- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദം; ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ കൊണ്ട് അതിന് ഉത്തരം പറയിക്കണം; കോവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 150ൽ അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാൻ കഴിഞ്ഞു; വാക്സിൻ ഉൽപ്പാദനത്തിലും വിതരണത്തിലും ഇന്ത്യക്ക് വലിയ പങ്കുവഹിക്കാൻ കഴിയും': ബ്രിക്സ് ഉച്ചകോടിയിൽ മോദിയുടെ വാക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് മോദി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ മരുന്ന് ഉൽപാദനത്തിൽ വലിയ സംഭാവന നൽകാൻ ഇന്ത്യയ്ക്ക് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയാണ് 12-ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ നീട്ടിവെച്ച ഉച്ചകോടിയിൽ വെർച്വൽ ആയാണ് മോദി അഭിസംബോധന ചെയ്തത്.
തീവ്രവാദമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഈ പ്രശ്നത്തെ നേരിടുന്നതിന് ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. - മോദി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് എന്ന ഇന്ത്യയുടെ ആശയത്തെക്കുറിച്ച് മോദി ഉച്ചകോടിയിൽ സംസാരിച്ചു. മരുന്ന് ഉൽപാദന മേഖലയിൽ ഇന്ത്യയുടെ വലിയ ശേഷി മൂലം കോവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 150ൽ അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേരീതിയിൽ വാക്്സിൻ ഉൽപാദനത്തിലും വിതരണത്തിലും ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു.
ഐ.എം.എഫ്, ഡബ്ല്യൂ.എച്ച്.ഒ, ഡബ്ല്യൂ.ടി.ഒ എന്നിവയിൽ നവീകരണം ആവശ്യമാണ്. ഈ ആഗോള സംഘടനകളുടെ കാര്യക്ഷമതയെപ്പറ്റി ചോദ്യങ്ങൾ ഉയരുകയാണ്. കാലത്തിനൊത്ത് മാറാൻ ഇവയ്ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം, മോദി പറഞ്ഞു. 2021-ൽ ബ്രിക്സ് 15 വർഷം പൂർത്തിയാക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ബ്രിക്സ് എടുത്ത വിവിധ തീരുമാനങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു റിപ്പോർട്ട് ഇതോടനുബന്ധിച്ച് തയ്യാറാക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ, റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുതിൻ എന്നിവരും ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷ സാഹചര്യത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ ഇരു രാജ്യതലവന്മാരും ഒരുമിച്ച് പങ്കെടുക്കുന്നത്. നേരത്തെ ഷാങ്ഹായ് സഹകരണ സംഘടനയുടെ വെർച്വൽ ഉച്ചകോടിയിൽ മോദിയും ഷി ജൻപിങ്ങും പങ്കെടുത്തിരുന്നു
മറുനാടന് ഡെസ്ക്