ന്യുഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി കേന്ദ്രസർക്കാർ ഇടപെടൽ. കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് ഫെഫ്ക അംഗം സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറിയോടാണ് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ദിലീപുമായി ബന്ധപ്പെട്ടവർ തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യമാണ്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി തുടക്കം മുതൽ നിലപാട് എടുത്തയാളാണ് സലിം ഇന്ത്യ. കേസിൽ ദിലീപിനെ കുടുക്കിയതാണെന്നും സലിം ഇന്ത്യ ആരോപിച്ചിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും അതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സംസ്ഥാന സർക്കാരിന് പരാതി നൽകിയിരുന്നു. അന്വേഷണ സംഘത്തിലെ ഉന്നതർക്കെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. കേസിൽ ജൂലായ് 10ന് അറസ്റ്റിലായി ദിലീപ് 85ാം ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അറസ്റ്റ് നടന്ന് 100 ദിവസത്തിലേക്ക് അടുക്കുമ്പോഴും ദിലീപിനെതിരായ കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ദിലീപിന് അനുകൂലമായി പ്രധാനമന്ത്രി ഇടെപടുമെന്ന പ്രതീക്ഷ നേരത്തെ തന്നെ സലിം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. ഇതിന് ബലമേകുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നെത്തുന്നത്. ദിലീപിനെതിരെ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നും അന്വേഷണസംഘം ചില വൻശക്തികളുടെ സ്വാധീനത്തിലാണെന്നും ദിലീപിനെ അനന്തമായി തടവിലിട്ടിരിക്കുന്നത് കൃത്രിമമായി തെളിവുകൾ ഉണ്ടാക്കാൻ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു ഫെഡറൽ ഭരണകൂടത്തിന്റെ സ്വതന്ത്രമായ നിരീക്ഷണാധികാരങ്ങളും ഇടപെടൽ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ദിലീപിന്റെ കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്ന് സലിം ഇന്ത്യ പ്രധാനമന്ത്രിയെ അറിയിച്ചത്. ജൂലൈ 30നാണ് സലിം ഇന്ത്യ പരാതി നൽകിയത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയവേ ദിലീപ് ജാമ്യം തേടി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ മുൻഭാര്യ മഞ്ജുവാര്യർക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. കൊടുംകുറ്റവാളിയായ പൾസർ സുനി തനിക്കെതിരേ നൽകിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ടെന്നും ആരോപിച്ചിരുന്നു. ഇത്തരം വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ദിലീപ് പൊലീസിന് പരാതി നൽകിയത്. പൾസർ സുനിയുടെ ഫോൺ വന്നപ്പോൾ തന്നെ ദിലീപ് പരാതി നൽകിയിരുന്നു. അതിൽ പൊലീസ് ഒന്നും ചെയ്തില്ല. ഗൂഢാലോചനയിൽ ദിലീപ് പൊലീസിന് പങ്ക് ആരോപിക്കുന്നത് ഇതു കൊണ്ടാണ്.

തന്നെ സന്ധ്യ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥൻ അറിയാതെയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐജി ദിനേന്ദ്ര കശ്യപ്പിനെ അറിയിക്കാതെയാണ് ആലുവ പൊലീസ് ക്ലബ്ബിൽ തന്നെ ചോദ്യം ചെയ്തത്. എന്നിട്ടും ചോദ്യം ചെയ്യലിനോട് താൻ സഹകരിച്ചെന്നും ദിലീപ് പറയുന്നു. മഞ്ജു വാര്യരാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച നടിയെന്ന് പകൽപോലെ വ്യക്തമാണ്. ചോദ്യം ചെയ്യലിനിടെ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞപ്പോൾ എഡിജിപി ക്യാമറ ഓഫാക്കിയെന്നും ദിലീപ് ആരോപിക്കുന്നു. മറ്റെല്ലാ കാര്യങ്ങളും ചിത്രീകരിച്ചെന്നും പറയുന്നു. ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കുന്ന പരാമർശങ്ങളുമുണ്ടായിരുന്നു.

പൾസർ സുനി തന്നെ വിളിച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ അറിയിച്ചിരുന്നെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ബെഹ്‌റയുടെ പേഴ്‌സണൽ നമ്പർ വഴിയാണ് പൾസർ സുനി വിളിച്ചകാര്യം പറഞ്ഞതെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ ദിലീപ് അനുകൂലികൾ പ്രതീക്ഷയോടെ കാണുന്നത്.