തിന്റെയും നയമാക്കാൻ സാധിക്കില്ല. ഇസ്‌ലാമിൽ ഒരിടത്തും ഭീകരവാദത്തിന് ഇടം നൽകുന്നില്ല. കൊലപാതകങ്ങളെയും മറ്റുക്രൂരകൃത്യങ്ങളെയും ന്യായീകരിക്കുന്നതു തെറ്റാണെന്നും ഒരിക്കൽ സംപ്രഷണം ചെയ്ത ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. പാക് ഭീകരതയെ തുറന്നു കാട്ടുന്ന തരത്തിലെ പരിപാടികൾ റേഡിയോയിൽ തുടരും. ഇത് അതിർത്തി കടന്ന് പാക്കിസ്ഥാനിലുള്ളവർക്കും കേൾക്കാനാകും. ബലൂചിസ്ഥാന് വേണ്ടി പ്രത്യേക സംപ്രേഷണങ്ങളും ആകാശവാണി നടത്തുന്നുണ്ട്.

ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പൊതുയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലെ നേതാക്കളോട് ഒന്നും പറയാനില്ലെന്നും സംസാരിക്കാനുള്ളത് അവിടുത്തെ ജനങ്ങളോടാണെന്നും പറ!ഞ്ഞത്. തുടർന്ന് അദ്ദേഹം പാക്കിസ്ഥാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങളെക്കുറിച്ചും പാക്ക് ജനതയെ ഓർമിപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യണമെന്നും പറഞ്ഞു. ഇതേ പ്രചരണ തന്ത്രമാണ് റേഡിയോയിലൂടേയും നടത്തുന്നത്. റേഡിയോ പരിപാടിയിൽ പാക്കിസ്ഥാനിലെ രാഷ്ട്രീയ കാര്യങ്ങളും ഉയർന്നുവന്നു. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ 'ദുർബലനായ നേതാവ്' എന്നാണ് വിശേഷിപ്പിച്ചത്. യുഎന്നിൽ പാക് വിഷയം ഉയർത്തിയതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ഇന്റർനെറ്റിന്റേയും ടിവിയുടേയും വരവോടെ റേഡിയോയുടെ സാധ്യതകൾ പൂർണ്ണമായും അടഞ്ഞിരുന്നു. ആരും ശ്രദ്ധിക്കാത്ത ഒന്നായി റേഡിയോ മാറി. എന്നാൽ മൻ കി ബാത്തിലൂടെ മോദി ആകാശവാണിക്ക് പ്രേക്ഷകരെ കൂട്ടി. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളിലുള്ള പ്രതികരണ വേദിയായി ഇതിനെ മാറ്റി. ഇതോടെ ഓരോ വിഷയത്തിലേയും മോദിയുടെ നിലപാട് അറിയിക്കാൻ മൻ കി ബാത്തിനായി രാഷ്ട്രീയം മറന്ന് ഏവരും കാത്തിരുന്നു. മോദിയുടെ വിമർശകർക്കും ഇത് അവഗണിക്കാനായില്ല. അങ്ങനെ റേഡിയോ വീണ്ടും ആളുകളുടെ ശ്രദ്ധയിലെത്തി. ബലൂച് വിഷയത്തിലെ ഇടപെടലിനും റേഡിയോയായിരുന്നു ആയുധം. പക്കിസ്ഥാനിലെ ബലൂച് പ്രവശ്യയിൽ കഴിയുന്നവർക്കായി ഓൾ ഇന്ത്യ റേഡിയോയിൽ ബലൂചി ഭാഷയിൽ കൂടുതൽ സമയ ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിൻ ആരംഭിച്ചു. ആകാശ വാണിയുടെ റേഡിയോ കാഷ്മീർ ആണ് ബലൂചി വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നത്.

1974 മുതൽ ആകാശവാണി ബലൂചി ഭാഷയിൽ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാൽ, പുതിയതായി വാർത്താ പരിപാടികൾ കൂടുതലായി ഉൾപ്പെടുത്താനാണു ആകാശവാണിയുടെ പുതിയ നീക്കമെന്ന് ഓൾ ഇന്ത്യ റേഡിയോയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ വാർത്ത ഉൾപ്പടെ വിവിധ പരിപാടികൾ ബലൂചി ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാൽ, ബലൂച് പ്രവശ്യയിലേക്കു താത്പര്യമുള്ള കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാനുള്ള പരിപാടിക്കാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ബലൂചി ഭാഷയിൽ പത്തു മിനിട്ട് ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിനുകളാണു പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്റെ സമയപരിധി ദീർഘിപ്പിച്ചു. റേഡിയോ കാഷ്മീരിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന വിവിധ പരിപാടികൾ ഇപ്പോൾ പാക് അധീന കാഷ്മീരിൽ ഉൾപ്പെടെ ലഭ്യമാണ്.

റേഡിയോ കാഷ്മീരിന്റെ സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തി പ്രക്ഷേപണം ആരംഭിക്കുന്നതോടെ ഇവിടെ നിന്നുള്ള പരിപാടികൾ പാക് അധിനിവേശ കാഷ്മീരിനു പുറമേ പാക്കിസ്ഥാൻ പഞ്ചാബ്, ലാഹോർ തുടങ്ങിയ മേഖലകളിലും ലഭിക്കും. ജമ്മുവിൽ 300 കെവി ഡിജിറ്റൽ റേഡിയോ മോൺഡിയൽ സ്ഥാപിക്കുന്നതോടെ അതിർത്തിക്കപ്പുറം 300 കിലോമീറ്ററോളും ആകാശവാണി പരിപാടികൾ ലഭിക്കുന്ന തരത്തിൽ പ്രക്ഷേപണം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ആകാശവാണിയുടെ എക്‌സ്റ്റേണൽ സർവീസ് ഡിവിഷൻ 108 രാജ്യങ്ങളിൽ 27 ഭാഷകളിലായി ദിവസേന പ്രക്ഷേപണം നടത്തുന്നുണ്ട്. ഇതിൽ ബലൂചി ഭാഷ ഉൾപ്പെടെ 15 വിദേശ ഭാഷകളിലാണ് വാർത്താ ബുള്ളറ്റിനുകളടക്കം പ്രക്ഷേപണം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് പാക് വിഷയത്തിലെ ഇടപെടലുകൾക്കും റേഡിയോയെ മുഖ്യായുധമാക്കുന്നത്.