- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക സമരം: പ്രശ്നപരിഹാരത്തിന് മോദി നേരിട്ടിറങ്ങുന്നു; ഒൻപതുകോടി കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി; ഓൺലൈൻ സംവാദം ക്രിസ്തുമസ് ദിനത്തിൽ; നിയമം പിൻവലിക്കാമെന്ന ഉറപ്പില്ലാതെ ചർച്ചക്കില്ലെന്ന് കർഷകർ; കർഷക സമരം പുതിയ തലത്തിലേക്ക്
ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരം പുതിയ തലത്തിലേക്ക് കടക്കവെ സമരത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നു. കർഷകരുമായി ഓൺലൈൻ കൂടിക്കാഴ്ച്ച നടത്തി നിയമങ്ങൾ വിശദീകരിച്ച് പ്രശ്നപരിഹാരത്തിനാണ് കേന്ദ്രസർ്ക്കാർ ശ്രമം. നരേന്ദ്ര മോദി നേരിട്ടിറങ്ങുന്നതോടെ സമരത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് ഓൺലൈൻ വഴിയാണ് കർഷകരുടെ യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ പ്രധാനമന്ത്രി 9 കോടി കർഷകരുമായി സംവദിക്കും. പുതിയ കാർഷിക നിയമങ്ങൾ വിശദീകരിക്കുന്നതിനൊപ്പം പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ നിന്ന് 18,000 കോടി രൂപ അനുവദിക്കും. ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടു ക്കപ്പെട്ട കർഷകർക്ക് മോദിയുമായും സംസാരിക്കാൻ അവസരം ഉണ്ടായിരിക്കും.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യ ത്തിലാണ് മോദി കർഷകരെ കാണുന്നത്.മോദി കളത്തിലറിങ്ങുന്നതിനൊപ്പം ബിജെപിയുടെ നേതൃത്വത്തിൽ വ്യാപകമായ പദ്ധതികളാണ് പ്രശ്നപരിഹാരത്തിന് ആവിഷ്കരിക്കുന്നത്. നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി വൻ പ്രചാരമാണ് നടത്തുന്നത്.ഇതിനുപുറമെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കൃഷിക്കാർക്കായി എഴുതിയ കത്തുകളും ബിജെപി വിതരണം ചെയ്യുന്നുണ്ട്.കാർഷിക നിയമങ്ങളെ ക്കുറിച്ച് വിശദീകരിക്കുന്നതിന് ബിജെപി ഈ മാസം 100 വാർത്താ സമ്മേളനങ്ങളും 700 യോഗങ്ങളും സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കർഷക പ്രക്ഷോഭം രൂക്ഷമായതോടെ നിയമത്തിൽ ഭേദഗതികൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. ഈ സാഹചര്യത്തിലാണ് മോദി കർഷകരുമായി അനുനയ നീക്കം നടത്തുന്നത്. ഇതിനിടെ, ഡൽഹിയുടെ അതിർത്തി മേഖലകളിൽ നിലയുറപ്പിച്ചിട്ടുള്ള കർഷകർ റിലേ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ സമരം കൂടുതൽ ശക്തമാകും.നിയമം പിൻവലിച്ചാൽ മാത്രമേ സമരം അവസാനിക്കൂ എന്ന് തന്നെയാണ് കർഷകരുടെ തീരുമാനം.നിയമങ്ങൾ പിൻവലിക്കുമെന്ന ഉറപ്പ് കേന്ദ്രം നൽകിയാൽ മാത്രമെ ഇനി ചർച്ചയിൽ പോലും പങ്കെടുക്കേ ണ്ടതുള്ളുവെന്നും അതുവരെ പ്രക്ഷോഭം തുടരണമെന്നുമാണ് ചില സംഘടനകളുടെ നിലപാട്.കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കുന്ന കാര്യത്തിൽ തങ്ങൾക്കു ധൃതിയില്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
ഇതിനിടെ, പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കൂടുതൽ കർഷകർ അയൽ സംസ്ഥാനങ്ങളിൽനിന്നു പുറപ്പെട്ടതോടെ, ഡൽഹി അതിർത്തിയിലെ വിവിധ പാതകൾ പൊലീസ് അടച്ചു. യുപിയിലെ നോയിഡ, ഗസ്സിയാബാദ് എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കുള്ള വഴികൾ അടച്ചതോടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. ദേശീയ കർഷക ദിനമായ ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിച്ച് പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിക്കാൻ കർഷക, തൊഴിലാളി സംഘടനകളോടു സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. റിലയൻസ്, അദാനി ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്നതിന് 26, 27 തീയതികളിൽ സംഘടനകൾ രാജ്യവ്യാപക പ്രചാരണം നടത്തും.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് രണ്ടു കോടി കർഷകരുടെ ഒപ്പുമായി കോൺഗ്രസ് രാഷ്ട്രപതിയെ കാണും.കർഷക നിയമങ്ങൾക്കെതിരെ രാജ്യത്തുടനീളമുള്ള കർഷകരിൽ നിന്നു കോൺഗ്രസ് ശേഖരിച്ച 2 കോടി ഒപ്പുകൾ സഹിതമുള്ള നിവേദനം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാർട്ടി എംപിമാരുടെ സംഘം നാളെ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കൈമാറും. കർഷക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും രാഹുൽ നടത്തിയ ട്രാക്ടർ യാത്രയ്ക്കു പിന്നാലെയാണ് ഒരു മാസം നീണ്ട ഒപ്പുശേഖരണ യജ്ഞം പാർട്ടി ആരംഭിച്ചത്.
ന്യൂസ് ഡെസ്ക്