പാലക്കാട്: ഇരു മുന്നണികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. പാലക്കാട് നടന്ന മോദിയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലിയിൽ യുഡിഎഫിനും എൽഡിഎഫിനെയും അദ്ദേഹം കടന്നാക്രമിച്ചു. ഇരു മുന്നണികളുടെയും മാറിമാറിയുള്ള ഭരണം സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിൽ നിന്നും രക്ഷവേണമെങ്കിൽ ബിജെപി നേതൃത്വം നൽകുന്ന ബിജെപി മുന്നണിയെ സഹായിക്കണമെന്നും മോദി അഭ്യർത്ഥിച്ചു. പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുമ്പാവൂരിൽ ദളിത് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സർക്കാറിനെ മോദി വിമർശിച്ചു. ദളിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടിച്ചും സർക്കാർ കണ്ണുതുറന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ ഇരുമുന്നണികളും കൊള്ളയിച്ചു. ഇവർ പരസ്പ്പരം സഹായിക്കുകയാണ് ചെയ്യുന്നത്. നിയമസഭയിൽ ഇത്തവണ മൂന്നാം ശക്തിയുടെ ലക്ഷണം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവാണ് ഇവിടെ കൂടിയിരിക്കുന്ന വൻ ജനാവലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അനേകം പ്രവർത്തകർ എത്തിയത് കാരണം പലരും പന്തലിന് പുറത്ത് കനത്തചൂട് സഹിച്ച് നിൽക്കു്‌നനതായി കണ്ടു. അവരോട് മാപ്പ് പറഞ്ഞകൊണ്ടാണ് മോദി സംസാരിച്ച് തുടങ്ങിയത്. കേരളം തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് പലിശയടക്കം വികസനത്തിന്റെ രൂപത്തിൽ തിരിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ ശക്തി വർദ്ധിച്ചു വരുന്നു. നിയമസഭയിൽ ബിജെപി എന്ന മൂന്നാം ശക്തിയുടെ സാന്നിധ്യമുണ്ടാകുമെന്നതിന്റെ തെളിവാണ് പാലക്കാട്ടെ ഈ ജന ക്കൂട്ടം. പാലക്കാട് കേരളത്തിലേക്ക്ുള്ള പടിവാതിലാണ്. കേരളം ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ്. വിദ്യാഭ്യാസവും അറിവും ഉള്ളവരുടെ നാടാണ്. കേരളത്തെ കൊള്ളയടിക്കുകയാണ് ഇരു മുന്നണികളും ചെയ്തിട്ടുള്ളത്. അഞ്ച് വർഷം എൽഡിഎഫ് അഞ്ച് വർഷം യുഡിഎഫ്. അഞ്ച് വർഷം ഞങ്ങൾ കൊള്ളയടിച്ചു ഇനി 5 വർഷം നിങ്ങൾ കൊള്ളയടിച്ചോളൂ എന്ന രീതിയിൽ പരസ്പരം സഹകരിച്ച് കൊണ്ടുള്ള ഭരണമാണ് കഴിഞ്ഞ 60 വർഷം കേരളത്തിൽ നടന്നത്.കേരളത്തിലെ ജനതയെ അമർച്ചചെയ്യുന്ന സമീപനമാണ് ഇരു മുന്നണികളും നടത്തിവന്നത്.

വിദ്യാഭ്യാസമുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് കേരളീയർ പക്ഷേ ഒരു പ്രധാനാധ്യാപിക സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ അവരുടെ ശവമഞ്ചം തീർത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക് മാപ്പു കൊടുക്കുമൊ നിങ്ങൾ? ആശയപരമായി നേരിടാൻ കഴിയാത്തതിനാൽ കേരളത്തിലെ ബിജെപി പ്രവർത്തകരെ കായികമായി നേരിട്ട് നശിപ്പിക്കുകയാണ് സിപിഐ(എം).

ഡൽഹിയിൽ ഇപ്പോൾ നിലവിലുള്ള തന്റെ സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ളതും നേരും നന്മയും ഉള്ളതാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊണ്ടിട്ടുള്ള സർക്കാറാണ് തന്റെ സർക്കാർ. വിദശ രാജ്യങ്ങശളിൽ ആഭ്യന്തര യുദ്ധങ്ങൾ ഉണ്ടായ സാഹചര്യങ്ങളിൽ ആ രാജ്യങ്ങളിലുള്ള മലയാളികളെ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചെത്തിക്കുന്നതിന് തന്റെ സർക്കാറും വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജും നടപടികളെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ താൻ സന്ദർശനം നടത്തിയപ്പോൾ ഇന്ത്യക്കാരിൽ കൂടുതലും മലയാളികളെയാണ് കണ്ടത്. സൗദിയിലെ ലേബർ ക്യാമ്പിലുൾപ്പെടെ മലയാളികളെ നേരിൽ കാണാനും സംസാരിക്കാനുമായി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നേരിൽ കണ്ടതിന്റെ സന്തോഷം അവരിൽ കാണാനായതായും മോദി പറഞ്ഞു.

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പ്രധാനമന്ത്രി വിമർശിച്ചു. ഒരു ദലിത് പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും കേരളത്തിലെ സർക്കാരിന്റെ കണ്ണു തുറന്നിട്ടില്ലെന്ന് മോദി ആരോപിച്ചു. ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ യെമനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ ഇടപെട്ട് രാജ്യത്ത് തിരികെയെത്തിച്ചു. പരവൂർ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ ഡൽഹിയിൽ നിന്ന് വിദഗ്ധരുടെ സേവനം ലഭ്യമാക്കി. അവസരം ലഭിച്ചപ്പോൾ കേരളത്തിന്റെ രണ്ടു പ്രതിനിധികളെ പാർലമെന്റിൽ എത്തിച്ചു. ചലച്ചിത്ര താരം സുരേഷ് ഗോപി, റിച്ചാർഡ് ഗേ എന്നിവർക്ക് നൽകിയ രാജ്യസഭാംഗത്വം കേരളത്തോട് കേന്ദ്ര സർക്കാരിനുള്ള പരിഗണനയുടെ തെളിവാണെന്നും മോദി അവകാശപ്പെട്ടു.

കേരളത്തിൽ വന്ന് സോളറിനെക്കുറിച്ച് സംസാരിക്കാൻ പേടിയാണെന്നും മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ സോളർ ഊർജം ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുമ്പോൾ ഇവിടെ സോളർ ഉപയോഗിച്ച് മന്ത്രിമാർ കീശ വീർപ്പിക്കുകയാണ്. സോളാർ എന്ന് പറയാൻ പോലും പലർക്കും ഭയമാണെന്നും മോദി പരിഹസിച്ചു. കേരളത്തിലെ അമ്മ പെങ്ങന്മാരുടെ സുരക്ഷക്കും യുവാക്കളുടെ ഉന്നമനത്തിനും എൻ.ഡി.എയെ അധികാരത്തിൽ കൊണ്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തി അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി പാലക്കാട്ട് എത്തിയത്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, നഗരസഭാ വൈസ് ചെയർമാനും മലമ്പുഴ മണ്ഡലം സ്ഥാനാർത്ഥിയുമായ സി. കൃഷ്ണകുമാർ എന്നിവർ ചേർന്ന് മോദിയെ സ്വീകരിച്ചു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുടങ്ങിയവർ പങ്കെടുത്തു.

വരും ദിവസങ്ങളിലും മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിൽ എത്തുന്നുണ്ട്. എട്ടാം തീയ്യതി മോദി കാസർകോട്, കുട്ടനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെത്തുന്ന മോദി 11 ന് വീണ്ടും തൃപ്പൂണിത്തുറയിലും പ്രസംഗിക്കും. ബിജെപി ശക്തമായ മത്സരം നടത്തുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ മോദിയുടെ പ്രചരണത്തിലൂടെ സാധിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.