ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം. റഷ്യയിൽ നിന്നുള്ള മടക്കയാത്രയിൽ അഫ്ഗാനിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പാക്കിസ്ഥാനിലെത്തി. മോദിയെ സ്വീകരിക്കാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോറിലെ വിമാനത്താവളത്തിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകൾ നേരാൻ കാബൂളിൽ നിന്ന് വൈകിട്ട് നാലരയോടെയാണ് പാക്കിസ്ഥാനിലേക്ക് മോദി ലാഹോറിലെത്തിയത്. അഫ്ഗാൻ സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പായി പാക്കിസ്ഥാനിലിറങ്ങി നവാസ് ഷെരീഫുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്ന് കാബൂളിൽ നിന്നും മോദി ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അഫ്ഗാനിൽ ഇന്ത്യ നിർമ്മിച്ചു നൽകിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നു രാവിലെയാണ് റഷ്യയിൽ നിന്നും മോദി അഫ്ഗാനിലെത്തിയത്. ഇതും അതീവ രഹസ്യമായിരുന്നു. എന്നാൽ അപ്പോഴും പാക് യാത്രയുടെ സൂചന പോലും നൽകിയില്ല.

മോദിക്ക് ലാഹോർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിമാനത്താവളത്തിൽ മോദിയെ ആശ്‌ളേഷിച്ചാണ് വരവേറ്റത്. പിന്നീട് അദ്ദേഹത്തെ ഷെരീഫ് തന്റെ ലാഹോറിലെ വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഇരുവരും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചരിത്രത്തിൽ ഇടം പിടിക്കുന്ന അപ്രതീക്ഷിത നീക്കമാണ് മോദി നടത്തിയത്. മൂന്ന് മണിക്കൂറോളമാണ് മോദി പാക്കിസ്ഥാനിൽ ചെലവഴിച്ചത്. ഏഴരയോടെ ലാഹോറിൽ നിന്നും മോദി മടങ്ങി. അന്താരാഷ്ട്ര സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ യാത്രയെ കാണുന്നത്. സൗഹൃദാന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്ന് പാക്കിസ്ഥാൻ അറിയിച്ചു.

പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി പാക്കിസ്ഥാനിലെത്തുന്നത്. കാബൂൾ സന്ദർശനത്തിന് ശേഷം വൈകിട്ടോടെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്നതാണ് മോദി. മോദിയുടെ അപ്രതീക്ഷിത തീരുമാനം ഏവരേയും അത്ഭുതപ്പെടുത്തി.നവാസ് ഷെരീഫിന്റെ പിറന്നാളാണ് മോദി സന്ദർശനത്തിനായി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി പാക്കിസ്ഥാനിലേക്ക് പോവാനിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചടങ്ങിനെത്തിയിരുന്നു.

1999ൽ മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയാണ് ഇതിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെയായിരുന്നു ആ സന്ദർശനവും. വാഗാ അതിർത്തി വഴി ലാഹോറിലെത്തിയ വാജ്‌പേയിയെ നവാസ് സ്വീകരിച്ചു. എന്നാൽ തൊട്ടു പിന്നാലെ ഇന്ത്യും പാക്കിസ്ഥാനും തമ്മിൽ കാർഗിൽ യുദ്ധമുണ്ടായി. അനൗപചാരികമായ ചർച്ചയും കൂടിക്കാഴ്ചയുമാവും പാക്കിസ്ഥാനിൽ മോദിയും-ഷെരീഫും നടത്തിയതെന്നാണ് റിപ്പോർട്ട്. നവാസ് ഷെരീഫിന് പിറന്നാൾ ആശംസ നേരുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്ത മോദി അധികം വൈകാതെ ഇന്ത്യയിലേക്ക് മടങ്ങും. അന്താരാഷ്ട്ര പ്രാധാന്യം അർഹിക്കുന്ന ഉഭയകക്ഷി ചർച്ചകളൊന്നും സന്ദർശനത്തിനിടയിൽ ഉണ്ടായില്ലെന്നാണ് സൂചന.

ലാഹോറിലെ അല്ലാമാ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ നവാസ് ഷെരീഫ് സ്വീകരിച്ചു. ഷെരീഫിന്റെ 66ാം പിറന്നാളിനോടനുബന്ധിച്ചാണ് മോദിയുടെ അപ്രതീക്ഷിത സന്ദർശനം. മോദി വരുന്ന കാര്യം തങ്ങൾ പോലും അറിഞ്ഞിരുന്നില്ലെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇരുവരും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വസതിയിലേക്ക് പോയി. നവാസിന്റെ വിരുന്നിൽ മോദി പങ്കെടുക്കുന്നുണ്ട്. അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. എന്നാൽ സന്ദർശനം ഇന്ത്യാപാക് ചർച്ചകളെ മുന്നോട്ടുനയിക്കുമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. സാർക്ക് ഉച്ചകോടിക്ക് മുന്നോടിയായുള്ള സന്ദർശനത്തിന് ഏറെ പ്രാധാന്യവുമുണ്ട്.

പാരിസിൽ കാലാവസ്ഥാ ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും മോദിയും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇന്ത്യാപാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ബാങ്കോക്കിൽ വച്ച് കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഹാർട്ട് ഓഫ് ഏഷ്യ' സമ്മേളനത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെത്തിയപ്പോൾ ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്ത വർഷം മോദി പാക്കിസ്ഥാനിലെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് സ്ഥിരീകരണം കൂടിയാണ് ഇപ്പോഴത്തെ സന്ദർശനം.

നേരത്തെ സുരക്ഷാ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ സന്ദർശനവും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന്റെ മുന്നോടിയായി നവാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും, ലാഹോറിൽ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നുമാണ് വിവരങ്ങൾ. നേരത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാൻ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു.

രണ്ടുദിവസത്തെ റഷ്യൻ സന്ദർശനത്തിനുശേഷം അഫ്ഗാനിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കാബൂളിൽ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പാർലമെന്റിന്റെ ഉദ്ഘാടനം രാവിലെ നിർവഹിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി, സിഇഒ അബ്ദുള്ള അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പാർലമെന്റിന്റെ ഒരു ബ്ലോക്കിന് മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്‌പേയിയുടെ പേര് അഫ്ഗാനിസ്ഥാൻ നൽകിയിട്ടുണ്ട്.

അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. മോദിയുടെ സാഹസിക സന്ദർശനം രാജ്യത്തിന് ദോഷം ചെയ്യുമെന്നും എന്ത് വിപത്താണ് രാജ്യത്തിനുണ്ടാകുക എന്നറിയില്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 12 വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായ എബി വാജ്‌പേയ് പാക്കിസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് കാർഗിൽ യുദ്ധമുണ്ടായത്. രാജ്യത്തെ വിശ്വാസത്തിലെടുക്കാതെയാണ് രഹസ്യ സന്ദർശനമെന്നും ഇത് മണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദർശനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ ജന്ദർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തുകയും മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിത്രമിടാനാണ് മോദി പാക്കിസ്ഥാൻ സന്ദർശിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. സാഹസിക കാര്യങ്ങളിൽ ഇടപെടുന്ന മോദി ദേശീയ സുരക്ഷ അപകടപ്പെടുത്തുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. മോദി പാക്കിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തുന്നത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാൾ ആഘോഷിക്കാനാണെന്ന് ജെഡി(യു) അധ്യക്ഷൻ കെസി ത്യാഗി ആരോപിച്ചു. എന്നാൽ യഥാർത്ഥ നയതന്ത്രജ്ഞന്റെ നീക്കമാണ് മോദി നടത്തിയതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

അതേസമയം, സന്ദർശനം ഇന്ത്യാപാക് ചർച്ചകളെ മുന്നോട്ടുനയിക്കുമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ മഞ്ഞുരുകുകയാണ്. എൻഎസ്എ തലത്തിൽ നടന്ന ചർച്ചയും സുഷമയുടെ പാക് സന്ദർശനവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ സന്ദർശനവും അതിന് സഹായകമാകുമെന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു. ചർച്ചകളിലൂടെയാണ് എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണേണ്ടത്. അയൽ രാജ്യവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.