ഹോളിവുഡ് സൂപ്പർതാരം വന്നിറങ്ങിയതുപോലെയായിരുന്നു ന്യുയോർക്ക് വിമാനത്താവളം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ആരാധകർ നൽകിയത് ആവേശത്തുടക്കം. ലോകത്തേറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉചിതമായ വരവേൽപ്പാണ് അമേരിക്കയിൽ ലഭിച്ചത്. ന്യുയോർക്കിൽ മോദി താമസിക്കുന്ന ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയ ഇന്ത്യൻ വംശജർ, മോദി അനുകൂല മുദ്രാവാക്യങ്ങളുമായി അരങ്ങുതകർത്തു.

മുമ്പൊന്നും ഒരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. ഹര ഹര മോദി വിളികളായിരുന്നു ഒരകൂട്ടർ മുഴക്കിയതെങ്കിൽ, വന്ദേമാതരം, ഭാരത മാതാ കി ജയ് വിളികളും അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു.

ന്യുയോർക്ക് നഗരത്തിലെ തിരക്കേറിയ കേന്ദ്രമായ മാഡിസൺ അവന്യൂ ഏരിയയിൽ ഗതാഗതക്കുരുക്കിനും മോദി അനുകൂലികളുടെ പ്രകടനം വഴിയൊരുക്കി. ഹോട്ടലിന് മുന്നിലെത്തി മോദി തന്റെ ആരാധകരെ അഭിവാദ്യം ചെയ്തതോടെ, ആവേശം പതിന്മടങ്ങായി. ആരാധകരെ നിയന്ത്രിക്കാൻ അധികൃതർ ഹോട്ടലിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

ഫ്രാങ്ക്ഫർട്ട് വഴിയാണ് മോദിയുടെ എയറിന്ത്യ വിമാനം ന്യുയോർക്കിലെ ജോൺഎഫ് കെന്നഡി വിമാനത്താവളത്തിലെത്തിയത്. ഫ്രാങ്ക്ഫർട്ടിലെ വിശ്രമത്തിനുശേഷമായിരുന്നു തുടർന്നുള്ള യാത്ര. ന്യുയോർക്ക് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി എസ്.ജയശങ്കറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അഞ്ചുദിവസത്തെ തിരക്കേറിയ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ന്യുയോർക്ക് മേയർ ബിൽ ഡെ ബ്ലാസിയോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരക്കേറിയ പരിപാടികളാണ് മോദിയുടെ സന്ദർശനത്തിലുള്ളത്. ഇത്രയും ദിവസങ്ങളിലായി ന്യുയോർക്കിലും വാഷിങ്ടണിലുമായി അമ്പതിലേറെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇന്ന് സെപ്റ്റംബർ 11 സ്മാരകം സന്ദർശിച്ചശേഷം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദിയുടെ ന്യുയോർക്ക് സന്ദർശനം ആരംഭിക്കുക. നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാരെയും ശ്രീലങ്കൻ പ്രസിഡന്റിനെയും അദ്ദേഹം ഇവിടെവച്ച് കാണും.

ചരിത്രത്തിലിന്നേവരെ ഒരു വിദേശ നേതാവിനും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള സ്വീകരണമാണ് അമേരിക്കയിൽ ഇന്ത്യൻ വംശജർ ഒരുക്കിയിരിക്കുന്നത്. നാളെ, മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോദിയുടെ പ്രഭാഷണം കേൾക്കാനെത്തുക 18,000-ത്തോളം പേരാണ്. ഇതിന് പുറമെ, ടൈംസ് സ്‌ക്വയറിൽ ബിഗ് സ്‌ക്രീനിൽ മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇവിടെയും ആയിരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.

വിസ നിഷേധിച്ച് പത്തുവർഷത്തോളം അകറ്റി നിർത്തിയിരുന്ന മോദിയെ അമേരിക്കയ്ക്ക് സ്വീകരിക്കേണ്ടിവന്നത് ഇന്ത്യയുടെ വിജയത്തെയും അന്താരാഷ്ട്ര സമൂഹത്തിലുള്ള പ്രസക്തിയെയുമാണ് ഉയർത്തിക്കാട്ടുന്നതെന്ന് അമേരിക്കയിലെ ഇന്ത്യൻ വംശജർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, സാധാരണ പ്രധാനമന്ത്രിമാരുടെ സന്ദർശനത്തേക്കാൾ പ്രാധാന്യം മോദിയുടെ സന്ദർശനത്തിന് ലഭിക്കുന്നുണ്ട്.

മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഒരുക്കുന്ന സ്വീകരണ യോഗം ഗംഭീരമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2014-ലെ മിസ് അമേരിക്കയും ഇന്ത്യൻ വംശജയുമായ നീന ദാവലൂരിയും ടിവി ജേർണലിസ്റ്റ് ഹരി ശ്രീനിവാസനും ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ അമേരിക്കൻ സന്ദർശനവുമായിപ്പോലും മോദിയുടെ സന്ദർശനം താരതമ്യം ചെയ്യപ്പെടുന്നു.

32 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒരുശതമാനത്തോളം വരും. മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനിമയവും സഹകരണവും മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഈ സമൂഹം. ഉദ്യോഗസ്ഥ ഭരണത്തിൻ കീഴിൽ നടപ്പിലാകാതെ കിടന്ന പദ്ധതികൾ പലതും പ്രാവർത്തികമാക്കാൻ മോദിക്കാവുമെന്നും അവർ കരുതുന്നു.

ഇന്ത്യയുടെ ആഗോള പങ്കാളിയെന്നാണ് അമേരിക്കയെ മോദി വിശേഷിപ്പിച്ചത്. തിങ്കളാഴ്ച അത്താഴവിരുന്നിലും തുടർന്നുള്ള ദിവസം നേരിട്ടും കൂടിക്കാണുമ്പോൾ, മോദിയും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഈ പങ്കാളിത്തം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇരുനേതാക്കളുടെയും കാഴ്ചപ്പാടുകളും ചർച്ചയിൽ നിർണായകമാകും. മോദിയുടെ വികസനോന്മുക കാഴ്ചപ്പാട് അമേരിക്ക സ്വാഗതം ചെയ്യുമെന്നും കരുതപ്പെടുന്നു.