ന്യൂഡൽഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ സൗഹൃദം വളരുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പാക്കിസ്ഥാനുമായുള്ള വളരുന്ന ബന്ധത്തെ പരാമർശിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ട്വീറ്റാണ് രാഹുലിന്റെ ട്വീറ്റിന്റെ പശ്ചാത്തലം.

'മോദിജി വേഗം പ്രസിഡന്റ് ട്രംപിന് ഒരു ആലിംഗനം കൂടി ആവശ്യമാണെന്ന് തോന്നുന്നു', എന്നാണ് രാഹുലിന്റെ ട്വീറ്റ്. ഹഖാനി തീവ്രവാദ ശൃംഖലയുടെ പിടിയിൽ നിന്ന് അമേരിക്കൻ-കനേഡിയൻ കുടുംബത്തെ പാക് സുരക്ഷാ ഏജൻസികൾ രക്ഷിച്ചതിനെ തുടർന്നാണ് പാക്കിസ്ഥാനുമായുള്ള ബന്ധം പരാമർശിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്.

നേരത്തെ, പാക്കിസ്ഥാൻ തീവ്രവാദികൾക്ക് സുരക്ഷ നൽകുകയാണെന്നും അത് അവസാനിപ്പിച്ചേ മതിയാകൂയെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നായിരുന്നു ട്രംപിന്റെ ആ പരാമർശം വന്നത്.മോദി സത്യസന്ധനായ സുഹൃത്താണെന്ന വിശേഷണത്തോടെ ട്രംപ് എതിരേറ്റത് ഉഭയകക്ഷി ബന്ധം വളർത്താൻ സഹായകമാവുകയും ചെയ്തു.

ജൂണിലായിരുന്നു മോദിയുടെ അവസാന അമേരിക്കാ സന്ദർശനം. അന്ന് മോദിയും ട്രംപും പാകിസഥാനെതിരെ സംയുക്ത പ്രസ്താവനകൾ നടത്തുകയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് പറയുകയും ചെയ്തിരുന്നു. ഇരുനേതാക്കളും ആലിംഗനം ചെയ്യുന്ന ഫോട്ടോകളും ഏറെ മാധ്യമശ്രദ്ധ നേടി. എന്നാൽ, തന്റെ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി പാക്കിസ്ഥാനോട് ചായ്‌വുള്ള സമീപനമാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.