ന്യൂഡൽഹി: അതാണ് മോദി. ചുറ്റുമുള്ള കാര്യങ്ങളൊന്നും തന്നെ അത്ര പെട്ടെന്നൊന്നും ബാധിക്കില്ല. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടത്തുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ചുറ്റിലുമുള്ള ആരവങ്ങളിലൊന്നും അത്ര ശ്രദ്ധാലുവായിരുന്നില്ല മോദിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. പതിവു പോലെ തന്റെ ദിനചര്യകളിൽ വ്യാപൃതനായിരുന്നു പ്രധാനമന്ത്രി. തെരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്ക് പ്രതികൂലമാകുമ്പോഴും അതൊന്നും ചെവിക്കൊള്ളാതെ അടുത്ത ദിവസങ്ങളിലേക്കുള്ള ഔദ്യോഗിക തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ തിരക്കിലായിരുന്നു നരേന്ദ്ര മോദി.

മോദിയുടെ പ്രശസ്തിയുടെ ലിറ്റ്മസ് ടെസ്റ്റായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പെങ്കിലും അതിലൊന്നും കൂസാകാതെ, കുലുങ്ങാതെ അക്ഷോഭ്യനായിരുന്നു മോദി. രാഷ്ട്രം മൊത്തം മുൾമുനയിൽ നിന്നു കേട്ട തെരഞ്ഞെടുപ്പു ഫലങ്ങൾ പക്ഷേ, മോദിയെ തെല്ലും കുലുക്കിയില്ല. രാഷ്ട്രീയ വൃത്തങ്ങളിൽ ആശങ്കകളും സംഘർഷവും നിലനിന്നപ്പോഴും അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നടത്തേണ്ട പ്രസംഗത്തിന്റെ തയ്യാറെടുപ്പും മറ്റൊരു ഹെൽത്ത് കോൺഫറൻസിലേക്കുള്ള തയ്യാറെടുപ്പും നടത്തുകയായിരുന്നു അദ്ദേഹം.

മറ്റെല്ലാ ദിവസത്തേയും പോലെ തിരക്കുള്ള ദിവസമായിരുന്നു തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ചൊവ്വാഴ്ചയെന്നാണ് പ്രധാനമന്ത്രിയോട് അടുപ്പമുള്ള വ്യക്തികൾ സൂചിപ്പിച്ചത്. രാവിലെ 10.30ന് പാർലമെന്റിലെത്തിയ പ്രധാനമന്ത്രി തന്നെ കാത്തു നിന്ന മാധ്യമപ്രവർത്തകരോട് വളരെ ശാന്തനായാണ് മറുപടി പറഞ്ഞത്. പിന്നീട് ലോക്‌സഭാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉത്തർപ്രദേശിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. ശേഷം സുപ്രധാന ഔദ്യോഗിക മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്തു. ഡിസംബർ 16നാണ് വികസന പദ്ധതികളായ റേ ബറേലി, പ്രയാഗ് രാജ് പദ്ധതികൾ നടപ്പിലാക്കുന്നത്.

വൈകുന്നേരത്തോടെ മൂന്ന് ഹിന്ദി ഹൃദയഭൂമികളിലും ബിജെപി സമ്പൂർണപരാജയം ഏറ്റുവാങ്ങിയെന്ന വാർത്ത വന്നപ്പോഴും മോദി ഭാവവ്യത്യാസം കാട്ടിയില്ല. ബുധനാഴ്ച രാവിലെ നടത്തേണ്ട പ്രസംഗത്തിന്റെ അവസാന മിനുക്കുപണികളിൽ വ്യാപൃതനായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു ഫലത്തിന്റെ അലയൊലികൾ നിലയ്ക്കാത്ത ബുധനാഴ്ച രാവിലെ വിജ്ഞാൻ ഭവനിൽ രാവിലെ ഒമ്പതിന് എത്തിയ മോദി ഹെൽത്ത് ഫോറത്തിൽ പങ്കെടുത്തു. പിന്നെ നേരേ പാർലമെന്റിലേക്ക്..അവിടേയും ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കു ശേഷം മഹാരാഷ്ട്രയിലെ പൂണെയിലും കല്യാണിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾ മോദി വിലയിരുത്തി. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇവിടങ്ങൾ മോദി പതിനെട്ടിന് സന്ദർശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിലയിരുത്തലുകൾ നടത്തിയത്.