ന്യൂഡൽഹി: രാഷ്ട്രീയനേട്ടം കൊയ്യാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നുണക്കഥകൾ പടച്ചുവിടുന്നത് തന്നെ വേദനിപ്പിക്കുന്നുവൈന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്.മുൻ പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങിയ ഭരണഘടനാപരമായ പദവികളെ താറടിക്കുന്ന ഈ പരാമർശങ്ങൾ അപകടകരമായ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ പാക് നേതാക്കളുമായി ചർച്ച നടത്തിയെന്ന മോദിയുടെ പ്രസ്താവനയാണ് മന്മോഹൻ സിങ്ങിനെ വേദനിപ്പിച്ചത്. പാലൻപുരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കഴിഞ്ഞ ദിവസം മോദി കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഗുജറാത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പാക് സ്ഥാനപതി, പാക് മുൻ വിദേശകാര്യ മന്ത്രി എന്നിവർ ചർച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പരാജയഭീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണെന്നും മന്മോഹൻ സിങ് പറഞ്ഞു.

മണിശങ്കർ അയ്യർ ആതിഥേയത്വം വഹിച്ച വിരുന്നിൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് ചർച്ചാവിഷയമായില്ല.ഇന്ത്യ-പാക് ബന്ധം മാത്രമാണ് ചർച്ചാവിഷയമായത്.വിരുന്നിൽ പങ്കെടുത്തവർ എന്തെങ്കിലും ദേശവിരുദ്ധപ്രവൃത്തികളിൽ ഏർപ്പെട്ടതായി പറയാൻ കഴിയില്ല.താൻ വഹിക്കുന്ന ഉന്നതസ്ഥാനത്തിന്റെ അന്തസ് തിരിച്ചുപിടിക്കാൻ മോദി മാപ്പ് പറയണമെന്നും മന്മോഹൻ സിങ് ആവശ്യപ്പെട്ടു.

എന്നാൽ മന്മോഹൻ സിങ്ങിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തി. മണിശങ്കർ അയ്യരുടെ വീട്ടിലെ വിരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കോൺഗ്രസ് വെളിപ്പെടുത്തണമന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ യോഗത്തിന്റെ ആവശ്യമെന്തായിരുന്നുവെന്നും ജെയ്റ്റ്‌ലി ചോദിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പടുന്നത് അത്ഭുതകരമാണ്.കേന്ദ്ര സർക്കാരിനെ അറിയിക്കാതെ പാക് നയതന്ത്രപ്രതിനിധികളുമായി ചർച്ച നടത്തിയ കോൺഗ്രസ് അതിസാഹസമാണ് കാട്ടിയതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ഭീകരവാദവും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന നിലപാട് അംഗീകരിക്കാൻ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിക്കും ബാധ്യതയുണ്ട്. അത് അംഗീകരിക്കാൻ തയ്യാറാകാത്തവർ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും. മുമ്പത്തെ ഒരു സർക്കാരും ഭീകരവാദത്തെ ഇത്രയധികം കാര്യക്ഷമതയോട നേരിട്ടിട്ടില്ലെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

രാവിലെ പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ ഈ വിഷയത്തിൽ പ്രതികരിച്ചതോടെയാണ് നാടകം തുടങ്ങിയത്.തിരഞ്ഞെടുപ്പുകൾ സ്വ്ന്തം കരുത്തിൽ ജയിക്കണമെന്നും പാക്കിസ്ഥാനെ അതിലേക്ക് വലിച്ചിഴയ്ക്കരുതന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ മാസം ആറിനാണ് മണിശങ്കർ അയ്യരുടെ വസതിയിൽ വിരുന്ന് നടന്നത്. പാക്മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മെഹ്മൂദ് കസൂരിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ ഒരുമുൻ കരസേനാമേധാവിയും പങ്കെടുത്തിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നുവെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ടെന്നും പലൻപൂരിൽ നടന്ന റാലിയിൽ മോദി ആരോപിച്ചിരുന്നു.

വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദി ആരോപണവുമായി രംഗത്തെത്തിയത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഉന്നത പാക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇത് മൂന്ന് മണിക്കൂർ നീണ്ട ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണിശങ്കർ അയ്യർ തന്നെ നീചൻ എന്ന് വിശേഷിപ്പിച്ചത്.

മണിശങ്കർ അയ്യരുടെ വസതിയിൽ നടന്ന ഈ കൂടിക്കാഴ്ചയെപ്പറ്റി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നുവെന്നും മോദി അവകാശപ്പെട്ടു. പാക് സൈനിക ജനറലായിരുന്ന സർദാർ അർഷാദ് റഫീഖ് യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഹമ്മദ് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങൾ സംശയമുണർത്തുന്നതാണ്.

കൂടിക്കാഴ്ച സംബന്ധിച്ച് കോൺഗ്രസ് ജനങ്ങളോട് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.ഏതായാലും ബിജെപി-കോൺഗ്രസ് പോരിന് പുതിയ മുഖം നൽകിയിരിക്കുകയാണ് ഈ വിവാദം.