ബെയ്ജിങ്: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചൈനയിൽ എത്തും. ഡോക് ലാം പ്രതിസന്ധി മാറിയ ശേഷം ആദ്യമായാണ് ഇന്ത്യ- ചൈന കൂടിക്കാഴ്ച നടക്കുന്നത്. എന്നാൽ ചൈനീസ് പ്രസിഡന്റ് സീ ജിപിംഗുമായി ചർച്ച നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മൂന്നു ദിവസമാണ് ബ്രിക്‌സ് ഉച്ചകോടി ചൈനയിലെ തെക്കുകിഴക്കൻ പ്രദേശമായ ഷിയാമെനിൽ നടക്കുക. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങൾ. എന്നാൽ ഉച്ചകോടിയിൽ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഭീകരതയെക്കുറിച്ച് പരമാർശം പാടില്ലെന്ന് ചൈന നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം ഗോവയിൽനടന്ന ഉച്ചകോടിയിൽ മോദി, പാക്കിസ്ഥാനെ 'ഭീകരതയുടെ മാതൃപേടകം' എന്ന് വിശേഷിപ്പിച്ചിരുന്നത് ്അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായിരുന്നു.

''പാക്കിസ്ഥാന്റെ ഭീകരവിരുദ്ധതയെക്കുറിച്ച് പറയുമ്പോൾ ഇന്ത്യക്ക് ചില ആശങ്കകളുണ്ടെന്ന് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ ചർച്ച ചെയ്യാനുള്ള കാര്യമാണിതെന്ന് കരുതുന്നില്ല'' -ചൈനയുടെ വിദേശകാര്യവക്താവ് ഹ്വാ ചുൻയിങ് പറഞ്ഞു. ഈ വിഷയം ഉയർത്തിയാൽ അത് ഉച്ചകോടിയുടെ വിജയത്തെ ബാധിക്കുമെന്നും ചൈനീസ് നേതാക്കൾ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ പ്രധാനമന്ത്രി എന്ത് വിഷയമുന്നയിക്കുമെന്ന് പറയാനാവില്ലന്ന നിലപാടിലാണ് ഇന്ത്യ. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി ചർച്ചനടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലന്നും വിദേശകകാര്യവൃത്തങ്ങൾ അറിയിക്കുന്നു. ഇക്കാര്യം ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

ഡോക് ലാം പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിയെ ഫലപ്രദമായി ഉപയോഗിച്ചതായി വിദഗ്ദർ വിലയിരുത്തുന്നു. ഇന്ത്യ- ചൈന- നേപ്പാൾ അതിർത്തിയായ ഡോക് ലയിൽ ചൈനീസ് സൈന്യത്തിന്റെ റോഡ് നിർമ്മാണത്തെ തുടർന്ന് ജൂൺ 16 നാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്.  തർക്കപ്രദേശത്തുനിന്ന് ഇരു സൈന്യങ്ങളും പിൻവലിയാമെന്ന തീരുമാനത്തോടെയാണ് പ്രശ്‌നത്തിന് പരിഹാരമാകുന്നത്.

ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച്  ബ്രിക്‌സ് പ്‌ളസ് എന്ന പുതിയ അസോസിയേഷൻ ഉണ്ടാക്കാനും പദ്ധതിയുണ്ട്. ഇതിനായി ഈജിപ്ത്, മെക്‌സിക്കോ, ഗിനിയ, തജിക്കിസ്ഥാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്കാണ് ഇതിനായി ക്ഷണമുള്ളത്