പാരിസ്: കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയെ സംബന്ധിച്ച് ഇത് വിശ്വാസത്തിന്റെ ഭാഗമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസ് ഉടമ്പടി ലോകം മുഴുവൻ പങ്കിടുന്ന പാരമ്പര്യമാണെന്നും പ്രഖ്യാപിച്ച് നരേന്ദ്ര മോദി ഇക്കാര്യത്തിൽ ട്രംപിന്റെ നയങ്ങളെ ചോദ്യംചെയ്യുന്ന നിലപാട് സ്വീകരിച്ചത്് ലോകമാധ്യമങ്ങളിൽ ചർ്ച്ചയായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരിസിലെ എൽസി കൊട്ടാരത്തിൽ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മോദി.

ഭൗമ താപനില ഉയരുന്നതു രണ്ടു ഡിഗ്രി സെൽഷ്യസ് പരിധിക്കുള്ളിൽ നിർത്തുക എന്നതാണു പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. യുഎസ് പിന്മാറിയാൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൗമതാപനില 0.3 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണു യുഎൻ കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. അതേസമയം, പാരിസ് ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. 2015 ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പാരിസിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ 190ൽ ഏറെ രാജ്യങ്ങൾ അംഗീകരിച്ച കരാറാണിത്.

ആഗോളതാപനം കുറയ്ക്കാൻ വേണ്ടിയുള്ള 2015 ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നു യുഎസ് പിന്മാറുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു മറുപടിയായാണു ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ഭൂമിയെയും പ്രകൃതിസമ്പത്തിനെയും സംരക്ഷിക്കുന്നതു കർത്തവ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ കൂടി ഭാഗമാണിത്. ഭാവി തലമുറകൾക്കു വലിയ ഗുണങ്ങളുണ്ടാകുന്നതാണ് പാരിസ് ഉടമ്പടിയെന്നും മോദി പറഞ്ഞു.

കാലാവസ്ഥാ സംരക്ഷണത്തിനു രാജ്യം പ്രതിജ്ഞാബദ്ധമെന്നു പറഞ്ഞ ഫ്രാൻസ്, ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിനു പൂർണപിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ എൻഎസ്ജി അംഗത്വവും മോദി മാക്രോൺ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണു റിപ്പോർട്ട്. പാരിസ് ഉടമ്പടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിതലമുറയ്ക്കു വേണ്ടി കാലാവസ്ഥ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നാം പ്രകൃതിയെ പാലൂട്ടും. ശുദ്ധവായുവും ആരോഗ്യജീവിതവും സാധ്യമാകുന്ന കാലാവസ്ഥയാണു ഭാവിതലമുറയ്ക്കായി നാം വിട്ടേച്ചുപോകേണ്ടതെന്നു റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലും മോദി പ്രസ്താവിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും മുഖ്യകാരണമായ കാർബൺ ബഹിർഗമനം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യങ്ങളിൽ രണ്ടാമതാണു യുഎസ്. ഒന്നാമതു ചൈനയും മൂന്നാമത് ഇന്ത്യയും. ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഒപ്പുവച്ച കരാറിൽനിന്നാണു യുഎസ് പുറത്തേക്കുപോകുന്നത്. സിറിയയും നിക്കരാഗ്വയുമാണു നിലവിൽ പാരിസ് ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങൾ.