ന്യൂഡൽഹി: രണ്ടാം ഘട്ട കോവിഡ് 19 വ്യാപനം രാജ്യത്തെ ശരിക്കും ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻകി ബാത്തിലായിരുന്നു മോദി ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. കോവിഡ്-19 രൂക്ഷമായ ഈ ഘട്ടത്തിൽ ഓക്സിജൻ ഉൽപ്പാദനം, ഫാർമ ഇൻഡസ്ട്രി തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തിയെന്നും മോദി അറിയിച്ചു. 'നമ്മുടെ ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും കൊവിഡിനെതിരെ പോരാടുകയാണ്. നമ്മൾ ഒന്നാം തരംഗത്തെ വിജയകരമായി പൂർത്തീകരിച്ചു. എന്നാൽ രണ്ടാം തരംഗത്തിൽ പ്രിയപ്പെട്ടവർ നമുക്ക് നഷ്ടമായി. വിശ്വാസ്യ യോഗ്യമായ സ്രോതസിൽ നിന്ന് മാത്രമെ കോവിഡ്-19 സംബന്ധിച്ച അറിയിപ്പുകൾ സ്വീകരിക്കാൻ പാടുള്ളൂ.' മോദി പറഞ്ഞു.

വാക്സിനേഷൻ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യ കോവിഡ്-19 വാക്സിൻ കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവർക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതൽ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ ലഭ്യമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

കേന്ദ്രത്തിന്റെ സൗജന്യം വാക്സിനേഷൻ ഭാവിയിലും തുടരണമെന്നും എല്ലാവരിലും എത്തിച്ച് കേന്ദ്രത്തിന്റെ സൗജന്യം വാക്സിൻ പദ്ധതി പൂർണരൂപത്തിൽ ഉപയോഗിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'നമ്മുടെ പ്രിയപ്പെട്ടവരിൽ പലരും നമ്മെ അകാലത്തിൽ വിട്ടുപിരിഞ്ഞു. നമ്മൾ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ടതിനുശേഷം രാജ്യത്തിന്റെ മനോവീര്യം ഉയർന്നതായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു പക്ഷേ ഈ കൊടുങ്കാറ്റ് (രണ്ടാം തരംഗം) രാജ്യത്തെ പിടിച്ചുകുലുക്കി'മോദി പറഞ്ഞു.

എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രണ്ടാം തരംഗത്തെ നേരിടാൻ, മരുന്ന് കമ്പനികൾ, ഓക്സിജൻ നിർമ്മാതാക്കൾ തുടങ്ങിയ നിരവധി മേഖലകളിലെ വിദഗ്ധരുമായി താൻ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും നിലവിൽ കോവിഡിനെതിരെ ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മഹാമാരിയെ കുറിച്ച് അവർക്ക് നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3.49 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2767 കോവിഡ് രോഗികൾ കൂടി മരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിനം മൂന്ന് ലക്ഷം കടക്കുന്നത്. മരണസംഖ്യ 2000 കടക്കുന്നതും തുടർച്ചയായ നാലാം ദിവസമാണ്. ഏപ്രിൽ 15 മുതൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്.

ഇതുവരെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ മരണ സംഖ്യ 192,311 ൽ എത്തി. നിലവിൽ 140,85110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ 2,17,113 പേർ കൂടി രോഗമുക്തി നേടി. രാജ്യത്തിതുവരെ 14,09,16,417 പേർ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു.