ലണ്ടൻ: കോമൺവെൽത്ത് ഉച്ചകോടിക്ക് എത്തിയ മോദിയെ കാത്തു ഇന്ന് രാവിലെ പാർലമെന്റ് സ്‌ക്വയറിൽ ആയിരങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കൂട്ട ബലാത്സംഗത്തിന്റെ പേരിൽ മോദി സർക്കാർ നിഷ്‌ക്രിയം ആണെന്ന ആരോപണം കൂടി ഉയർത്തിയാണ് ഇത്തവണ പ്രതിഷേധം എന്നതാണ് പ്രത്യേകത. കഴിഞ്ഞ തവണ മോദി ലണ്ടനിൽ എത്തിയപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അന്ന് രാഷ്ട്രീയ കാരണമായിരുന്നു പിന്നിൽ ഉണ്ടായിരുന്നത്. ഇത്തവണ വൈകാരികമായി മോദിക്കെതിരെ ശബ്ദം ഉയർത്താൻ ഉള്ള പുറപ്പാടിലാണ് പ്രതിഷേധക്കാർ. എന്നാൽ ഇതെത്ര കണ്ടു മെട്രോപൊളിറ്റൻ പൊലീസ് അനുവദിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ തവണ മോദി എത്തിയപ്പോൾ പ്രതിഷേധക്കാർക്കു പൊലീസ് നിശ്ചയിച്ച പോയിന്റിൽ നിന്നും മുന്നോട്ടു പോകുവാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ പ്രതിഷേധക്കാർക്കു ചൂടും ചൂരും നൽകാൻ ദി ഗാർഡിയൻ പോലെ ഇടതു ചായ്‌വുള്ള പത്രങ്ങളും മറ്റും എരിപൊരി കൊള്ളിക്കുന്ന റിപ്പോർട്ടുകളുമായി കൂടെയുണ്ട്. അടുത്ത നാളിൽ ജമ്മുവിൽ നടന്ന ബാലികയുടെ കൂട്ട ബലാത്സംഗ മരണമാണ് പത്രങ്ങൾ മോദിയുടെ പിടിപ്പുകേടായി എടുത്തു കാട്ടുന്നത്. ലോകമൊട്ടാകെ ചർച്ച ചെയ്യുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളിൽ മോദി സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ല എന്ന ആരോപണമാണ് പത്രങ്ങൾ ഉയർത്തുന്നത്. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയുള്ള തുടർ റിപ്പോർട്ടുകൾ മാധ്യമ ലോകം ഒന്നാകെ ഇതിനെതിരെ ശബ്ദിക്കണം എന്ന ആഹ്വനവും നൽകുന്നു.

ഇന്ന് കശ്മീരി വംശജരും സിക്കുകാരും പ്രതിഷേധത്തിനു നേതൃത്വം നൽകുമ്പോൾ കൂടുതൽ വീര്യം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പെൺകുട്ടിയുടെ മരണ കാശ്മിരികളെയും പഞ്ചാബിൽ അറസ്റ്റ് ചെയ്യപ്പെട്ട യുകെ പൗരത്വമുള്ള സിഖുകാരന്റെ മോചനം വൈകുന്നത് സിക്കുകാരെയും പ്രകോപിപ്പിക്കുന്നതിനാൽ ഏറെ സുരക്ഷാ ഒരുക്കിയാണ് പൊലീസ് പാർലമെന്റ് സ്‌ക്വായർ പ്രസംഗം നടത്താൻ മോദിക്ക് സൗകര്യം നൽകുന്നത്.

പാക്കിസ്ഥാൻ പിന്തുണയുള്ള സംഘടനകളും യുകെയിലെ മുസ്ലിം വംശജരായ എംപിമാരും ഒക്കെ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തും എന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഹോം ഓഫീസ് കണക്കുകൾ പ്രകാരം അനധികൃതമായി യുകെയിൽ തങ്ങുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരുടെ കാര്യമാകും ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാർ തമ്മിൽ ഉള്ള ചർച്ചയിൽ പ്രധാന വിഷയമാകുക. ഈ കണക്കിൽ ആദ്യ കാലങ്ങളിൽ യാതൊരു രേഖയും ഇല്ലാതെ എത്തിയവരുടെ കാര്യമാകും പ്രയാസത്തിലാകുക. അവകാശപ്പെടാൻ ഒരു രാജ്യത്തിന്റെയും പൗരത്വം ഇല്ലായെന്ന ദുർഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. ഇതിനു ബദലായി വിജയ് മല്യയെ വിട്ടുകിട്ടാൻ മോദി ആവശ്യപ്പെടുമോ എന്ന് ഉറ്റുനോക്കുന്നവരും കുറവല്ല.

കാശ്മീരിൽ മുസ്ലിംകളെ വംശീയ കൂട്ടക്കൊല നടത്തുകയാണ് മോദിയുടെ സർക്കാർ ചെയ്യുന്നതെന്ന് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ ആസാദ് കാശ്മീർ പ്രധാനമന്ത്രി രാജ ഫാറൂഖ് ഹൈദർ കുറ്റപ്പടുത്തി. ഇന്ത്യൻ ഭാഗത്തു ഉൾപ്പെട്ട കാശ്മീരികൾ നേരിടുന്ന ദുരിതത്തിൽ അവരോടു ഐക്യ ദാർഢ്യം പ്രഖ്യാപിക്കാൻ ആണ് താൻ ലണ്ടനിൽ എത്തിയതെന്നും അദ്ദേഹം വിശദമാക്കി. ഇതോടെ മോദിക്കെതിരിയയുള്ള പ്രക്ഷോഭത്തിന് ലണ്ടനിൽ കൂടുതൽ ശക്തി കാട്ടാൻ 2015 ലെ സന്ദർശനത്തെ അപേക്ഷിച്ചു കഴിയുമെന്നണ് കണക്കുകൂട്ടൽ.

അതിനിടെ പാർലമെന്റ് സ്‌ക്വായർ പ്രസംഗ ശേഷം മോദി വെസ്റ്റ് മിനിസ്റ്റർ സെന്റർ ഹാളിൽ ഹിന്ദു സംഘടനകളുടെയും ബിജെപി അനുഭാവ പ്രവർത്തകരുടെയും കൺവൻഷനിൽ സംസാരിക്കും. പാർലമെന്റ് സ്‌ക്വായറിൽ ഒരു ഭാഗത്തു മോദിക്കെതിരെ പ്രക്ഷോഭ ശബ്ദം ഉയരുമ്പോൾ അതിനെ മറികടക്കാൻ ബിജെപി എൻ ആർ ഐ സെല്ലിന്റെ ആഭിമുഖ്യത്തിൽ മോദിക്കായി ശക്തി പ്രകടനവും അരങ്ങേറും. എന്നാൽ രണ്ടു കൂട്ടരെയും പൊലീസ് തടയാനുള്ള സാധ്യതയും ഏറെയാണ്. ഭാരതത്തിന്റെ ശബ്ദമാകാൻ എല്ലാവരോടുമൊപ്പം എന്ന സന്ദേശം ഉയർത്തുന്ന പ്രഭാഷണം അടുത്ത വർഷം മോദി നേരിടുന്ന രാഷ്ട്രീയ പരീക്ഷണത്തെ എങ്ങനെ അതിജീവിക്കാൻ കഴിയും എന്നതിലേക്കുള്ള ചൂണ്ടു പലകയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

സജീവ രാഷ്ട്രീയ അനുഭാവമുള്ള യുകെ മലയാളികളിൽ ചിലർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. വിവിധ ഹിന്ദു സംഘടനകളെയും രാഷ്ട്രീയമായി ബിജെപിക്കു നേട്ടം ലഭിക്കാൻ സഹായിക്കാൻ കഴിയുന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. നാല് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.