കോഴിക്കോട്: ബിജെപി ദേശീയ കൗൺസിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പാക്കിസ്ഥാൻ ജനതയോടും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദം നടത്തി. പാക്കിസ്ഥാന് തിരിച്ചടി കൊടുക്കുമെന്ന പറഞ്ഞ മോദി വ്യക്തമായ നയതന്ത്ര ലക്ഷ്യത്തോടെയാണ് സംസാരിച്ചത്. ബലൂചിസ്ഥാനെ ചർച്ചയാക്കി പാക്കിസ്ഥാന് തിരിച്ചടി നൽകിയ മോദിയുടെ പുതിയ നീക്കം. പാക് ജനതയുടെ മനസ്സിൽ സംശയങ്ങളുണ്ടാക്കുകയാണ് തന്ത്രം. യുദ്ധമാണോ സമാധാനമാണോ പാക്കിസ്ഥാന് വേണ്ടതെന്ന സംശയം ഉയർത്തുകയാണ് മോദി. പാക് സർക്കാരിനെ കുറ്റപ്പെടുത്തി പാക് ജനതയിൽ പ്രതീക്ഷയർപ്പിക്കുന്ന പുതിയ പ്രസംഗ തന്ത്രം. പാക്കിസ്ഥാനിലെ ജനങ്ങൾ സ്വന്തം സർക്കാരിന്റെ പ്രവർത്തികളെ തുറന്നെതിർക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്നും മോദി ഓർപ്പെടുത്തി.

പാക്കിസ്ഥാനിലെ ചില നേതാക്കൾ പറയുമായിരുന്നു ഞങ്ങൾ 1000 വർഷം യുദ്ധം ചെയ്യാൻ തയാറാണെന്ന്. എന്നിട്ട് ഇപ്പോൾ അവരുടെ യുദ്ധവീര്യം എവിടെപ്പോയി? അത് കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടു. ഇപ്പോൾ അവിടുത്തെ നേതാവ് ഭീകരർ എഴുതിയ പ്രസംഗം വായിക്കുകയാണ്. നിങ്ങളുടെ കണ്ണിൽ പൊടിയിടാൻ നിങ്ങളുടെ സർക്കാർ ആയിരം വർഷത്തെ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ വെല്ലുവിളി ഇന്ത്യ ഏറ്റെടുക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള യുദ്ധം നമുക്കു നടത്താം. ഇക്കാര്യത്തിനായി ആരാണ് മുന്നോട്ടുവരിക, ആരാണ് അത് നടപ്പിലാക്കുക എന്ന് നമുക്കു നോക്കാം.-ഇതായിരുന്നു പാക് ജനതയോട് മോദി പറഞ്ഞത്.

കശ്മീർ വിഷയത്തിനു ബദലായി ബലൂച്ചിസ്ഥാൻ വിഷയം രാജ്യാന്തര വേദികളിൽ ഉയർത്തിക്കൊണ്ടുവന്നതുപോലെ, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാരോട് ചില ചോദ്യങ്ങൾ ഉയർത്തുകയാണ് മോദി. പ്രസംഗത്തിന്റെ ആദ്യഭാഗത്ത് ഉറിയിലെ ഭീകരാക്രമണത്തിന് തക്ക തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കിയ മോദി, രണ്ടാം ഭാഗത്താണ് പാക്ക് ജനതയോട് സംസാരിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാനായി യുദ്ധം ചെയ്യാമെന്നായിരുന്നു പാക്ക് ജനതയോടുള്ള മോദിയുടെ വാക്കുകൾ. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വന്തം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രസംഗത്തിൽ മോദി വ്യക്തമാക്കി.

സ്വന്തം സർക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്യാനും മോദി പാക്ക് ജനതയെ ആഹ്വാനം ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെടുന്നതിനുമുൻപ് നമ്മുടെ പൂർവികർ ഒരുമിച്ച് ജീവിച്ചവരാണ്. ആ പൈതൃകം പേറുന്ന ജനങ്ങളോട് ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒരേ കാലത്ത് സ്വാതന്ത്രം നേടിയ രാജ്യങ്ങളാണ്. എന്നിട്ടും ഇന്ത്യ വിവരസാങ്കേതിക വിദ്യകൾ കയറ്റുമതി ചെയ്യുമ്പോൾ ഭീകരവാദം കയറ്റുമതി ചെയ്യുകയാണ് പാക്കിസ്ഥാൻ. എന്തുകൊണ്ടാണിങ്ങനെ എന്ന് സ്വന്തം സർക്കാരിനോട് നിങ്ങൾ ചോദിക്കണം.

പാക്ക് അധീന കശ്മീൽ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ? അവിടെ കാര്യങ്ങൾ നന്നായി കൊണ്ടുപോകാൻ എന്തുകൊണ്ട് നിങ്ങൾക്ക് സാധിക്കുന്നില്ല? ഗിൽഗിതും സിന്ധും, ബലൂച്ചിസ്ഥാനും നിങ്ങളുടെ ഭാഗമല്ലേ? അവിടെ എന്തുകൊണ്ട് കാര്യങ്ങൾ നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല? പഴയ പശ്ചിമ പാക്കിസ്ഥാൻ, അതായത് ഇപ്പോഴത്തെ ബംഗ്ലാദേശ്, നിങ്ങളുടെ ഭാഗമായിരുന്നില്ലേ. അത് മികച്ച രീതിയിൽ കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിച്ചില്ല? സ്വന്തം രാജ്യത്തെ കാര്യങ്ങൾ നേരാവണ്ണം കൊണ്ടുപോകാൻ എന്തുകൊണ്ട് നമുക്കു സാധിക്കുന്നില്ലെന്ന് നിങ്ങൾ നേതാക്കന്മാരോട് ചോദിക്കണം - മോദി ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ ഇല്ലാതാക്കാൻ നമുക്കു യുദ്ധം ചെയ്യാം. ഇന്ത്യയിലെ തൊഴിലില്ലായ്മയാണോ പാക്കിസ്ഥാനിലെ തൊഴിലില്ലായ്മയാണോ ആദ്യം ഇല്ലാതാക്കാനാവുക എന്നു നമുക്കു നോക്കാം. പാക്കിസ്ഥാനിലെ വിദ്യാർത്ഥികളോടും കുട്ടികളോടും ഞാൻ പറയുന്നു. എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാകുന്ന നല്ല കാലം ആദ്യം എവിടെയാണ് കൈവരിക്കാനാവുക എന്നു നമുക്കു നോക്കാം. അതിനായി പോരാടാം. ശൈശവ മരണങ്ങളും പ്രസവത്തോടെ അമ്മമാർ മരിക്കുന്ന സംഭവങ്ങളും ഇല്ലാതാക്കാൻ നമുക്ക് പോരാടാം.-ഇങ്ങനെ നീണ്ടു പ്രസംഗം.