ലക്‌നൗ: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ രാജ്യത്തുവന്ന സാമ്പത്തിക പ്രതിസന്ധിയും ജനജീവിതത്തിലുണ്ടായ ദുരിതങ്ങളും ബിജെപിക്ക് കടുത്ത വെല്ലുവിളി തീർക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, നോട്ട് അസാധുവാക്കലിനെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ രാഷ്ട്രീയ ആയുധമാക്കുന്നതിൽ പ്രതിപക്ഷ കക്ഷികളൊന്നടങ്കം പരാജയപ്പെടുന്നതാണ് കാഴ്ച. ഉത്തർ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ തമ്മിൽത്തല്ലിയും വ്യക്തമായ ആസൂത്രണമില്ലാതെയും പ്രതിപക്ഷം ചിന്നഭിന്നമാകുന്ന കാഴ്ച വീണ്ടും ശക്തമായി.

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്ഷീണം സംഭവിക്കുമെന്ന രാഷ്ട്രീയ വിശകലനങ്ങളെയാകെ തകിടം മറിക്കുന്നതാണ് മറ്റ് കക്ഷികളിലെ പടലപിണക്കങ്ങൾ. ഭരണകക്ഷിയായ സമാജ് വാദിയിലാകട്ടെ, കുടുംബവഴക്ക് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവും പാർട്ടി തലവനും അച്ഛനുമായ മുലായം സിങ് യാദവുമായുള്ള തർക്കങ്ങളാണ് എസ്‌പി.യെ ദുർബലപ്പെടുത്തുന്നത്. കോൺഗ്രസ്സിലാകട്ടെ, ആര് നയിക്കുമെന്ന അനിശ്ചിതത്വം ഇനിയും ഒഴിവായിട്ടില്ല. മായാവതിയുടെ ബിഎസ്‌പിക്കും ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാവുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയുടെ ലഖ്‌നൗ റാലിയുടെ പ്രസക്തി. വലിയ ജനക്കൂട്ടത്തെ സാക്ഷിനിർത്തി മോദി തന്റെ രാഷ്ട്രീയ എതിരാളികളെ ഓരോന്നായി ചോദ്യം ചെയ്തത്. ബിജെപിയുടെ മൂന്ന് എതിരാളികളെയും കണക്കിന് പരിഹസിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. മൂന്ന് കക്ഷികൾക്കും ഉത്തർപ്രദേശിന്റെ വികസനത്തിൽ ശ്രദ്ധിക്കാൻ സമയമില്ലെന്ന് മോദി പറഞ്ഞു. സമാജ് വാദി ഒരു കുടുംബത്തിന്റെ നിലനിൽപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോൺഗ്രസ്സാകട്ടെ, ഒരു മകനെ നേതാവാക്കുന്നതിലും. ബിഎസ്‌പിക്ക് പണത്തിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയെ വിജയിപ്പിക്കുന്നതിനല്ല, യുപിയുടെ വികസനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മോദി അഭിപ്രായപ്പെട്ടു. വികസനകാര്യത്തിൽ ഈ പാർട്ടികളൊന്നും ശ്രദ്ധിച്ചിട്ടേയില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിച്ചുകിടക്കുന്ന യുപിയിലെ വോട്ടർമാർ വികസനത്തിന്റെ പേരിൽ ഒന്നിക്കണമെന്നതാണ് മോദി മുന്നോട്ടുവച്ച ആശയം. ഒരുകാര്യത്തിലും യോജിപ്പില്ലാത്ത പാർട്ടികൾ യുപിയുടെ ശാപമാണെന്നും മോദി പ്രഖ്യാപിച്ചു.

മോദിയുടെ വരവ് ബിജെപിക്ക് വലിയ തോതിലുള്ള പ്രചോദനമായി മാറിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിന്റെ തിരിച്ചടികളിൽനിന്ന് പാർട്ടിക്ക് കരകയറാൻ ഇത് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിപക്ഷത്തെ തമ്മിലടിയും ചേരിതിരിവും അനിശ്ചിതത്വവും മുതലാക്കാനാകുമെന്ന് ബിജെപി കരുതുന്നു. കോൺഗ്രസ്സിനെ യുപിയിൽ ഭയക്കേണ്ടതില്ലെന്ന് കരുതുന്ന ബിജെപിക്ക്, സമാജ് വാദിയിലുണ്ടായ ചേരിതിരിവാണ് കൂടുതൽ പ്രതീക്ഷ പകർന്നിരിക്കുന്നത്.

അതേസമയം നോട്ട് നിരോധനം തങ്ങൾക്ക് ക്ഷതമേൽപ്പിച്ചിട്ടില്ലെന്ന് വരുത്താൻ വേണ്ടി യുപിയിലെ മോദിയുടെ റാലിയൽ വൻ സന്നാഹം തന്നെ ബിജെപി ഒരുക്കിയിരുന്നു. ജനസാഗരം ഒരുക്കി കൊണ്ടായിരുന്നു ബിജെപിയുടെ മറുപടി. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ പോലും താൻ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, യു.പിയിൽ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണു പാർട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിട്ടത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ്. സംസ്ഥാനത്തെ താറുമാറായ ക്രമസമാധാനനില നേരെയാക്കാൻ ഒരു അവസരം നൽകണമെന്നും മോദി അഭ്യർത്ഥിച്ചു.

പ്രസംഗത്തിൽ സമാജ്‌വാദി പാർട്ടി, ബി.എസ്‌പി, കോൺഗ്രസ് എന്നീ കക്ഷികളെ കടന്നാക്രമിക്കാനും മോദി മറന്നില്ല. യു.പിയിൽ വളരെചെറിയ തോതിൽ മാത്രം സാന്നിധ്യമുള്ളൊരു പാർട്ടി കഴിഞ്ഞ 15 വർഷമായി അവരുടെ നേതാവിനെ കണ്ടെത്താൻ ശ്രമിക്കുകയാണ്.

മറ്റൊരു പാർട്ടി പണം സംരക്ഷിക്കുന്നതിന് മാത്രമാണു പരിഗണന നൽകുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മൂന്നാമത്തെ പാർട്ടി. ഞങ്ങളുടെ യജമാനന്മാർ ഇവിടുത്തെ ജനങ്ങളാണെന്നും ഞങ്ങൾക്ക് ഹൈക്കമാൻഡില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരിക്കലും ഒന്നിക്കാത്ത സമാജ്‌വാദി പാർട്ടിയും ബി.എസ്‌പിയും നോട്ട് അസാധുവാക്കിയ നടപടിയെ എതിർക്കാൻ മാത്രമായി ഒന്നിച്ചെന്നും അദ്ദേഹം കളിയാക്കി. ബാബാ സാഹിബ് അംബേദക്‌റോടുള്ള ആദരസൂചകമായി ഡിജിറ്റൽ പണമിടപാടുകൾക്കുള്ള ആപ്പിനെ ഭീം എന്നു പേരിട്ടതുപോലും ചിലർ വിമർശിക്കുന്നു.

കർഷക ക്ഷേമത്തിനായി കേന്ദ്ര സർക്കാർ വലിയ പദ്ധതികൾ ആവിഷ്‌കരിച്ചതാണെന്നും സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ പൗരന്മാർക്കായി കഴിഞ്ഞ ദിവസം ചില ക്ഷേമപദ്ധതികൾ താൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനെയും വിമർശിക്കാൻ ചിലർ വന്നു. പണമെടുത്താലും പണം കൊടുത്താലും പ്രശ്‌നമെന്നതാണ് അവസ്ഥയെന്നും മോദി കൂട്ടിച്ചേർത്തു. പുതുവത്സരത്തലേന്നു രാജ്യത്തെ അഭിസംബോധന ചെയ്തശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. യു.പിയിലെ തെരഞ്ഞെടുപ്പ് തീയതി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണു സൂചന.