ബ്യൂണസ് ഐറിസ്: മാധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ പ്രതികൂട്ടിലാണ്. പല രാജ്യങ്ങളും കൊലപാതകത്തിന് പിന്നിൽ സൽമാൻ രാജകുമാരന്റെ പങ്ക് സംശയിക്കുന്നു. ഇസ്താംബൂൾ എംബസിയിലെ മരണത്തിൽ പിടികൂടിയവും സൽമാൻ രാജകുമാരന്റെ വിശ്വസ്തരാണ്. അതുകൊണ്ട് തന്നെ സ്ത്രീ സ്വാതന്ത്ര്യം അനുവദിച്ചതിലൂടെ ലോകരാജ്യങ്ങളുടെ ഹീറോയായ സൽമാൻ രാജകുമാരന് പഴയ ഗ്ലാമർ ഇന്നില്ല. എങ്കിലും സൗദിയുടെ സാമ്പത്തിക കരുത്ത് കാരണം സൽമാൻ രാജകുമാരനെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ തള്ളി പറയുന്നില്ലെന്ന് മാത്രം. ഈ സാഹചര്യത്തെ തന്ത്രപരമായി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ വില സ്ഥിരതയില്ലായ്മയാണ്. ഇതിനെ മറികടക്കാൻ സൗദിയുടെ പിന്തുണ തേടുകയാണ് മോദി ചെയ്തത്. വിജയിക്കുകയും ചെയ്തു.

ആവശ്യമുള്ള ഘട്ടങ്ങളിൽ ഇന്ത്യക്ക് വേണ്ട പെട്രോളിയം ഉത്പന്നങ്ങൾ നൽകാമെന്ന് സൗദി അറേബ്യ സമ്മതിച്ചിരിക്കുന്നു. ജി.20 ഉച്ചകോടിക്കിടെ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ബ്യൂണസ് ഐറിസിൽ സൽമാൻ രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊർജ്ജം, ടെക്നോളജി തുടങ്ങിയ കാര്യങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി കമ്പനിയായ അരോംകോ ഇന്ത്യയിലെ എണ്ണ സംസ്‌കരണ മേഖലയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും മറ്റു കമ്പനികൾക്ക് ഇന്ത്യയിലെ സൗരോർജ മേഖലയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ചർച്ചയായി. സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ഇറാനുമായുള്ള ഇന്ത്യയുടെ അടുപ്പം ഈ ബന്ധത്തെ ബാധിച്ചിരുന്നു. സൗദി പരസ്യ നിലപാടുകൾ എടുത്തു. എണ്ണ വില നിയന്ത്രിക്കാനുള്ള ഇന്ത്യ നീക്കത്തിന് ഇത് തിരിച്ചടിയുമായി. ഇതിന് പരിഹാമുണ്ടാകുന്ന തരത്തിലാണ് സൽമാൻ രാജാവുമായി മോദിയുടെ ചർച്ച.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും ആയി നടത്തിയത് തന്ത്രപരമായ കൂടിയാലോടനയായിരുന്നു. ഖഷോഗിയുടെ മരണത്തോടെ എല്ലാവരും സൽമാൻ രാജകുമാരനെ ഒഴിവാക്കി. ഇത് തിരിച്ചറിഞ്ഞാണ് അങ്ങോട്ട് പോയി മോദി ചർച്ച നടത്തിയത്. മോദി തന്നെ കാണാൻ ഇങ്ങോട്ട് വന്നതിനെ പ്രതീക്ഷയോടെ തന്നെ സൽമാൻ രാജകുമാരനും കണ്ടു. ആഗോള തലത്തിലെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാൻ ഇത്തരം കൂടിക്കാഴ്ചകൾ ഗുണകരമാകുമെന്ന് സൽമാൻ രാജകുമാരനും അറിയാം. ഇത് മനസ്സിൽ വച്ച് മോദി ചോദിച്ചതെല്ലാം സൽമാൻ അംഗീകരിച്ചുവെന്നാണ് വിലയിരുത്തൽ. മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായി സാമ്പത്തിക സാംസ്‌കാരിക ഊർജ കാര്യങ്ങളിൽ ചർച്ച നടത്തിയെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന ഊർജ്ജ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകാമെന്ന് സൗദി അറേബ്യ സമ്മതിച്ചിരിക്കുന്നു. ഇറാനുമായി അടുത്തു നിൽക്കുന്നവരെ ശത്രു പക്ഷത്താണ് സൗദി നിർത്താറുള്ളത്. ഇന്ത്യയോടും അതൃപ്തിയുണ്ടായിരുന്നു. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് അർജന്റീനയിൽ സൽമാൻ രാജകുമാരനെ അങ്ങോട്ട് പോയി കണ്ട് മോദി ചർച്ച നടത്തിയത്. ഖഷോഗി വധത്തിൽ ഒറ്റപ്പെട്ട സൽമാൻ രാജകുമാരനും മോദിയുടെ വരവ് ആശ്വാസമായി. ലോക നേതാക്കളുമായി വീണ്ടും അടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സൽമാൻ രാജകുമാരന്റെ പ്രതീക്ഷ. അതുകൊണ്ടാണ് മോദി ചോദിച്ചതെല്ലാം സൽമാൻ രാജകുമാരൻ നൽകാമെന്ന് സമ്മതിച്ചതും.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു രൂപം കൊടുത്ത നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടൻ ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ വികസന രംഗത്തും കാർഷിക, ഊർജ രംഗത്തുമുള്ള ഭാവി നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ നേതൃതലത്തിൽ പ്രത്യേക സംവിധാനം ഉണ്ടാക്കും. 3-4 വർഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണു പരിഗണനയിലുള്ളത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയിൽനിന്നാണ്. ഖഷോഗി വധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം സൗദി കിരീടാവകാശി പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര വേദിയാണു ജി-20.

നരേന്ദ്ര മോദി പിന്നീട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടേഴ്സുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗട്ടേഴ്സുമായി മോദി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചതായി ഔദ്യോഗിക വൃത്തം അറിയിച്ചു. ജി 20 ഉച്ചകോടിക്കിടെ മോദിയും യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും. ട്രംപും ആബെയും തമ്മിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയായുള്ള ത്രിരാഷ്ട്ര ചർച്ചയായിരിക്കും നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ജർമൻ ചാൻസലർ ഏഞ്ചലാ മെർക്കൽ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെയാണ് മോദി ബ്യൂണസ് ഐറിസിൽ ചെലവിടുന്നത്. ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണു യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ നടന്ന യോഗ സമ്മേളനത്തിൽ പറഞ്ഞു. 2014 ലാണു യുഎൻ പൊതുസഭ ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള കൂടിക്കാഴ്ച റഫാൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കുന്നു. ഇതേസമയം, യുക്രെയ്ൻ - റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ആഗോള താപനം, രാജ്യാന്തര നികുതി സംവിധാനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാനസൗകര്യ വികസനം, സുസ്ഥിര വികസനം എന്നിവ ഉച്ചകോടിയുടെ പരിഗണനയിലുള്ള പ്രധാന വിഷയങ്ങളാണ്. ജി-20 കൂട്ടായ്മയക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിന്റെ സുസ്ഥിരമായ വികസനത്തിന് ഏറെ സംഭാവനകൾ നൽകാൻ കഴിഞ്ഞെന്ന് യാത്രയുടെ മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിൽ മോദി വ്യക്തമാക്കിയിരുന്നു.

ഇന്ത്യ പോലുള്ള വികസ്വര രാജ്യത്തിന് ജി-20 കൂട്ടായ്മയുടെ ഈ നിലപാടുകൾ ഏറെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി കൂടിയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 20 രാജ്യങ്ങളുടെ തലവന്മാരാണ് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനും ഒന്നിച്ച് വേദി പങ്കിടുന്നതും ജി-20 ഉച്ചകോടിയുടെ പ്രത്യേകതയാണ്.