ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നഗര പ്രദേശങ്ങൾ എല്ലാം ബിജെപിക്കൊപ്പം നിന്നപ്പോൾ ഗ്രാമങ്ങളെല്ലാം തന്നെ കോൺഗ്രസാണ് മേൽക്കോയ്മ നേടിയത്. ജിഎസ്ടിയും നോട്ടു നിരോധനവും എല്ലം മറികടന്ന് നഗരങ്ങൾ മോദിക്കൊപ്പം നിന്നതപ്പോൾ ഗ്രാമങ്ങൾ ബിജെപിയെ അകറ്റി നിർത്തി. ഇതോടെ 2019ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കാർഷിക, ഗ്രാമീണ മേഖലകളുടെ വികസനത്തിന് പദ്ധതി ആവിഷഅക്കരിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ.

മന്മോഗൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ കാർഷിക വികസന പദ്ധതികൾ അല്ലാതെ ഗ്രാമ പ്രദേശങ്ങളുടെ വികസനത്തിനായി മോദി സർക്കാർ കാര്യമായൊന്നും ചെയ്തിട്ടില്ല. ഇതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളെ ഒപ്പം നിർത്താൻ കാർഷിക ഗ്രാമീണ വികസന നയങ്ങൾക്ക് ഇനി മോദി സർക്കാർ ഊന്നൽ നൽകും. ഇതിന്റെ പ്രതിഫലനം അടുത്ത കേന്ദ്രബജറ്റിൽ ഉണ്ടാകും.

ഗ്രാമീണമേഖലയ്ക്കു കൂടുതൽ വിഹിതം മാറ്റിവയ്ക്കുന്നതിനെ ജനപ്രിയനയമായി കാണാനാവില്ല എന്നാണു കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തു ചില ചർച്ചകളിൽ പറഞ്ഞത്. ഗ്രാമീണമേഖല കൂടുതൽ വിഹിതം അർഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് അടുത്ത കേന്ദ്രബജറ്റിലെ ഊന്നൽ എന്ത് എന്നതിന്റെ സൂചനയായി കാണാം. 2018ൽ തിരഞ്ഞെടുപ്പു നടക്കാനുള്ള കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടെല്ലാം ഗ്രാമീണമേഖല ശക്തമാണ്. അവിടെ തിരിച്ചടി നേരിട്ടാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഭീഷണിയാകും.

ഗ്രാമീണമേഖല കൈവിടുന്നു എന്നതു ബിജെപിക്കു ശക്തമായ താക്കീതും മുന്നറിയിപ്പുമാണ്. ഗ്രാമീണമേഖലയിൽ കോൺഗ്രസ് മേൽക്കൈ നേടുന്നുവെന്നാണു ഗുജറാത്തിലെ സൂചന. 40% മാത്രം ഗ്രാമങ്ങളുള്ള ഗുജറാത്തിൽ ബിജെപിക്ക് 60 സീറ്റും കോൺഗ്രസിന് 69 സീറ്റുമാണു കിട്ടിയത്. നഗരങ്ങളിൽ ബിജെപിക്കു വലിയതിരിച്ചടി ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. അഹമ്മദാബാദിൽ ഇരുപതിൽ 15 സീറ്റും വഡോദരയിൽ പത്തിൽ ഒൻപതു സീറ്റും സൂറത്തിൽ പതിനാറിൽ 15 സീറ്റും ബിജെപി നേടി.

മന്മോഹൻ സർക്കാരിന്റെ അവസാനം കൃഷിമേഖല 3.5% വളർന്നുവെങ്കിൽ മോദി സർക്കാരിന്റെ ആദ്യ മൂന്നുവർഷം കൃഷിമേഖലയുടെ വളർച്ചാനിരക്ക് 1.7% ആണ്. കാർഷിക ഇൻഷൂറൻസ് കൊണ്ടുവന്നെങ്കിലും ചലനമുണ്ടാക്കിയില്ല. ഗ്രാമീണമേഖലയിലാകട്ടെ മന്മോഹൻ സർക്കാരിന്റെ പല നടപടികളും തുടരുക മാത്രമാണു മോദി സർക്കാർ ചെയ്തത്. യുപിഎ സർക്കാരിനെ 2009ൽ വീണ്ടും അധികാരത്തിലെത്താൻ സഹായിച്ച തൊഴിലുറപ്പു പദ്ധതി തുടർന്നു എന്നല്ലാതെ ഇതുപോലെ ശ്രദ്ധേയമായ പുതിയൊരു പദ്ധതി കൊണ്ടുവരാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല.