കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് അവാർഡ് വാങ്ങുന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച നാദാപുരം പഞ്ചായത്ത് പ്രസിഡന്റും, പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിയുടെ നടപടി വൻ വിവാദത്തിൽ. മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ നാദാപുരം ഗ്രാമപഞ്ചായത്തുവേണ്ടി സൂപ്പി നരിക്കാട്ടിരി നരേന്ദ്ര മോദിയിൽനിന്ന് അവാർഡ് സ്വീകരിക്കുന്ന പടമാണ് അദ്ദേഹം തന്നെ മുമ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയത്. എന്നാൽ കാവിലുംപാറ സ്വദേശി കെ. മുകുന്ദൻ നൽകിയ വിവരാവകാശചോദ്യത്തിന് കിട്ടിയ മറുപടിയിൽ മോദി ഇത്തരം ഒരു അവാർഡ് നൽകിയിട്ടില്ലെന്നും, പുരസ്‌കാരം നൽകിയത് കേന്ദ്ര ഗ്രാമവികസന പഞ്ചായത്തിരാജ് മന്ത്രിയാണെന്ന മറുപടിയാണ് കിട്ടിയത്.

ഇതോടെയാണ് അവാർഡ് കൊഴിപ്പിക്കാൻ സൂപ്പി നരിക്കാട്ടേരിയും കൂട്ടരും മോദിയുടെ പടം മോർഫ് ചെയ്ത് കൃത്രിമ അവാർഡ് ദാനചടങ്ങ് ഉണ്ടാക്കുകയായിരുന്നെന്ന് തെളിഞ്ഞത്. ദേശീയ പഞ്ചായത്ത് രാജ് ദിനത്തിൽ ഡൽഹിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അന്നേദിവസം ഇമെയിൽ വഴിയാണ് പുരസ്‌കാരം നരേന്ദ്ര മോദി നൽകുന്ന ഫോട്ടോ മാദ്ധ്യമങ്ങൾക്ക് കിട്ടിയത്. പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയും വൈസ് പ്രസിഡന്റ് പി. ജയലക്ഷ്മിയും അവാർഡ് മോദിയിൽനിന്ന് വാങ്ങുന്നതായിരുന്നു ചിത്രം.

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നേട്ടം അനുമോദിച്ച് പുറത്തിറക്കിയ സപ്‌ളിമെന്റിലും നരേന്ദ്ര മോദിയുടെ ചിത്രത്തോടെയാണ് തയാറാക്കിയത്. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കാനിടയായ സംഭവം വൻ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. പ്രചാരണത്തിന് നരേന്ദ്ര മോദിയെ കൂട്ടുപിടിച്ചത് ലീഗ് അണികളിൽ ചർച്ചയായതോടെ നേതൃത്വം അങ്കലാപ്പിലാണ്. കഴിഞ്ഞദിവസം നാദാപുരത്തത്തെിയ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയിൽ ചിലർ സംഭവം അറിയിച്ചിട്ടുണ്ട്.

അതേസമയം നരിക്കാട്ടേരിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി ക്രിമിനൽ കേസെടുക്കണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. സ്വാർഥതാൽപര്യത്തിന് പ്രധാനമന്ത്രിയുടെ പടം ഉപയോഗിച്ച, സൂപ്പി ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തിരിക്കുകയാണ്. ഐ.ടി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരവും ഇത് കുറ്റമാണ്. എന്നിട്ടും ബിജെപി ഇക്കാര്യത്തിൽ മിണ്ടാതിരിക്കുന്നത് ദുരൂഹമാണ്. നാദാപുരത്തിന് കേന്ദ്രം ഒരു അവാർഡ് പ്രഖ്യാപിച്ചങ്കെിലും പ്രധാനമന്ത്രി അത് സൂപ്പിക്ക് നൽകുന്ന ചടങ്ങുണ്ടായിട്ടില്ല.

സൂപ്പിയടക്കം കേരളത്തിൽ പലർക്കും ലഭിച്ച പല ദേശീയ അവാർഡുകളും ബിജെപി നേതാക്കളിൽ സ്വാധീനം ചെലുത്തി നേടിയെടുത്തതായ ആരോപണം ശരിവെക്കുന്നതാണ് ബിജെപി മൗനമെന്ന് അസീസ് ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോലീബി മോഡൽ സഖ്യത്തിനുള്ള മുന്നൊരുക്കമാണ് നടക്കുന്നത്. ദേശീയ പുരസ്‌കാരത്തിന് യോഗ്യതയില്ലാത്ത ഭരണത്തിന് അവാർഡ് നേടിക്കൊടുത്തതിൽ ബിജെപി സംസ്ഥാന നേതാക്കൾ വഹിച്ച പങ്കും അന്വേഷിക്കണമെന്ന് എൻ.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.