- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പച്ചക്കൊടി പ്രതീക്ഷിച്ചെത്തിയ പിണറായിക്ക് മോദി നൽകിയത് ചുവപ്പു കൊടി! വേഗം അനുമതി നൽകി സഹായിക്കണം; സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണം; വികസന വിരുദ്ധ പ്രചരണത്തിൽ നിന്നും മന്ത്രി മുരളീധരനെ തടയണം; പാർലമെന്റ് ഹൗസിലെ ചർച്ചയിൽ മുഖ്യമന്ത്രി വച്ചത് മൂന്ന് നിർദ്ദേശങ്ങൾ; കെ റയിലിൽ ഉറപ്പ് നൽകാതെ പ്രധാനമന്ത്രി
ന്യൂഡൽഹി: സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു. എന്നാൽ സിൽവർലൈനിൽ ഒരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. ചർച്ച അധിക നേരം നീണ്ടതുമില്ല. കേരളത്തിൽ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മാത്രമാണ് മോദി പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഒന്നും പ്രധാനമന്ത്രി നൽകിയില്ല.
സിൽവർലൈനെതിരായ സമരം ശക്തമാകുമ്പോൾ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിൽ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡൽഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാർലമെന്റിലേക്ക് യുഎഡിഎഫ് എംപിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ കേന്ദ്രമന്ത്രി വി മുരളീധരനും കെ റെയിലിൽ കേന്ദ്ര സർക്കാർ നിലപാട് എതിരാണെന്ന് വിശദീകരിച്ചിരുന്നു. കെ റെയിലിനെതിരെ പ്രചരണം നടത്തുന്നതിൽ നിന്ന് കേന്ദ്ര മന്ത്രിമാരെ തടയണമെന്നായിരുന്നു പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിയുടെ പ്രധാന ആവശ്യം. അതിലും മോദി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന.
പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രധാനമന്ത്രി വിഷയങ്ങൾ അനുഭാവ പൂർണം കേട്ടു. മുഖ്യമന്ത്രി തിരിച്ചു പോയ ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തു. പദ്ധതി തള്ളിക്കളയുന്ന സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നാണ് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. എന്നാൽ വിഷയത്തിൽ ഒരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല.
കെറെയിലിന് എത്രയും വേഗം അനുമതി നൽകി സഹായിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇതിനൊപ്പം പദ്ധതിക്ക് ആവശ്യമായ സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണമെന്നും അപേക്ഷിച്ചു. എങ്കിൽ മാത്രമേ നാട്ടുകാർ പദ്ധതിയുമായി സഹകരിക്കൂവെന്നും പ്രധാനമന്ത്രിയെ മോദി അറിയിച്ചു. വികസന വിരുദ്ധ പ്രചരണത്തിൽ നിന്നും കേന്ദ്ര മന്ത്രി മുരളീധരനെ തടയണമെന്നും ആവശ്യപ്പെട്ടു. ഫെഡറൽ തത്വത്തിന്റെ ലംഘനമാണ് മുരളീധരൻ നടത്തുന്നതെന്നും കുറ്റപ്പെടുത്തി. എന്നാൽ മോദി എല്ലാം കേട്ടു. ഒന്നിനും വ്യക്തമായ മറുപടി നൽകില്ല. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന പതിവ് മറുപടി മുഖ്യമന്ത്രിക്ക് നൽകി. ഫലത്തിൽ കെറയിലന് മോദി പച്ചക്കൊടി നൽകിയില്ല.
ഇതിനിടെയാണ് ഡൽഹിയിലെ പൊലീസ് മർദ്ദനവും ചർച്ചയാകുന്നത്. കെ റെയിൽ വിരുദ്ധ സമരം നടത്തിയ എംപിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തു. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ തുടങ്ങിയ എംപിമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി പൊലീസിന്റെ അതിക്രമം എംപിമാർ പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് സംഭവിച്ച കാര്യങ്ങൾ എഴുതി നൽകാൻ ലോക്സഭാ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടിരിക്കുകയാണ്. സിൽവർലൈൻ പദ്ധതിക്ക് അനുമതി വൈകുന്നത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നതിനാലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. ബുധനാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.
ഇതിന് മുന്നോടിയായി റെയിൽവേ ഉദ്യോഗസ്ഥരുമായി കെ-റെയിൽ എം.ഡി. ചർച്ചനടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ 'ക്ലിയറൻസ്' ലഭിക്കാതെ പദ്ധതിക്ക് അനക്കമുണ്ടാകില്ലെന്ന സൂചനയാണ് എം.ഡി.ക്ക് ലഭിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെക്കണ്ട് ചർച്ചനടത്താൻ തീരുമാനിച്ചത്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനങ്ങളിൽ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രിയെ മോദി അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തിൽ അനുമതിനൽകിയതാണ്. ഇതനുസരിച്ചുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ പ്രാഥമിക പഠനത്തിനാണ് കേന്ദ്രാനുമതിയെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്.
സാമൂഹികാഘാതപഠനത്തിന് മുന്നോടിയായുള്ള സർവേക്ക് ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് സമരം ശക്തമാകുന്നതും പദ്ധതിക്ക് കേന്ദ്രാനുമതിയില്ലെന്നും അത് ലഭിക്കില്ലെന്നുമുള്ള പ്രചാരണം ശക്തമാകുന്നതും. കേന്ദ്രമന്ത്രി വി മുരളീധരനും ഈ പ്രചരണത്തിൽ മുമ്പിലുണ്ട്. ഇതെല്ലാം പരാതിയായി തന്നെ പ്രധാനമന്ത്രിക്ക് മുമ്പിൽ മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ചുവെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ