തിരുവന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ മോദി ഹിറ്റ്‌ലർക്കു തുല്യനാണെന്നും അദ്ദേഹത്തെ ആരാധിക്കുന്നത് വില്ലനെ ആരാധിക്കുന്നതിനു സമമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎം അഷ്‌റഫ്. എൽഡിഎഫും യുഡിഎഫുമല്ലാതെ ഒരു ബദൽമുന്നേറ്റത്തിന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചുതുടങ്ങിക്കഴിഞ്ഞെന്നും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം വ്യക്തമാകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ഗുജറാത്ത് വംശഹത്യയുടെ പേരിലാണ് അറിയപ്പെടുന്നത്. അവിടെ വികസനനായകനായി മോദിയെ ഉയർത്തിക്കാട്ടുന്നത് കോർപ്പറേറ്റുകൾ മാത്രമാണ്. സാധാരണ ജനങ്ങളുടെ ജീവിതം അതീവദുസ്സഹമാണവിടെ. ശിശുമരണം, അനാരോഗ്യം എന്നിവയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഗുജറാത്തിന്റെ നയം കർഷകവിരുദ്ധവുമാണ്. ഗുജറാത്തിന്റെ യഥാർത്ഥമുഖമറിയുന്ന ആരും മോദിയെയും ബിജെപിയേയും പിന്തുണയ്ക്കില്ല. പലസംസ്‌കാരങ്ങളും മതങ്ങളുമുള്ള രാജ്യം ഭരിക്കാൻ മോദിക്കോ ബിജെപിക്കോ കഴിയില്ല.

ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ സ്ഥിതിയും അങ്ങിനെത്തന്നെ. പാചകവാതകത്തിന് വിലകൂട്ടിയും അഴിമതി നടത്തിയും കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന നയമാണ് കോൺഗ്രസ്സിന്റേത്. കോർപ്പറേറ്റുകളുടെ അടിമയെപ്പോലെയാണ് ആ പാർട്ടിയുടെ പ്രവർത്തനം. ദേശീയതലത്തിൽ എസ്ഡിപിഐ നാൽപതോളം സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.

  • കേരളത്തിൽ എസ്ഡിപിഐയുടെ സാന്നിധ്യവും സാധ്യതകളും

കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് ഒത്തുകളിയാണ് എല്ലാക്കാലത്തും നടന്നിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പിലും അത് പ്രകടമാണ്. ഇത്തരത്തിൽ പരസ്പര സഹകരണ മുന്നണികൾ രാജ്യത്ത് മറ്റൊരിടത്തും കാണില്ല. എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം വിജയിപ്പിച്ചുകൊടുത്ത സർക്കാർ നിലപാടുതന്നെ ഉദാഹരണം. പ്രതിപക്ഷമാണെങ്കിൽ അവരുടെ ജനാധിപത്യ ദൗത്യം വിനിയോഗിക്കാതെ കോൺഗ്രസ്സുമായി ഒത്തുകളിക്കുന്നു.

ജനങ്ങൾ ഇവിടെ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. എ അല്ലെങ്കിൽ ബി എന്ന നിലയിൽ നിന്ന് ജനങ്ങൾ മാറി ചിന്തിക്കും. അവിടെയാണ് എസ്ഡിപിഐക്ക് സ്വീകാര്യത ലഭിക്കുന്നത്. ബദൽ രാഷ്ട്രീയ മുന്നേറ്റത്തിന് ശക്തിപകരുക എന്ന ഉദ്ദേശത്തിലാണ് എസ്ഡിപിഐ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത്. പാർട്ടിക്ക് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ശക്തമായ ചലനം സൃഷ്ടിക്കാനാവുമെന്ന് ഉറപ്പാണ്. മുഖ്യധാരാ പാർട്ടി എന്ന നിലയിൽത്തന്നെ അവിടെ സാന്നിധ്യം തെളിയിക്കാനാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ എസ്ഡിപിഐ നല്ല രീതിയിൽത്തന്നെ വോട്ടുപിടിച്ചിരുന്നു. അത് ഈ തിരഞ്ഞെടുപ്പിൽ വലിയതോതിൽ വർധിക്കുമെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

മലപ്പുറത്ത് ലീഗിന്റെ അഹമ്മദിനെ ലീഗുകാർക്കുതന്നെ താൽപര്യമില്ല. സൈനബയ്ക്കും ഇടതുമുന്നണിക്കാർക്കിടയിൽ സ്വീകാര്യത കുറവാണ്. ഈ സാഹചര്യത്തിൽ എസ്ഡിപിഐക്ക് ഒരുലക്ഷത്തിലേറെ വോട്ട് അവിടെ നേടാനാകുമെന്ന് രാഷ്ട്രീയ വിലയിരുത്തൽ നടത്തുന്നവർതന്നെ പറയുന്നുണ്ട്. എല്ലാ സീറ്റിലും മത്സരിക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നുകൂടിയുണ്ട്. പാർട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും പാർട്ടുയുടെ പ്രചാരവും സ്വീകാര്യതയും വർദ്ധിപ്പിക്കാനും ലഭിക്കുന്ന സാഹചര്യമാണ് തിരഞ്ഞെടുപ്പ്. അതാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നതും. എ അല്ലെങ്കിൽ ബി എന്ന രീതിയിൽ ചിന്തിക്കുന്ന സംസ്ഥാനത്ത് അതിനൊരു ബദലുണ്ടാവണമെന്ന സന്ദേശം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • പാർട്ടിയുടെ പ്രചാരണ വിഷയങ്ങളും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും

ഇവിടെ മറ്റു പാർട്ടികൾക്ക് അധികാരം മാത്രമാണ് ലക്ഷ്യം. ജനകീയ വിഷയങ്ങൾ ഉന്നയിക്കപ്പെടുന്നതേയില്ല. ജനവാസകേന്ദ്രങ്ങളിലൂടെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെയും കർഷകരുടേയും ന്യൂനപക്ഷങ്ങളുടേയും വിഷയങ്ങളിലുമെല്ലാം പാർട്ടി പ്രക്ഷോഭം നടത്തിയിരുന്നു. ഹൈവേ വികസനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുക്കുമ്പോൾ കമ്പോളവില മുൻകൂറായി നൽകിയശേഷമേ ഏറ്റെടുക്കാവൂ എന്നതാണ് എസ്ഡിപിഐയുടെ നിലപാട്. കൃഷിചെയ്യുന്നവർക്ക് ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാംഭൂസമരം നടത്താൻ ഒരുങ്ങുകയാണ് പാർട്ടി. ഭൂരഹിതരായ കൃഷി നടത്താൻ താൽപര്യമുള്ളവർക്ക് ഭൂമി ലഭ്യമാക്കാൻ സർക്കാർ തയ്യാറാവണം. ഇപ്പോൾ ഒരു നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങി തരിശായിടുന്ന പ്രവണതയാണുള്ളത്. അത് കർഷകന്റെ പക്കലെത്തണം. സംസ്ഥാനത്ത് കാർഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവന്നേ മതിയാകൂ. കൃഷിചെയ്യാൻ തൽപരരായ ഭൂരഹിതർക്ക് ഒരേക്കറും ദളിതർക്ക് രണ്ടേക്കറും ആദിവാസികൾക്ക് അഞ്ചേക്കറും ഭൂമി നൽകണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. പാർട്ടിയുടെ ഈ നയം ചർച്ചയാകുന്നുണ്ട്. 

  • ഇടതും വലതുമല്ലാതെ മറ്റു കക്ഷികളുടെ സാധ്യത

ഇത്തവണയും പതിവുപോലെ അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞാണ് ബിജെപി രംഗത്തിറങ്ങിയിട്ടുള്ളത്. പക്ഷേ, എല്ലാക്കാലത്തേയുംപോലെ പാർട്ടി വോട്ടുമറിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുമെന്നല്ലാതെ സീറ്റിന്റെ കാര്യത്തിൽ അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് മുൻവർഷങ്ങളിൽ കിട്ടയതിനേക്കാൾ വോട്ടു കുറയും. ആംആദ്മിയുടെ കാര്യത്തിലും ചില സംശയങ്ങൾ ഉയരുന്നുണ്ട്. അവരുടെ വിശ്വാസ്യത സംശയകരമാണ്. അണ്ണാഹസാരെ കോൺഗ്രസ്സിനെതിരെ ഉയർത്തിക്കൊണ്ടുവന്ന മൂവ്‌മെന്റാണിത്. അതിനാൽത്തന്നെ ആർഎസ്എസ് സ്‌പോൺസേഡ് ആണ് ആംആദ്മിയെന്ന് കരുതാൻ ന്യായങ്ങളുണ്ട്. വനം, ന്യൂനപക്ഷം, അന്യായമായി ജയിലിൽകിടക്കുന്നവർ തുടങ്ങിയ വിഷയങ്ങളിലൊന്നും അവർക്ക് നിലപാടുകളില്ല.

കാശ്മീരിൽ പട്ടാളഅതിക്രമങ്ങൾ നടന്നതിനെതിരെ ഡൽഹിയിൽ സമരത്തിനെത്തിയവരെ ആക്രമിച്ചവരുടെ കൂട്ടത്തിൽ ആംആദ്മിക്കാരും ഉണ്ടായിരുന്നു. അതിൽനിന്നുതന്നെ പാവപ്പെട്ടവരുടെ പക്ഷത്തല്ല ആംആദ്മിയെന്ന് വ്യക്തമാണ്. കേരളത്തിൽ അവർക്ക് ഒരു ചലനവും ഉണ്ടാക്കാനാവില്ല. ഡൽഹിക്കു സമാനമായ സാഹചര്യമല്ല കേരളത്തിൽ. ആശയപരമായി വ്യക്തതയില്ലാത്ത ആംആദ്മിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാനാവില്ല. എസ്ഡിപിഐ വിജയിക്കുമോ എന്നതല്ല വിഷയം. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന വിഷയം എസ്ഡിപിഐ നേടിയ വോട്ടുകളായിരിക്കും. പാർട്ടിക്ക് ലഭിക്കുന്ന സ്വാധീനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി - അഷ്‌റഫ് വിലയിരുത്തുന്നു.