ലണ്ടൻ: ലണ്ടനിലെത്തിയതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. ഈ ആഗോളവത്കൃത ലോകത്തിലും ലണ്ടൻ നമ്മുടെ നിലവാരത്തിന്റെ ചിഹ്നമായി നിൽക്കുന്നു. മാനവികതയുടെയും മനുഷ്യസമൂഹത്തിന്റെ മികച്ച നേട്ടങ്ങളുടെയും ചിഹ്നങ്ങൾ ഇവിടെയുണ്ട്. മാത്രമല്ല, ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് അങ്ങേയറ്റത്തെ ചാരിതാർഥ്യവുമുണ്ട്. ഇതിന്റെ കവാടങ്ങൾ ഞങ്ങൾക്കായി തുറന്നുതന്നതിന് മിസ്റ്റർ സ്പീക്കർ, താങ്കൾക്ക് നന്ദി. പാർലമെന്റിന്റെ സമ്മേളനകാലയളവല്ല ഇതെന്ന് എനിക്കറിയാം. പ്രധാനമന്ത്രി കാമറോൺ അത്രയേറെ ശാന്തനായി കാണപ്പെടുന്നതും അതുകൊണ്ടാണ്.

ഇന്ത്യയുടെ ആധുനിക ചരിത്രത്തിന് ഈ മന്ദിരത്തോട് വല്ലാത്ത ബന്ധമുണ്ട്. ചരിത്രം നമ്മുടെ ബന്ധത്തെ അത്രത്തോളം ഇഴപിരിയാത്തതായി നിർത്തുന്നു. പലരും ചരിത്രത്തിലെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് നിർബന്ധിതരായി സംസാരിക്കേണ്ടിവന്നിട്ടുണ്ടാകും. എന്നാൽ, ഞാൻ സംസാരിക്കാൻ പോകുന്നത് അതല്ല. ഇന്ത്യയിലെ ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികളുൾപ്പെടെയുള്ളവർക്ക് ആവേശം പകർന്നുകൊടുത്തത് ബ്രിട്ടീഷ് സ്ഥാപനങ്ങളാണ്. ആധുനിക ഇന്ത്യയുടെ ശില്പികളും എന്റെ മുൻഗാമികളുമായ ജവഹർലാൽ നെഹ്‌റു മുതൽ മന്മോഹൻ സിങ് വരെയുള്ളവർ ആ വഴികളിലൂടെ കടന്നുവന്നവരാണ്.

ഇന്ത്യയുടേതാണോ ബ്രിട്ടീഷുകാരുടേതാണോ എന്ന് വേർതിരിച്ച് പറയാൻ കഴിയാത്ത ഒട്ടേറെ വസ്തുക്കൾ ഇന്നുണ്ട്. ഉദാഹരണത്തിന് ജാഗ്വറിനെയും സ്‌കോട്ട്‌ലൻഡ് യാർഡിനെയും പോലെ. ബ്രൂക്ക്‌ബോണ്ട് ചായയെയും അന്തരിച്ച ഗുലാം നുൺ പ്രഭുവിന്റെ കറിയും പോലെ. ലോർഡ്‌സ് പിച്ചിലെ സ്വിങ്ങും ഈഡൻ ഗാർഡനിലെ പിച്ചിലെ വിള്ളലുകളും പോലെ. ലണ്ടനിലെ ഭാംഗ്ര റാപ്പ് ഞങ്ങൾ ആസ്വദിക്കുമ്പോൾ, ഇന്ത്യയിൽനിന്നുള്ള ഇംഗ്ലീഷ് നോവൽ നിങ്ങൾക്കും പ്രിയപ്പെട്ടതാകുന്നു.

പാർലമെന്റിലേക്ക് വരുന്നവഴി, ഞാനും പ്രധാനമന്ത്രി കാമറോണും പാർലമെന്റിന് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി. വിദേശത്തൊരു സന്ദർശനത്തിന് പോയപ്പോൾ ഞാൻ നേരിട്ട ഒരു ചോദ്യമോർക്കുന്നു. എങ്ങനെയാണ് ബ്രിട്ടീഷ് പാർലമെന്റിന് പുറത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ എത്താനിടയായത് എന്നായിരുന്നു ആ ചോദ്യം. ആ ചോദ്യത്തോടുള്ള എന്റെ ഉത്തരമിതായിരുന്നു. ഗാന്ധിജിയുടെ മഹത്വം മനസ്സിലാക്കാനുള്ള വിവേകം ബ്രിട്ടീഷുകാർക്കുണ്ട്. ഗാന്ധിജിയുടെ മഹത്വം പങ്കുവെക്കാനുള്ള വിവേകം ഇന്ത്യക്കാർക്കും. ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ബ്രിട്ടനും. മാത്രമല്ല, ഞങ്ങളുടെ കരുത്ത് ബുദ്ധിപൂർവം ഉപയോഗിക്കാനും ഭാവിയിൽ കൂടുതൽ ദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കാനും ഇന്ത്യക്കും ബ്രിട്ടനും അറിയാം.

അതുകൊണ്ടുതന്നെ, ഞാനിവിടെ നിൽക്കുന്നത് ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം കിട്ടിയ മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനായിട്ടല്ല. നാം പങ്കുവച്ച വലിയൊരു പാരമ്പര്യത്തിന്റെയും പ്രസ്ഥാനത്തിന്റെയും പ്രതിനിധിയായാണ്. വെംബ്ലിയിൽ ഞാനും പ്രധാനമന്ത്രി കാമറോണും നിൽക്കുമ്പോൾ, അവിടെ തടിച്ചുകൂടുന്ന ജനങ്ങൾ പങ്കുവെക്കുക ആ പാരമ്പര്യത്തെയും മൂല്യങ്ങളെയുമാകും.

സിംഗപ്പുരും മലേഷ്യയും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിലെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ മൂന്നാമത്തെ വലിയ സ്രോതസ്സാണ് ഇന്ത്യയും. യൂറോപ്യൻ യൂണിയനിലെ മറ്റെല്ലാ രാജ്യങ്ങളെയും ചേർത്തൈടുത്താലും അതിലേറെ ബ്രിട്ടനിൽ നിക്ഷേപിക്കാൻ ഇന്ത്യക്കാർ തയ്യാറാകുന്നു. പരിചിതവും സ്വാഗതാർഹവുമായ അന്തരീക്ഷം ഇവിടെയുണ്ടെന്നതാണ് അതിന് കാരണം. അതുകൊണ്ടാണ് ഇന്ത്യയുടെ പ്രതീകങ്ങളിലൊന്നായ ടാറ്റ എന്ന വ്യവസായി ബ്രിട്ടന്റെ ചിഹ്നങ്ങളിലൊന്നിനെ സ്വന്തമാക്കിയതും ബ്രിട്ടനിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽ ദാതാവായി മാറിയതും.

ഇന്ത്യയിലെ വിദ്യാർത്ഥികളുടെയും ഏറ്റവും പ്രിയപ്പെട്ട ആശ്രയമാണ് ബ്രിട്ടൻ. ആയിരത്തോളം ബ്രിട്ടീഷ് വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിച്ച് ഐ.ടി. മേഖലയിൽ പ്രാവീണ്യം നൽകാനുള്ള ഒരു ഇന്ത്യൻ സ്ഥാപനത്തിന്റെ ശ്രമത്തെയും ഞാൻ അഭിനന്ദിക്കുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ബ്രിട്ടനും ഇന്ത്യയും യോജിച്ചാണ് മുന്നേറുന്നത്. ഭക്ഷണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും അറിവുകൾ പങ്കുവച്ചും സഹകരിച്ചുമാണ് നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ നേരിടുമ്പോഴും നാം ഒറ്റക്കെട്ടാണ്.

നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരായി വീട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, നമ്മുടെ സുരക്ഷാസംവിധാനങ്ങളും യോജിച്ച് പ്രവർത്തിക്കുന്നു. വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ ഇരയായി മാറാതിരിക്കാൻ ആ മേഖലയിലും യോജിച്ച് പ്രവർത്തിക്കുന്നു. നമ്മുടെ സൈന്യങ്ങൾ ഒരുമിച്ച് പരിശീലനം നടത്തുന്നു. ഇക്കൊല്ലം മാത്രം ഇന്ത്യൻ സേനയും ബ്രിട്ടീഷ് സേനയും മൂന്നുതവണ യോജിച്ച് പരിശീലനം നടത്തി.

അന്താരാഷ്ട്ര സമൂഹത്തിലും ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിനും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും മേഖലകളിലും ഇന്ത്യയ്ക്ക് അർഹമായ പരിഗണന കിട്ടുന്നതിനും ബ്രിട്ടന്റെ പിന്തുണ അങ്ങേയറ്റം സഹായകരമായി നിൽക്കുന്നു. അതൊക്കെ നമ്മുടെ പൊതുവായ താത്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായകരമാകുന്നു.

സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും കൂടുതൽ വലിയ സ്വപ്‌നങ്ങൾ നാം ലക്ഷ്യമിടണം. രണ്ട് വലിയ ജനാധിപത്യ ശക്തികളാണ് ഇന്ത്യയും ബ്രിട്ടനും. രണ്ട് വലിയ സാമ്പത്തിക ശക്തികൾ, പുരോഗമനം ആഗ്രഹിക്കുന്ന രണ്ട് സമൂഹങ്ങൾ. ദീർഘകാലമായുള്ള സഹകരണവും പരിചയവും നമുക്ക് തുണയായുണ്ട്. ആഗോള സാമ്പത്തിക സമൂഹത്തിൽ ബ്രിട്ടന്റെ സ്വാധീനം ഏറെ നിർണായകമാണ്.

ലോകത്തിന്റെ പ്രതീക്ഷയുടെയും അവസരങ്ങളുടെയും പുതിയ ഭൂമികയാണ് ഇന്ത്യ. വെറും ഉപരിപ്ലവമായ പ്രസ്താവനയല്ല. കണക്കുകളിലൂടെ വെളിപ്പെടുന്ന വസ്തുതയാണ്. 125 കോടി ജനങ്ങൾ ജീവിക്കുന്ന, അതിൽ 80 കോടിയും 35 വയസ്സിൽത്താഴെ പ്രായമുള്ളവരായിട്ടുള്ള സമൂഹമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ശുഭാപ്തിവിശ്വാസവും ഊർജവും കടന്നുവരുന്നത് ഞങ്ങളുടെ യുവജനങ്ങളിൽനിന്നാണ്. മാറ്റത്തിനുവേണ്ടി പരിശ്രമിക്കുകയും അത് കൈവരിക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്ന യുവത്വമാണത്. ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ ആ മാറ്റം നിങ്ങൾക്ക് അനുഭവിച്ച് അറിയാനാകും.

ലോകം ഇപ്പോൾ ഒരേ സ്വരത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടുന്നതു സംബന്ധിച്ചാണ്. ആഗോളതീവ്രവാദത്തിനെതിരെ യോജിച്ച് പോരാടുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭയിൽ സമ്മേളനം വിളിച്ചുകൂട്ടാൻ ഇനിയും വൈകിക്കൂടാ. ഭീകരരെ വേർതിരിച്ച് കാണേണ്ട കാര്യമില്ല. രാജ്യങ്ങളെയും ഒറ്റപ്പെടുത്തേണ്ടതില്ല. സത്യസന്ധമായി ആഗോള സുരക്ഷയ്ക്കുവേണ്ടി പൊരുതാൻ തയ്യാറായ രാജ്യങ്ങൾ യോജിച്ച് നിൽക്കേണ്ട ഘട്ടമാണിത്.