ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ടെലിഫോണിലൂടെ ചർച്ച നടത്തി. ഇന്ത്യ അമേരിക്കൻ വാക്‌സിൻ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്ന് കമല ഹാരിസ് പ്രധാനമന്ത്രി മോദിയെ അറിയിച്ചു. ഇതിൽ പ്രധാനമന്ത്രി മോദി സന്തോഷം അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ ആരോഗ്യ സംവിധാനങ്ങൾ കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തേണ്ട പ്രധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തു. വാക്‌സിൻ ഉത്പാദന വർദ്ധനവ് അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.

കമല ഹരിസുമായി സംസാരിച്ച കാര്യം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കമല ഹരിസ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലും അവരുടെ ബിസിനസുകൾക്കും നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.