ലഖ്നൗ: സംസ്ഥാനങ്ങളിൽ പ്രാദേശിക നേതാക്കളെ വളരാൻ അനുവദിക്കാതെ മോദിയുടെ പടം വച്ചാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ. ഈ പ്രചരണങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്രത്തിൽ അധികാരം പിടിക്കാൻ ഉപയോഗിച്ച തന്ത്രം എന്നാൽ ഉത്തർപ്രദേശിൽ വിലപ്പോകുമോ എന്നാണ് ഇനി അറിയേണ്ടത്. മോദിക്കെതിരെ ജനരോഷം ഉയരുന്നു എ്ന്നതിന്റെ സൂചനകൾ തന്നെയാണ് യുപിയിൽ നിന്നും കേൾക്കുന്നത്. നോട്ട് നിരോധനം തന്നെയാണ് ഇതിന് കാരണം.

നോട്ട് നിരോധത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ പക്ഷേ, പ്രചരണത്തിനെത്തിയ മോദിക്ക് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. അഖിലേഷ് യാദവിന്റെ മണ്ഡലമായ കനൗജിൽ അടുത്തിടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു മോദിക്കും ബിജെപിക്കുമെതിരായ പൊതുവികാരം ഉയർന്നത്. നരേന്ദ്ര മോദി മൂർദാബാദ് എന്ന പ്രതിഷേധസ്വരവുമായി ജനക്കൂട്ടം മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. മുദ്രാവാക്യം വിളി നിർത്തി നിശബ്ദരാകാൻ ആദ്യം മോദി അഭ്യർത്ഥിച്ചെങ്കിലും ജനക്കൂട്ടം വകവച്ചില്ല. ഇതോടെ അസ്വസ്ഥനായ മോദി, എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ജനക്കൂട്ടത്തോടെ ചോദിക്കുന്നുണ്ട്.

ഏതായാലും മോദിക്കെതിരായ പൊതുവികാരത്തിന്റെ ഈ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മോദിയുടെ പ്രസംഗം തൽസമയം ദേശീയ ചാനലുകൾ സംപ്രേഷണം ചെയ്‌തെങ്കിലും പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ സ്വരം ആരും റിപ്പോർട്ടു ചെയ്തിരുന്നില്ല. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒറ്റക്കെട്ടായി നേരിടാൻ തീരുമാനിച്ചത് ബിജെപിക്ക് തിരിച്ചടിയായിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ നേട്ടമുണ്ടാക്കിയ യു പിയിൽ കനത്ത തിരിച്ചടിയായിരിക്കും ബിജെപിക്ക് ഉണ്ടാകുക എന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. നോട്ടുകൾ അസാധുവാക്കിയ നടപടിയെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകളാണ് അണികളെ മോദിക്കെതിരെ തിരിയാൻ പ്രധാനമായും പ്രേരിപ്പിച്ചത്. ഇപ്പോൾ പുറത്തു വന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.