കാബൂൾ: അഫ്ഗാനിസ്ഥാന്റെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അറുന്നൂറു കോടിരൂപയോളം ചെലവഴിച്ച് ഇന്ത്യയാണ് അഫ്ഗാൻ പാർലമെന്റ് മന്ദിരം പണിത് നൽകിയത്. ഉദ്ഘാടനത്തിനു ശേഷം നരേന്ദ്ര മോദി അഫ്ഗാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒരു ബ്ലോക്കിന് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ പേരിടാനും തീരുമാനിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് 2009 ലാണ് പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അതുകൊണ്ട് തന്നെ കോൺഗ്രസ് സർക്കാരിന്റെ നയതന്ത്ര നീക്കത്തിന് എങ്ങനെ വാജ്‌പേയിയുടെ പേരിടുമെന്ന ചോദ്യം കോൺഗ്രസ് ഉർത്തുന്നുണ്ട്. 

ഇത് വിലകുറഞ്ഞ രാഷ്ട്രീയമെന്നാണ് കോൺഗ്രസിന്റെ നിലപാട്. മഹാത്മാ ഗാന്ധിയെ പോലുള്ള മഹാന്മാരെ മറന്ന് വാജ്‌പേയിയുടെ ഓർമ്മ ചിത്രമാക്കുന്നതാണ് വിമർശനത്തിന് കാരണം. ജീവിച്ചിരിക്കുന്ന നേതാവിന്റെ പേരിടുന്നതിലെ അനൗചിത്യവും ഉയർത്തുന്നു. എന്നാൽ പരസ്യമായി സർക്കാരിനെ കുറ്റപ്പെടുത്താൻ കോൺഗ്രസ് തയ്യാറുമല്ല. ജനാധിപത്യത്തിന്റെ ശ്രീകോവിൽ അഫ്ഗാനിസ്താന് സമർപ്പിക്കുന്നതിലൂടെ താൻ ഏറെ ആദരണീയനായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്.

ഇന്ത്യ നിർമ്മിച്ചു നൽകിയ പുതിയ അഫ്ഗൻ പാർലമെന്റ് സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മന്ദിരം അഫ്ഗാൻ ജനതയും ഇന്ത്യൻ ജനതയും തമ്മിലുള്ള നിതാന്ത സൗഹൃദത്തിന്റെ സ്മാരകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ അവസരത്തിലും അഫ്ഗാനിസ്ഥാനെ ഇന്ത്യ പിന്തുണയ്ക്കുമെന്ന് മോദി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് പ്രധാനമന്ത്രി കാബൂളിലെത്തിയത്. സുരക്ഷാപ്രശ്‌നങ്ങളടെ പേരിൽ മോദിയുടെ അഫ്ഗാൻ സന്ദർശനം പരസ്യപെടുത്തിയിരുന്നില്ല. ഓരോ ഇന്ത്യക്കാരന്റെയും അഫ്ഗാൻകാരന്റെയും മനസിൽ അതിർത്തികളില്ലാത്ത സ്‌നേഹമാണ് നിലനിൽക്കുന്നത്.

നാമൊരുമിച്ച് നിർമ്മിച്ച റോഡുകളും കെട്ടിടങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള അകലം കുറക്കുന്നു. അഫ്ഗാൻ മുൻപ്രസിഡന്റ് ഹമീദ് കർസായിയും ഇന്ത്യൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേയും സ്വപ്നപദ്ധതിയായിരുന്നു ഈ മന്ദിരം. വാജ്‌പേയിയുടെ ജന്മനാളായ ഈ ദിനത്തേക്കാൾ കൂടുതൽ നല്ല ദിനം മന്ദിരോദ്ഘാടനത്തിനായി തെരഞ്ഞെടുക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് മന്ദിരത്തിലെ അടൽ ബ്‌ളോക്ക് മോദി ഉദ്ഘ്ടാനം ചെയ്തു



യുദ്ധത്തിൽ നാശനഷ്ടങ്ങൾ നേരിട്ട അഫ്ഗാനിസ്താൻ പുനർനിർമ്മിക്കുന്നതിനും രാജ്യവുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ 2007ലാണ് 296 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണ പദ്ധതിക്ക് തുടക്കമിട്ടത്. 2011ൽ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമുച്ചയത്തിന് 2008ൽ 710 കോടി രൂപയായിരുന്നു നിർമ്മാണചെലവ് കണക്കാക്കിയിരുന്നത്. ഈ സമയത്തെല്ലാം ഇന്ത്യ ഭരിച്ചത് കോൺഗ്രസായിരുന്നു. മന്മോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. പിന്നെങ്ങനെ അഫ്ഗാൻ പാർലമെന്റ് വാജ്‌പേയിയുടെ സ്വപ്‌ന പദ്ധതിയാകുമെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം. ഇത്തരം നീക്കങ്ങൾ പ്രധാനമന്ത്രി മോദിക്ക് യോജിച്ചതല്ലെന്നും പറയുന്നു.

കോൺഗ്രസിന്റെ നേട്ടങ്ങളെ തട്ടിയെടുക്കുന്ന തന്ത്രമാണ് പ്രധാനമന്ത്രി അഫ്ഗാനിൽ നടത്തിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.