തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ പെട്ട മൽസ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാൻ പൂന്തുറയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരീരഭാഷ തന്നെ കാരുണ്യത്തിന്റേതായിരുന്നു.ബാരിക്കേഡിലേക്ക് കൈയൂന്നി പരാതികളും, പരിഭവങ്ങളും ശ്രദ്ധയോടെ കേട്ട് നിൽക്കുന്ന മോദിയുടേത് തികഞ്ഞ ജനകീയനേതാവിന്റെ ശരീരഭാഷയായിരുന്നു.

കടലിന്റെ മക്കളോട് കാട്ടിയ കരുണയും കരുതലും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും ഹൃദയത്തിൽ തട്ടി.മുഖ്യമന്ത്രിയും മറ്റുജനപ്രതിനിധികളുമായി കൂടിക്കാഴ്ച സർക്കാർ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു.യോഗം കഴിഞ്ഞ് ആർച്ച് ബിഷപ്പ് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്ത് സൂസപാക്യത്തിന്റെ കൈകൾ വിറയ്ക്കുന്നത് മോദിയുടെ ശ്രദ്ധയിൽ പെട്ടു.

പ്രധാനമന്ത്രി അദ്ദേഹത്തെ തിരികെ വിളിച്ചു. കൈകൾ വിറയ്ക്കുന്നത് ഒരുപക്ഷേ പാർക്കിൻസൺസ് രോഗത്തിന്റെ തുടക്കമാകാമെന്ന് അദ്ദഹം നിരീക്ഷിച്ചു.ഹോമിയോപ്പതി ചികിൽസയായിരിക്കും ആർച്ച് ബിഷപ്പിന് നല്ലതെന്ന് പറഞ്ഞു.' താങ്കൾ താമസിയാതെ തന്നെ ചികിൽസ തുടങ്ങണം.പ്രാരംഭഘട്ടത്തിൽ ചികിൽസ തുടങ്ങിയാൽ ഫലപ്രദമായിരിക്കും',അദ്ദേഹം സൂസപാക്യത്തോട് പറഞ്ഞു.

പ്രധാനമന്ത്രി തന്റെ ആരോഗ്യത്തിൽ കാട്ടുന്ന കരുതൽ ഉള്ളിൽ തട്ടിയ സൂസപാക്യം മനസ് തുറന്ന് നന്ദി പറഞ്ഞു.നേരത്തെ സഭാനേതാക്കൾ മോദിക്ക് ഒരു മെമോറാണ്ടം സമർപ്പിച്ചിരുന്നു. അത് സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:' നിങ്ങളുടെ ആവശ്യങ്ങളിൽ ഞാൻ എന്തെങ്കിലും പ്രഖ്യാപനങ്ങൾ നടത്തുന്നതിലല്ല കാര്യം. എന്റെ സന്ദർശനോദ്ദേശ്യം ദുരന്തത്തിനിരയായവരുടെ ദുഃഖങ്ങൾ പങ്കിടുകയാണ്. അതു മാത്രമല്ല, എന്റെ സന്ദർശനത്തോടെ, സർക്കാർ സംവിധാനം ഒന്നടങ്കം അടിയന്തര സ്വഭാവത്തോടെ പ്രവർത്തിച്ചുകൊള്ളും. ഇത് രക്ഷാദൗത്യവും-പുനരധിവാസ പ്രവർത്തങ്ങളും ഊർജ്ജിതമാക്കാൻ സഹായിക്കും'.