പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ജിൻപിംഗും ചേർന്ന് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ബന്ധത്തിന് പുതിയ തലം തീർത്തുവെന്ന് ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ചെയർമാനും ചൈനയിലെ മൂന്നാമത്തെ നേതാവുമായ സാംഗ് ഡെജിയാംഗ് പ്രസ്താവിച്ചു. ഇന്ത്യ സന്ദർശിക്കുന്നതിനിടെ മഹാരാഷ്ട്രഗവർണറായ സി വിദ്യാസാഗറുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് നേതാവ് ഈ പ്രസ്താവന നടത്തിയത്.

ഗവർണർക്ക് പുറമെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും സന്ദർശിച്ചു. തന്റെ ആദ്യ ഇന്ത്യ സന്ദർശനത്തിനാണ് ഡെജിയാംഗ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റിന്റ ഇന്ത്യാ സന്ദർശനവും തുടർന്ന് നരേന്ദ്ര മോദി ചൈ സന്ദർശിച്ചതിലൂടെയും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള അടുപ്പത്തിന്റെ തലം മാറിയെന്നാണ് അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഉന്നതതലത്തിലുള്ള സന്ദർശനങ്ങൾക്കിടെ ഇരുരാജ്യങ്ങളും തമ്മിൽ 50 ഓളം കരാറുകളിൽ ഒപ്പ് വച്ചുവെന്നും ഡെജിയാംഗ് പറഞ്ഞു. കരാർ സംബന്ധിച്ച വ്യവസ്ഥകൾ ഇരുരാജ്യങ്ങളും പാലിക്കുകയാണെങ്കിൽ ഇതിന്റെ ഫലം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരിത്രപരമായ പ്രശ്‌നങ്ങളും വ്യത്യാസങ്ങളുമേറെയുണ്ടെന്നും ഇവ യഥോചിതം കൈകാര്യം ചെയ്താൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ഡെജിയാംഗ് പറയുന്നു. മഹാരാഷ്ട്രയും ചൈനയിലെ പ്രവിശ്യകളുമായി വികസിച്ച് വരുന്ന വികസനപരമായ ബന്ധങ്ങളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദിയുടെ ചൈന സന്ദർശനവേളയിൽ ഫഡ്‌നാവിസ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ നിർമ്മാണത്തിൽ ചൈനീസ് കമ്പനികളുടെ സഹകരണം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. മഹാരാഷ്ട്രയിലെ വ്യവസായ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും നിക്ഷേപം നടത്താൻ ചൈന ഒരുങ്ങുന്നതായും ബാങ്ക് ഓഫ് ചൈനയുടെ ഒരു ബ്രാഞ്ച് മുംബൈയിൽ ഉടൻ തുടങ്ങുമെന്നും ഡെജിയാംഗ് പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ മിഷൻ ടു ചൈന 1938ന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൽ ഡെജിയാംഗ് പങ്കെടുത്തു. അവിടെ വച്ച് അദ്ദേഹം ഡോ. ദ്വാരകാനാഥ് കോട്‌നിസിന്റെ കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.ഡോ. കോട്‌നിസ് സോളാപ്പൂരിലാണ് ജനിച്ചത്. 1938ലെ സിനൊ് ജപ്പാനീസ് യുദ്ധത്തിൽ പരുക്കേറ്റവരെ ശുശ്രൂഷിക്കാനായിരുന്നു ഇന്ത്യയിൽ നിന്നും പോയ ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോക്ടറായിരുന്നു കോട്‌നാവിസ്.