ഹെറാത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാനിലെത്തി. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഘനിയുമായി ചേർന്നു പ്രസിദ്ധമായ സൗഹൃദ അണക്കെട്ടും മോദി ഉദ്ഘാടനം ചെയ്തു.

യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തെ പുനർനിർമ്മിക്കാനുള്ള ഇന്ത്യൻ പരിശ്രമത്തിന്റെ തെളിവാണ് 1700 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ പങ്കാളിയാകൽ. മോദിയുടെ പഞ്ച-രാജ്യസന്ദർശനത്തിന്റെ ഭാഗമായാണ് ഡാം ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കടുത്തത്.

മോദിയെ രണ്ടാം വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ഉദ്ഘാന സമ്മേളനത്തിൽ അഷ്റഫ് ഘനി പ്രതികരിച്ചത്. മുപ്പത് വർഷത്തോളം നീണ്ടുനിന്ന സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും അതിന് സാധിച്ചത് ഇന്ത്യയുടെ സഹായം കൊണ്ട് മാത്രമാണെന്നും അദ്ദേഹം പ്രസംഗവേളയിൽ പറഞ്ഞു. ഈ ഡാം വഴി അഫ്ഗാന് 75,000 ഹെക്ടറിൽ കൃഷി നടത്തുവാനും 42 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുവാനും സാധിക്കും. ഹെറാത്ത് ടൗണിൽ നിന്ന് 165 കിലോമീറ്റർ അകലെയായാണ് ഡാം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ- അഫ്ഗാൻ സൗഹൃദത്തിന്റെ പുത്തൻ അദ്ധ്യായത്തിനാണ് ഈ പദ്ധതി പൂർത്തീകരിച്ചതോടെ തുടക്കമായതെന്നും ഇതുൾപ്പെടെ ഇരുന്നൂറോളം പദ്ധതികൾ അഫ്ഗാനിൽ ഇന്ത്യൻ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഘനി കൂട്ടച്ചേർത്തു. മാത്രമല്ല അഫ്ഗാനിലെ ഏറ്റവും വലിയ ബഹുമതിയായ അമീർ അമാനുള്ള ഖാൻ അവാർഡിനായി അഫ്ഗാൻ സർക്കാർ മോദിയെ നിർദ്ദേശിക്കുകയും ചെയ്തു.