ന്യൂഡൽഹി: ത്രിപുരയിലെ വിജയത്തോടെ ബിജെപിയിൽ മോദി കരുത്തനായി. അമിത് ഷായുടെ തന്ത്രങ്ങളും കൈയടി നേടി. എന്നാൽ ഇതെല്ലാം ഇല്ലാതാക്കുന്നതായിരുന്നു ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം. ത്രിപുരയിലെ ചരിത്ര വിജയത്തിന്റെ ആഘോഷമടങ്ങുന്നതിനു മുൻപു യുപിയിലെ തോൽവി ബിജെപിയെ ഞെട്ടിച്ചു. എന്നാൽ ബിജെപിയിലെ ഗ്രൂപ്പ് പോരാണ് തോൽവിക്ക് കാരണമെന്ന സൂചനയും നൽകുന്നു. ഇത് പാർട്ടിയിലെ വിഭാഗീയത പുതിയ തലത്തിലെത്തിക്കും.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് മോദിയുടെ താൽപ്പര്യങ്ങളെ ആർ എസ് എസിലൂടെ മറികടന്നായിരുന്നു. മോദിക്ക് ശേഷം സംഘപരിവാർ കണ്ട പ്രധാനമന്ത്രിയായിരുന്നു യോഗി. ഇത് തിരിച്ചറിഞ്ഞുള്ള കളികൾ മോദി ക്യാമ്പ് നടത്തി. രണ്ട് ഉപതെരഞ്ഞെടുപ്പിലും യോഗി മുന്നോട്ട് വച്ച സ്ഥാനാർത്ഥികളെ വെട്ടി. പകരം സ്വന്തക്കാരെ നിർത്തി. ഇതോടെ യോഗിയും ഇടഞ്ഞു. അങ്ങനെ തമ്മിൽ തല്ല് മൂത്തു. എന്തുവന്നാലും ഗോരഖ്പുർ, ഫുൽപുർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും വിനയായി. അങ്ങനെ യുപിയിൽ ബിജെപി തകർന്നടിഞ്ഞു. ഇതിനൊപ്പം ബിഹാറിൽ ബിജെപി-ജെഡിയു സഖ്യത്തിനുണ്ടായ തിരിച്ചടിയും മോദിക്ക് ക്ഷീണമായി.

യുപിയിലെ ത്രികോണ മൽസരങ്ങളിൽ എസ്‌പിയെയും ബിഎസ്‌പിയെയും കടത്തി വെട്ടാൻ ശേഷിയാർജിച്ചെങ്കിലും നേരിട്ടുള്ള മൽസരത്തിൽ എസ്‌പിബിഎസ്‌പി സഖ്യത്തെ തോൽപിക്കാൻ ബിജെപിക്കു കഴിയില്ലെന്നു വ്യക്തമാക്കുന്നതാണു ജനവിധി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തനിച്ചു കേവലഭൂരിപക്ഷം നേടാനായതു യുപിയിലെ ചരിത്ര നേട്ടത്തിന്റെ ബലത്തിലാണ്. അതുകൊണ്ട് തന്നെ അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണ അനുകൂല തരംഗമുണ്ടാക്കുക നരേന്ദ്ര മോദി സർക്കാരിന് എളുപ്പമാകില്ല. ഇതിന് കാരണം യോഗിയാണെന്ന് വരുത്താനും നീക്കമുണ്ട്.

ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനായി സംഘപരിവാർ പിന്തുണയാർജിക്കാൻ ആദിത്യനാഥ് നടത്തുന്ന ശ്രമങ്ങളെ ബിജെപി കേന്ദ്ര നേതൃത്വം ആശങ്കയോടെയാണു കാണുന്നത്. അഞ്ചു തവണ തുടർച്ചയായി ലോക്‌സഭയിലേക്കു തന്നെ തിരഞ്ഞെടുത്ത മണ്ഡലത്തിലേക്കു യോഗി ആദിത്യനാഥ് നിർദേശിച്ച രണ്ടു സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. കേന്ദ്ര നേതൃത്വം നിയോഗിച്ച സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ യോഗി ആദിത്യനാഥ് ആത്മാർഥത കാട്ടിയില്ലെന്ന ആക്ഷേപമാണ് മോദി ക്യാമ്പ് ശക്തമാക്കുന്നത്. അതിനിടെ ബിജെപിക്കു കടുത്ത വെല്ലുവിളി ഉയർത്തുന്ന എസ്‌പി- ബിഎസ്‌പി സഖ്യം നീണ്ടു നിൽക്കാതിരിക്കാൻ കേന്ദ്ര സർക്കാർ സിബിഐയെ രംഗത്തിറക്കിയേക്കും. ബിഎസ്‌പി നേതാവ് മായാവതിക്കും സഹോദരനുമെതിരെ കേസുകൾ ഗുരുതരവുമാണ്. സിബിഐ അന്വേഷണം നേരിടുന്ന എസ്‌പി നേതാക്കളെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. സമ്മർദ്ദത്തിലൂടെ ബിഎസ്‌പിയെ ബിജെപിയുടെ സഖ്യകക്ഷിയാക്കുന്നതും പരിഗണനയിലാണ്.

പാർട്ടി അണികൾക്കുണ്ടായ അസന്തുഷ്ടിയും സഖ്യകക്ഷികളുടെ അതൃപ്തിയുമാണു വാജ്‌പേയിക്കു 2004 ൽ തുടർഭരണം നഷ്ടമാക്കിയത്. മോദിയുടെ കാര്യത്തിലും ഇത് സംഭവിച്ചേക്കാം. പെട്രോൾ വില വർദ്ധനവുൾപ്പെടെയുള്ളവയിൽ അണികൾ അസംതൃപ്തരാണ്. എന്നാൽ മോദി സർക്കാർ ഇതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതും തോൽവിയുടെ കാരണങ്ങളിൽ പ്രധാനമാണ്. ഉത്തർപ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി. തോറ്റത് ഈ അസംതൃപ്തിയുടെ തെളിവണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ രാജിവെച്ചതിനെ തുടർന്നാണ് ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആദിത്യനാഥ് 19 വർഷം പ്രതിനിധാനംചെയ്ത മണ്ഡലമാണ് ഗോരഖ്പുർ എന്നത് തോൽവിയുടെ ആഘാതം കൂട്ടി. ബിഹാറിലെ നിയമസഭാ മണ്ഡലങ്ങളായ ജഹാനാബാദിൽ ആർ.ജെ.ഡി.യും ഭഭുവയിൽ ബിജെപി.യും ജയിച്ചു. ഗോരഖ്പുരിൽ സമാജ്!വാദി പാർട്ടിയുടെ പ്രവീൺകുമാർ ബിജെപി.യിലെ ഉപേന്ദ്ര ദത്ത് ശുക്ലയെ 21,881 വോട്ടിനാണ് തോൽപ്പിച്ചത്. ഫുൽപുരിൽ എസ്‌പി.യുടെ നാഗേന്ദ്രപ്രതാപ സിങ് പട്ടേൽ 59,613 വോട്ടുകൾക്കാണ് ബിജെപി. സ്ഥാനാർത്ഥി കൗശലേന്ദ്രസിങ് പട്ടേലിനെ പരാജയപ്പെടുത്തിയത്. ഇരുമണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശുപോയി.

ബിജെപി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നണിയും ആർ.ജെ.ഡി.-കോൺഗ്രസ് സഖ്യവും തമ്മിലുള്ള പോരാട്ടമായിരുന്നു ബിഹാറിൽ. അരാരിയയിൽ ആർ.ജെ.ഡി. സ്ഥാനാർത്ഥി സർഫറാസ് ആലം 61,988 വോട്ടുകൾക്കാണ് ബിജെപി.യുടെ പ്രദീപ് കുമാർ സിങ്ങിനെ തോല്പിച്ചത്. ജഹാനാബാദിലും ഭഭുവയിലും ആർ.ജെ.ഡി.യും ബിജെപി.യും സിറ്റിങ് സീറ്റുകൾ നിലനിർത്തി. ആർ.ജെ.ഡി.യുടെ സുദയ് യാദവാണ് ജെഹാനാബാദിൽ ജെ.ഡി.യു.വിന്റെ അഭിരാം ശർമയെ 35,036 വോട്ടുകൾക്കു തോല്പിച്ചത്. 15,000 വോട്ടുകൾക്കാണ് ഭഭുവയിൽ ബിജെപി.യുടെ റിങ്കി റാണി പാണ്ഡെ കോൺഗ്രസ് സ്ഥാനാർത്ഥി ശംഭു സിങ് പട്ടേലിനെ തോൽപ്പിച്ചത്. എംഎ‍ൽഎ.മാരുടെ മരണത്തെത്തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

പൊതുതെരഞ്ഞെടുപ്പിന്റെ 'റിഹേഴ്സൽ' എന്നാണ് ഉപതിരഞ്ഞെടുപ്പിനെ യോഗി വിശേഷിപ്പിച്ചിരുന്നത്. 28 വർഷമായി കാവിമണ്ഡലമായിരുന്ന ഗോരഖ്പുരിലേറ്റ തോൽവി 2019-ൽ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപി.ക്ക് കനത്ത തിരിച്ചടിയാണ്. ആദ്യം ഹിന്ദു മഹാസഭയും പിന്നീട് ഏഴുതവണ (തുടർച്ചയായി 26 വർഷം) ബിജെപി.യും സമഗ്രാധിപത്യം പുലർത്തിയ മണ്ഡലമാണ് എസ്‌പി.-ബി.എസ്‌പി. കൂട്ടുകെട്ടിൽ അട്ടിമറിഞ്ഞത്.