കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിന് എത്തുന്നത് വ്യക്തമായ പദ്ധതികളുമായി. കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്ര സർക്കാർ ബജറ്റിൽ നീക്കി വച്ച കോടിക്കണക്കിന് രൂപ ഉൾപ്പെടെ ഉയർത്തിക്കാട്ടിയാകും മോദിയുടെ മടക്കം. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശവും നൽകും. പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ്. അതുകൊണ്ട് തന്നെ ബിജെപിയും ആവേശത്തിലാണ്. എന്നാൽ പാർട്ടി പരിപാടികളിൽ മോദി പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്.

ബിപിസിഎൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്യാഡ്, ഫാക്ട് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്നതിനാണു പ്രധാനമന്ത്രിയുടെ വരവ്. തിരഞ്ഞെടുപ്പു കാലമായതിനാൽ സന്ദർശനത്തിനു പ്രാധാന്യമേറെയാണ്. കേരളത്തിന് വേണ്ടി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചേക്കും. ശബരിമല അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ ഈ വേദിയിൽ മോദി പ്രതികരണങ്ങൾ നടത്തില്ല. 14ന് എത്തുമെന്നാണു വിവരം. ഉച്ചയ്ക്കു ശേഷമാകും സന്ദർശനം എന്നാണു സൂചന.

മോദിയെ കാണാൻ സമയം ചോദിച്ച് പിപി മുകുന്ദൻ പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരെ സമീപിച്ചു കഴിഞ്ഞു. ഗ്രൂപ്പിസം ചർച്ചയാക്കാൻ ആഗ്രഹിക്കാത്തതിനാൽ മോദിയുടെ കൊച്ചി സന്ദർശനം ഔദ്യോഗികമായി ചുരുങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയുടെ കോർ കമ്മറ്റിയിൽ എങ്കിലും മോദിയെ പങ്കെടുപ്പിക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ ഇതിന് മോദിയുടെ ഓഫീസ് ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. ശോഭാ സുരേന്ദ്രൻ വിഷയത്തിൽ വ്യക്തത വരാത്തതും ഇതിന് കാരണമാണ്. കേരളത്തിലെ ബിജെപി ഗ്രൂപ്പിസത്തെ ഉയർത്തിക്കാട്ടതിരിക്കാൻ പാർട്ടി പരിപാടികൾ ഒഴിവാക്കുന്നതും ആലോചനയിലുണ്ട്.

പഴയ കാല നേതാക്കളെ അകറ്റി നിർത്തുന്നതിൽ പിപി മുകുന്ദന് നീരസമുണ്ട്. ഇതിനൊപ്പം പലരും ബിജെപി വിടുന്നു. ഈ സാഹചര്യത്തിലാണ് മോദിയെ കണ്ട് നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ മുകുന്ദൻ സമയം തേടുന്നത്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകണമെന്ന ആവശ്യമാണ് മുകുന്ദനുള്ളത്. എന്നാൽ ഇത്തരം ചർച്ചകൾ ഒഴിവാക്കാനാണ് മോദിയുടെ ആഗ്രഹം. ഈ സാഹചര്യത്തിലാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ കേരളത്തിൽ എത്തിയിട്ടും പാർട്ടികാര്യങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ അത് ബിജെപിക്ക് ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെയാകും മോദി തീരുമാനം എടുക്കുക.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപു തന്നെ സഹസ്ര കോടികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയാണു മോദിയുടെ ലക്ഷ്യം. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പ്രൊപിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രോജക്ടാണ് പ്രധാനമന്ത്രി ഇത്തവണ ഉദ്ഘാടനം ചെയ്യുന്ന വമ്പൻ പദ്ധതി. കൊച്ചി പോർട്ട് ട്രസ്റ്റ് 25.72 കോടി രൂപ ചെലവിൽ എറണാകുളം വാർഫിൽ നിർമ്മിച്ച ഇന്റർനാഷനൽ ക്രൂസ് ടെർമിനൽ ഉദ്ഘാടനവും നിർവഹിക്കും. ഷിപ്യാഡിന്റെ പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ ക്യാംപസിലെ പുതിയ മന്ദിരസമർപ്പണം, തുറമുഖത്തു ഫാക്ടിന്റെ നവീകരിച്ച കോൾ ബെർത്തിന്റെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സംസ്ഥാന ജാഥ തുടങ്ങും മുൻപുതന്നെ പ്രധാനമന്ത്രി പാർട്ടി പരിപാടിയിൽ പങ്കെടുത്താൽ അത് ആവേശം കൂട്ടുമെന്നാണ് പ്രതീക്ഷ. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എംഎൽഎയും മുൻ ഗവർണർ കുമ്മനം രാജശേഖരനുമടക്കമുള്ള മുൻ സംസ്ഥാന അധ്യക്ഷർ തുടങ്ങിയവർ കോർ കമ്മിറ്റി അംഗങ്ങളാണ്. പാർട്ടിയുടെ സംസ്ഥാന ചുമതലക്കാരായ അഖിലേന്ത്യാ നേതാക്കളും എത്തും. എന്നാൽ അവരുമായി ചർച്ചയ്ക്ക് മോദി തയ്യാറാകുമോ എന്ന് ഇനിയും വ്യക്തമല്ല.

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 3.10നു കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. 3.30മുതൽ 4.30വരെയാണു അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനതറക്കല്ലിടൽ പരിപാടികൾ. 5.55നു ഡൽഹിയിലേക്കു മടങ്ങും. അതായത് മൂന്ന് മണിക്കൂറോളം മാത്രമേ കൊച്ചിയിൽ മോദി ഉണ്ടാകൂ. ഇതിനിടെയിൽ കോർ കമ്മറ്റി യോഗം പ്രായോഗികമാണോ എന്ന സംശയം മോദിയുടെ ഓഫീസുണ്ട്. കൊച്ചിയിൽ എത്തുന്ന മോദി പ്രധാനപ്പെട്ട വ്യക്തികളെ കണ്ടേക്കും. സഭാ തർക്കത്തിലും മറ്റും ഇടപെടൽ നടത്തിയ മോദി ക്രൈസ്തവ സഭാ നേതാക്കളെ കാണുമോ എന്നും വ്യക്തമല്ല.

മുതിർന്ന ദേശീയ നേതാക്കളെല്ലാം ബിജെപിക്കായി കേരളത്തിൽ പ്രചാരണരംഗത്തു സജീവമാകും. സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പലയിടത്തായി പ്രസംഗിക്കും. ഇത്തരം യോഗങ്ങൾക്ക് മോദി പിന്നീട് കേരളത്തിൽ എത്തുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.