ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം വരവിൽ ഏറ്റവും പ്രതിച്ഛായ ഇടിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. മോദിയുടെ വീഴ്‌ച്ചകൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ നാണം കെടുത്തുന്ന അവസ്ഥ വന്നു. പ്രധാനമന്ത്രിയും കേന്ദ്രസർക്കാറും പരാജയമാണെന്ന് ആർഎസ്എസ് നേതൃത്വം പരസ്യമാായി രംഗത്തെത്തി. ഇതോടെ അന്തർദേശീയ തലത്തിൽ തന്നെ മോദി ബ്രാൻഡിന്റെ വിലയിടിഞ്ഞു.

കഴിഞ്ഞ വർഷം തന്നെ രാജ്യം കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഓക്‌സിജൻ അടക്കമുള്ള അവശ്യ വസ്തുക്കൾ കരുതുന്നതിനും, പൗരന്മാരെ എത്രയും വേഗത്തിൽ വാക്‌സിനേഷന് വിധേയമാക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി എന്ന വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തുന്നത്.

ഈ ആരോപണങ്ങൾക്കൊപ്പം സർക്കാരിന് തലവേദനയായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര സൂചികയിൽ ആദ്യമായി വൻ ഇടിവു വന്നു എന്നതാണ് റിപ്പോർട്ടുകൾ.യുഎസ് ഡേറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിങ് കൺസൾട്ടിന്റെ റിപ്പോർട്ടിലാണ് മോദിയുടെ റേറ്റിംഗിൽ വൻ ഇടിവി വന്നിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ ജനസമ്മിതിയുണ്ടായിരുന്ന നേതാവായിരുന്നു മോദി. 2014 ൽ അധികാരത്തിലെത്തിയ മോദി 2019 ൽ വീണ്ടും കൂടുതൽ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തുടർന്നത്. ആഗോള തലത്തിൽ ഒരു ഡസനോളം നേതാക്കളുടെ സമ്മതി പിന്തുടരുന്ന യുഎസ് ഡേറ്റാ ഇന്റലിജൻസ് കമ്പനിയാണ് മോർണിങ് കൺസൾട്ടൻസി.

ഇവരുടെ റിപ്പോർട്ടിൽ ഈ ആഴ്ച മോദിയുടെ റേറ്റിങ് 63 ശതമാനമാണ്. 2019 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ പ്രശസ്തി അറിയാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ മാസം മുതൽക്കാണ് ഇടിവ് സംഭവിക്കുവാൻ തുടങ്ങിയത്.രാജ്യതലസ്ഥാനം ഉൾപ്പടെ വലിയ നഗരങ്ങളിൽ പകർച്ചവ്യാധി വ്യാപിച്ചതും, ആശുപത്രികളിൽ കിടക്കകളും ഓക്‌സിജനും വേണ്ടി ജനം പരക്കം പാഞ്ഞതും സർക്കാരിന് തിരിച്ചടിയാവുകയായിരുന്നു.

ശ്മശാനങ്ങളിലടക്കം തിരക്ക് ഉണ്ടായതും, മൃതദേഹങ്ങൾ അനാഥമായി നദിയിൽ ഒഴുകിയതുമെല്ലാം ഭരണകൂട വിരുദ്ധ വികാരം സോഷ്യൽ മീഡിയയിലടക്കം ഉയരാൻ കാരണമായി.അതേസമയം കോവിഡ് കൊടുങ്കാറ്റിനെ നേരിടാൻ പരമാവധി ശ്രമിക്കുന്നതായി പറഞ്ഞ മോദി സർക്കാർ ഒരു നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായ പ്രതിസന്ധിയാണിതെന്നും സൂചിപ്പിച്ചിരുന്നു. മറ്റൊരു ഏജൻസിയായ യൂഗോവ് നടത്തിയ സർവേയിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്മേൽ പൊതുജനത്തിനുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാണ്. ഏപ്രിൽ അവസാനം പ്രതികരിച്ചവരിൽ 59% പേർ മാത്രമാണ് സർക്കാർ പ്രതിസന്ധിയെ 'നന്നായി' അല്ലെങ്കിൽ 'ഒരു പരിധിവരെ' കൈകാര്യം ചെയ്യുന്നുവെന്ന് വിശ്വസിച്ചത്, ഒരു വർഷം മുമ്പ് കോവിഡ് ആദ്യ തരംഗത്തിൽ ഇത് 89 ശതമാനമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇങ്ങനോ മോദിയുടെ പ്രശസ്തിക്ക് മങ്ങലേറ്റതോടെ എങ്ങനെ അതിനെ മറികടക്കാം എന്ന ചിന്തയിലാണ് കേന്ദ്രസർക്കാർ. ഇതിനായി ഇന്ത്യൻ വീക്ഷണങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ ബി.ബി.സി മാതൃകയിൽ ടി.വി ചാനൽ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗ്തതുണ്ട്. കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് അന്താരാഷ്ട്ര ചാനൽ തുടങ്ങാൻ പദ്ധതി ഒരുങ്ങുന്നത്. അതേസമയം, ഇത് പെട്ടെന്നുള്ള തീരുമാനം അല്ലെന്നും ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണെന്നും പ്രസാർഭാരതി അധികൃതർ പറയുന്നു.

'ഡി.ഡി ഇന്റർനാഷണൽ' ചാനലിന്റെ വിശദമായ പദ്ധതിരേഖ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുള്ള താൽപര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദർശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതിൽ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു പരിചയമുള്ള കൺസൾട്ടൻസികളെയാണ് പദ്ധതിരേഖ സമർപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിനെ ലോകത്തെ അറിയിക്കുകയാണ് ചാനൽ വഴി ലക്ഷ്യമിടുന്നത്. ലോക പ്രേക്ഷകരോട് ഇന്ത്യയെ കുറിച്ച് പറയുകയും വേണം. ഇന്ത്യയെ കുറിച്ചുള്ള ആഗോള വാർത്താ ഉറവിടമായി ഡി.ഡി ഇന്റർനാഷണലിനെ മാറ്റണമെന്നും കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. 24ഃ7 നീണ്ടുനിൽക്കുന്ന മുഴുനീള പ്രക്ഷേപണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്യൂറോകൾ ആരംഭിക്കാനും പദ്ധതിയിടുന്നു.

വിവിധ മേഖലകൾക്ക് അനുയോജ്യമായ പരിപാടികളാകും സംപ്രേഷണം ചെയ്യുക. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടും വാക്‌സിൻ നയവുമായി ബന്ധപ്പെട്ടും ആഗോള മാധ്യമങ്ങൾ ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെതായി അന്താരാഷ്ട്ര മാധ്യമം എന്ന സങ്കല്പത്തിന് ശക്തി കൂട്ടിയത്.