ന്യൂഡൽഹി: ഒറ്റഡോസ് വാക്സിനിൽ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവർത്തകരെയും നഴ്സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.

കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്സിൻ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോൾ 74,26,164 ഡോസ് ഉപയോഗിക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വാക്സിൻ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവർത്തകർ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്സുമാർ, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും പൂർണ്ണമനസ്സോടെ അഭിനന്ദനം അർഹിക്കുന്നുവെന്നും മോദി പറഞ്ഞു.കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ വാക്സിന്റെ ഒറ്റഡോസ് പോലും പാഴാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു