ലക്‌നോ: യുദ്ധഭൂമിയായ യുക്രെയ്‌നിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനായി എല്ലാ മാർഗവും തേടും. എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ ഗംഗയിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നു. യുക്രെയ്‌നിൽ കുടുങ്ങികിടക്കുന്ന നമ്മുടെ മക്കളെ എത്രയും പെട്ടെന്നു തിരികെ കൊണ്ടുവരും. ഇതിനായി സർക്കാർ രാവും പകലും പ്രവർത്തിക്കുകയാണ്. എത്ര പ്രതിസന്ധിയുണ്ടെങ്കിലും എല്ലാവരെയും ഇന്ത്യയിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ ബസ്തിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളോട് അനുഭാവം പുലർത്തുന്നവർ ഒരിക്കലും രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നും സംസ്ഥാനങ്ങൾ ശക്തിപ്പെടുന്‌പോൾ മാത്രമേ നമ്മുടെ രാജ്യം ശക്തമാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം യുക്രൈനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനും നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കി അവരെ ഉടൻ രാജ്യത്തേക്ക് എത്തിക്കണം.

കൊടും തണുപ്പിൽ നടന്ന് പോളണ്ടിൽ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല. വിദ്യാർത്ഥികളെ സൈനികർ തടയുകയാണ്. ഇത് പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണം. മോൾഡോവ വഴിയുള്ള രക്ഷാദാത്യം ആരംഭിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായ എല്ലാ സഹായങ്ങൾക്കും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നന്ദിയും രേഖപ്പെടുത്തി.