- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാത്മാവ് സ്വാതന്ത്ര്യമോഹം ജനകീയമാക്കിയതുപോലെ ഞാൻ വികസനം ജനകീയമാക്കും; ചെറിയ കാര്യങ്ങൾ ചെയ്യുന്ന ചെറിയ മനുഷ്യനാണ് ഞാൻ; ലോകത്തിന് മുഴുവൻ ഇന്ത്യ തൊഴിലാളികളെ നൽകും; മോദിയുടെ അത്യുഗ്രൻ പ്രസംഗത്തിൽ ഇളകിമറിഞ്ഞ് അമേരിക്ക
ന്യൂയോർക്ക്: അക്ഷരാർഥത്തിൽ ജനം ഇളകിമറിയുകയായിരുന്നു മാഡിസൺ സ്‌ക്വയറിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഇന്ത്യൻ വംശജർ ഒരുക്കിയ സ്വീകരണം മറ്റൊരു ഇന്ത്യൻ നേതാവിനും ലഭിക്കാത്തത്ര മോടിയിലായിരുന്നു. വികസനത്തിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കിയ മോദിയുടെ പ്രസംഗം നിലയ്ക്കാത്ത കരഘോഷത്തോടെയാണ് മാഡിസൺ സ്‌ക്വയറിൽ തി
ന്യൂയോർക്ക്: അക്ഷരാർഥത്തിൽ ജനം ഇളകിമറിയുകയായിരുന്നു മാഡിസൺ സ്‌ക്വയറിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഇന്ത്യൻ വംശജർ ഒരുക്കിയ സ്വീകരണം മറ്റൊരു ഇന്ത്യൻ നേതാവിനും ലഭിക്കാത്തത്ര മോടിയിലായിരുന്നു. വികസനത്തിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കിയ മോദിയുടെ പ്രസംഗം നിലയ്ക്കാത്ത കരഘോഷത്തോടെയാണ് മാഡിസൺ സ്‌ക്വയറിൽ തിങ്ങിക്കൂടിയ ഇന്ത്യൻ വംശജർ സ്വീകരിച്ചത്.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ചാണ് താൻ സ്വപ്നം കാണുന്നതെന്നാണ് നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ ഇരുപതിനായിരത്തോളം വരുന്ന പ്രവാസി ഭാരതീയരോട് പറഞ്ഞത്. വികസനത്തെ ജനകീയപ്രസ്ഥാനമാക്കും. നിർഭാഗ്യവശാൽ വികസനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ സർക്കാരിനു മാത്രമായിരുന്നു. ഇനിയത് ജനങ്ങൾക്കുകൂടിയുള്ളതാണ്. മഹാത്മാഗാന്ധി ഓരോ ഭാരതീയനെയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാക്കിയതു പോലെ വികസനത്തിൽ ജനങ്ങളെയാകെ പങ്കാളികളാക്കും. ഉത്തരവാദിത്വം നിറവേറ്റുമെന്നും മോദി പറഞ്ഞു.
പ്രതീക്ഷകൾ നിറവേറ്റും
ഈ സർക്കാരിൽ ഇന്ത്യക്കാരെപ്പോലെ പ്രവാസികളും ഏറെ പ്രതീക്ഷവയ്ക്കുന്നുണ്ടെന്ന് തനിക്കറിയാമെന്ന് മോദി പറഞ്ഞു. പ്രതീക്ഷകൾ നൂറു ശതമാനം നിറവേറ്റും. നിരാശപ്പെടുത്തുന്ന യാതൊന്നും ഞാൻ ചെയ്യില്ല- മോദി പറഞ്ഞു.
21-ാം നൂറ്റാണ്ടിന്റെ നേതൃത്വം ഭാരതത്തിന്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നേതൃത്വം ഏറ്റെടുക്കാൻ ഭാരതത്തിനു കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ലോകം മനസിലാക്കിയിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ ലോകത്തെ ഇന്ത്യ നയിക്കും. മറ്റു ലോകരാജ്യങ്ങൾക്കില്ലാത്ത മൂന്നു സവിശേഷതകളാണ് ഇന്ത്യക്കുള്ളത്. ജനാധിപത്യം, 35 വയസിൽ താഴെയുള്ളവർക്കുള്ള മുൻതൂക്കം, വലിയ കമ്പോളം. ഈ മൂന്നു ശക്തികളും ഒരുമിച്ചു ചേർത്താൽ ലോകത്തിൽ സ്വന്തമായ ഇടം ഇന്ത്യക്ക് പിടിച്ചെടുക്കാനാകും. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ജനാധിപത്യവും ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവാക്കളുമാണ്. ലോകം ഇന്ത്യയെയാണ് ഉറ്റു നോക്കുന്നത്.
ലോകത്തിന്റെ തൊഴിൽസേന ഇന്ത്യയിൽ നിന്ന്
യുവാക്കളുടെ കഴിവുകൾ വർധിപ്പിച്ചു ലോകത്തിനാകെത്തന്നെ തൊഴിൽശക്തി പ്രദാനം ചെയ്യാൻ ഭാരതത്തിനാകുമെന്നും അതു സാധ്യമാക്കുമെന്നും മോദി പറഞ്ഞു. അധികം വൈകാതെതന്നെ ലോകത്തിന് വേണ്ട തൊഴിൽ സേനയെ ഇന്ത്യ നൽകും. ലോകത്തിന് അദ്ധ്യാപകരെ വേണം. ഇന്ത്യ അദ്ധ്യാപകരെ നൽകും. ഇന്ത്യൻ യുവാക്കളുടെ പ്രതിഭ ലോകം തിരിച്ചറിയും.
ഞാൻ ചെറിയ മനുഷ്യർക്കുവേണ്ടി ചെറിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചെറിയ മനുഷ്യനാണ്. ഞാൻ ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. അത് പ്രധാനമന്ത്രിയുടെ ജോലിയാണോയെന്ന് എനിക്കറിയില്ല.
കുറഞ്ഞ ചെലവിൽ കൂടുതൽ നേട്ടങ്ങൾ
കുറഞ്ഞ ചെലവിൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും സുലഭമായ മാനവശേഷിക്കും നിങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം. ഇന്ത്യയിൽ നിർമ്മിക്കുക. നമ്മുടെ യുവാക്കളുടെ കഴിവുകൾ ഇന്ത്യയെ അതിവേഗം മുന്നോട്ട് നയിക്കും. വികസനത്തെ ബഹുജന പ്രസ്ഥാനമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു. അഹമ്മദാബാദിൽ ഒരു കിലോ മീറ്റർ റിക്ഷയിൽ സഞ്ചരിക്കാൻ പത്ത് രൂപ ചെലവാകും. ചൊവ്വയിലേക്ക് നമ്മൾ 65 കോടി കിലോ മീറ്റർ പോയി. ഒരു കിലോ മീറ്ററിന് ഏഴു രൂപയായിരുന്നു ചെലവ്. അതാണ് നമ്മുടെ പ്രതിഭ. നമ്മുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ഒരു ഹോളിവുഡ് സിനിമയുടേതിനെക്കാൾ കുറവാണ്.
മഹാത്മാഗാന്ധി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് എത്തിയത്തിന്റെ ശതാബ്ദി വാർഷികം അടുത്ത വർഷമാണ്. അടുത്ത വർഷം അഹമ്മദാബാദിൽ നടക്കുന്ന പ്രവാസി സമ്മേളനത്തിന് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ ഒരു രാഷ്ടീയ നേതാവിനും ഇത്രയും അംഗീകാരം ലഭിച്ചത് താൻ കണ്ടിട്ടില്ലെന്നും നിങ്ങൾ തരുന്ന ഈ സ്‌നേഹത്തിന് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞാണ് ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗം നരേന്ദ്ര മോദി അവസാനിപ്പിച്ചത്.
പ്രവാസികൾക്ക് വോട്ടവകാശം
ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് (പിഐഒ കാർഡ്) സ്ഥിരം വിസ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് വിസ ഓൺ അറൈവൽ ഏർപ്പെടുത്തും. ഭാവിയിൽ പിഐഒയും ഒസിഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡും ഏകോപിപിക്കും. പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
കണ്ണും മനവും നിറച്ച് വർണാഭമായ സ്വീകരണം
ലോകകപ്പ് ക്രിക്കറ്റ്-ഫുട്‌ബോൾ മത്സരങ്ങളുടെ ഉദ്ഘാടനച്ചടങ്ങെന്നതുപോലെ കലകളുടെയും നിറങ്ങളുടെയും കൺകുളിർപ്പിക്കുന്ന കാഴ്ചകളായിരുന്നു മാഡിസൺ സ്‌ക്വയർ സമ്മാനിച്ചത്. മോദിയെ സ്വീകരിക്കാനായി മുപ്പതോളം സെനറ്റ്‌കോൺഗ്രസ് അംഗങ്ങളും ചടങ്ങിലേക്ക് എത്തിയിരുന്നു. മോദിയുടെ പ്രസംഗത്തിന് മുൻപായി ഗുജറാത്തി കലാരൂപങ്ങളുടെ അവതരണവും ഫ്യൂഷൻ ഡാൻസും ദമ്പതികളായ കവിതാ കൃഷ്ണമൂർത്തിയും എൽ സുബ്രഹ്മണ്യവും അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു. വേദിയിൽ സംഗീത പരിപാടി നടക്കുമ്പോൾ അമേരിക്കൻ ചിത്രകാരൻ മോദിയുടെ ചിത്രം തത്സമയം വരച്ചു.
ഇന്ത്യൻസമയം രാത്രി ഒമ്പതരയോടെയാണ് പ്രധാനമന്ത്രി മാഡിസൺ സ്‌ക്വയറിൽ എത്തിയത്. ഒരു വിദേശ രാഷ്ട്രത്തലവന് അമേരിക്കയിൽ നൽകുന്ന ഏറ്റവും വലിയ സ്വീകരണമാണ് സംഘാടകർ മോദിക്ക് നൽകിയത്. മോദിയുടെ പ്രസംഗം തത്സമയം ടൈംസ് സ്‌ക്വയറിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
മോദിയുടെ ചിത്രമുള്ള ടീ ഷർട്ടുകൾ ധരിച്ച് ആയിരക്കണക്കിനു യുവാക്കളാണ് ഇന്നലെ രാവിലെമുതൽ സ്വീകരണസ്ഥലത്തെത്തിയത്. ഇന്ത്യൻ നേതാവിന് ഇത്ര ആവേശോജ്വല സ്വീകരണം ലഭിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ-അമേരിക്കൻ കമ്യൂണിറ്റി ഫൗണ്ടേഷനാണ് സ്വീകരണം സംഘടിപ്പിച്ചത്. യുഎസിലെ നാനൂറോളം ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ പരിപാടിക്ക് പിന്തുണ നൽകി. സ്വീകരണച്ചടങ്ങിന്റെ മുഖ്യപ്രായോജകർ ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള കമ്പനികളായ അഡാനിയും അമുലുമായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരണസ്ഥലത്തെത്തിയത് നരേന്ദ്ര മോദി സിന്ദാബാദ്, ഭാരത് മാതാ കീ ജയ്, വെൽക്കം മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണ്. 360 ഡിഗ്രിയിൽ കറങ്ങുന്ന വേദിയിലായിരുന്നു മോദിയുടെ പ്രസംഗം. ഗവർണറും 45 പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ 2600 വിഐപികളും ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തി. ഇന്ത്യൻ വംശജരായ സൗത്ത് കാരലീന ഗവർണർ നിക്കി ഹാലെ, യുഎസ് സ്‌റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാൾ എന്നിവരും സംബന്ധിച്ചു.
മോദിക്ക് ഇപ്പോഴും വിസയില്ല, മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളിൽ രാജ്യം തേടുന്നയാൾ, ഇന്ത്യയിൽ ന്യൂനപക്ഷപീഡനം നിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വേദിക്കുപുറത്ത് മോദി വിരുദ്ധ പ്രകടനങ്ങളും നടന്നു. അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നേരത്തെ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ അമേരിക്കൻ യുവജനങ്ങളെയും മോദി അഭിസംബോധനചെയ്തു. മൂന്നാം ലോകത്തെ ഭാവിതലമുറയോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചു അമേരിക്കൻ ജനതയെ മോദി ഓർമിപ്പിച്ചു. നിങ്ങളുടെ സുഖസൗകര്യങ്ങൾ ലഭിക്കാത്തവരുടെ ജീവിതങ്ങളെയാണു നിങ്ങൾ സ്പർശിക്കുന്നത്. നിങ്ങൾ കണ്ടിട്ടില്ലാത്തവരെക്കുറിച്ചു നിങ്ങൾ ചിന്തിക്കുന്നു. ഈ ചിന്തയിൽനിന്നു കർമപദ്ധതികൾ ഉടലെടുത്താൽ ഭാവി നല്ലതാകുമെന്ന് ഉറപ്പിക്കാമെന്നും മോദി പറഞ്ഞു. 2030ന് മുമ്പ് ലോകത്ത് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഗ്ലോബൽ സിറ്റിസൺസ് ഫെസ്റ്റ് എന്ന സംഘടനയുടെ വേദിയിലാണ് മോദി ഇത് പറഞ്ഞത്.