ലണ്ടൻ: പ്രധാന മന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വിദേശ സന്ദർശനത്തിലൂടെയാണ്. ഇന്ത്യയിൽ ഇല്ലാത്ത പ്രധാനമന്ത്രി എന്ന ആക്ഷേപം ശത്രുക്കൾ ഉയർത്തുന്നുണ്ടെങ്കിലും ഓരോ സന്ദർശനവും വഴി വ്യക്തി എന്ന നിലയിൽ മോദിയും പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയും കൂടുതൽ അറിയപ്പെടുകയാണ് ചെയ്യുന്നത്. മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും ലഭിക്കാത്ത സ്വീകാര്യത എല്ലാ രാജ്യങ്ങളിലും മോദിക്ക് ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. മറ്റ് രാഷ്ട്ര തലവന്മാരിൽ നിന്നും ഇന്ത്യയുടെ മുൻ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി എവിടെ ചെന്നാലും പുറത്ത് പരിപാടി നടത്തി കയ്യടി വാങ്ങാൻ മോദി ടീം അതീവ വൈദഗ്ധ്യമാണ് കാട്ടുന്നത്.

അമേരിക്കയിലും ഓസ്‌ട്രേലിയായിലും ദുബായിലും ലഭിച്ചതിനേക്കാൾ വലിയ സ്വീകരണം ഒരുക്കുകയാണ് ബ്രിട്ടണിലെ ഇന്ത്യാക്കാർ. കോടീശ്വരന്മാരായ അനേകം ഗുജറാത്തികൾ പാർക്കുന്ന ബ്രിട്ടണിൽ പണത്തിന് ഒരു പഞ്ഞവുമില്ലെന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപുള്ള ഒരുക്കങ്ങൾ തന്നെ സാക്ഷി. ബ്രിട്ടീഷ് സർക്കാരോ ഇന്ത്യ ഗവൺമെന്റോ പ്രഖ്യാപിക്കും മുൻപ് മോദിയുടെ സന്ദർശന തീയതിയും പൊതുയോഗ തീയതികളും സംഘാടകർ പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബർ 13 ന് ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിൽ മോദി എത്തുമ്പോൾ അത് ഇന്നേ വരെ ലഭിച്ച ഏറ്റവും വലിയ സ്വീകരകണമാവുമെന്ന് ഉറപ്പായി കഴിഞ്ഞു. ഒളിപിംക്‌സിന്റെ ഉദ്ഘാടന ചടങ്ങുകളെ തോൽപ്പിക്കുന്ന കരിമരുന്ന് കലാപ്രകടനമാണ് മോദിയെ കാത്തിരിക്കുന്നത്.

ജാതിയും ദേശവും എല്ലാ മറന്ന് ഒന്നാവുകയെന്ന വികാരമാണ് ഒളിമ്പിക്‌സ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലണ്ട് സന്ദർശനത്തിലും ഈ വികാരത്തോടെ അദ്ദേഹത്തെ സ്വീകരിക്കാനാണ് ബ്രിട്ടണിലെ ഇന്ത്യൻ ജനത തയ്യാറെടുക്കുന്നത്. നവംബർ 13ന് വെംബ്ലി  സ്‌റ്റേഡിയത്തിൽ എഴുപതിനായിരത്തോളം വരുന്ന ഇന്ത്യാക്കാരെ മോദി അഭിസംബോധന ചെയ്യും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും ദുബായിലും മോദിക്ക് ലഭിച്ച സ്വീകരണത്തെ എല്ലാം മറികടക്കുന്ന തരത്തിലെ പദ്ധതികളാണ് ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം പദ്ധതിയിടുന്നത്. ഇംഗ്ലണ്ടിൽ ഇതു വരെ കാണാത്ത വിധമുള്ള കമ്പവും വെടിക്കെട്ടുമെല്ലാം മോദിക്കായി ഒരുക്കും. നവംബർ 12മുതൽ 14വരെയാകും മോദിയുടെ ഇംഗ്ലണ്ട് സന്ദർശനമെന്നാണ് സൂചന.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് സന്ദർശക വിലക്ക് ഏർപ്പെടുത്തിയ രാജ്യമാണ് യുകെ. ഗുജറാത്ത് കലാപത്തിന്റെ പേരിലുള്ള വിലക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് നീക്കിയത്. പ്രധാനമന്ത്രിയായ ശേഷം മോദിയെ ആദ്യം ക്ഷണിച്ചത് യുകെയായിരുന്നു. എന്നാൽ യുകെ സന്ദർശനത്തിന് ആദ്യ നാളുകളൊന്നും മോദി തെരഞ്ഞെടുത്തില്ല. ലണ്ടനിലെ ഗാന്ധി പ്രതിമാ അനാച്ഛാദനത്തിന് പോലും എത്തിയില്ല. എന്നാൽ ഓസ്‌ട്രേലിയയും ജർമ്മനിയും അമേരിക്കയും യുഎഇയും സന്ദർശിച്ച് നേടിയ ആഗോള നേതാവെന്ന ഖ്യാതിയുമായി ഇംഗ്ലണ്ടിലേക്ക് മോദി എത്തുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ മോദി പറയുന്ന ഓരോ വാക്കിനും പ്രസക്തിയും ഏറെയാണ്. മോദിയുടെ സ്വീകരണം ഗംഭീരമാക്കാൻ മുന്നിലുള്ളതും ഗുജറാത്തി പട്ടേലന്മാരാണ്.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ കരുത്ത്. അതു തന്നെയാണ് ഒളിമ്പിക്‌സ് സന്ദേശത്തിന്റെ കാതലും. ഈ ഒരുമയുടെ പശ്ചാത്തലത്തിലാകും മോദിയെ ഇംഗ്ലണ്ടിലെ ഇന്ത്യൻ സമൂഹം വരവേൽക്കുക. ഹൈന്ദവ മത പണ്ഡിതർക്കൊപ്പം ഇസ്ലാം, ക്രൈസ്തവ മത നേതാക്കളും മോദിയെ സ്വീകരിക്കാൻ മുന്നിലുണ്ടാകും. ബ്രിട്ടണിൽ ഒരു വിദേശ രാജ്യ തലവന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ഒരുക്കുകയാണ് ലക്ഷ്യം. 70,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ദുബായിൽ മോദിക്ക് നൽകിയ സ്വീകരണത്തിൽ 50,000 പേരാണ് പങ്കെടുത്തത്. ഇതിനെ മറികടക്കുകയാണ് ലക്ഷ്യം. അമേരിക്കയിലും ദുബായിലും മോദിയുടെ വരവ് ഉണ്ടാക്കിയ അതേ അവേശം ബ്രിട്ടണിലും നിറയുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ പരിപാടിയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി തയ്യാറായിട്ടില്ല. അതോടെ പദ്ധതിക്ക് കൂടുതൽ വ്യക്തത വരും.

അതിനിടെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ തത്വചിന്തകനായ ബസവേശ്വരയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലണ്ടനിൽ ക്ഷണമുണ്ട്. മോദിയെ ക്ഷണിക്കാനായി ലണ്ടൻ ബറോയുടെ ലാംബെത്തിലെ മുൻ മേയർ നീരജ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ന്യൂഡൽഹിയിലെത്തിയിരുന്നു. തേംസ് നദീ തീരത്ത് സ്ഥാപിക്കുന്ന പ്രതിമ മോദി ബ്രിട്ടൺ സന്ദർശിക്കുന്ന അവസരത്തിൽ അനാവരണം ചെയ്യാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ബസവേശ്വര ചിന്തകളോട് ആരാധന പുലർത്തുന്ന മോദി അദ്ദേഹത്തിന് ആദരവ് അർപ്പിച്ചിരുന്നു. പ്രതിമ സ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യൻ കമ്മ്യൂണിറ്റി നടത്തിയ ശ്രമങ്ങൾക്കും മോദി നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മോദി ഈ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നാണ് സൂചന.

തുർക്കി സന്ദർശനത്തിനു ശേഷമായിരിക്കും മോദി ബ്രിട്ടനിലെത്തുക. യാത്രയുടെ ക്രമീകരണങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ കഴിഞ്ഞമാസം ലണ്ടനിലെത്തിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന ആദ്യ ബ്രിട്ടീഷ് സന്ദർശനമായിരിക്കും ഇത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിക്കുമ്പോൾ ലോകപ്രശസ്തമായ കോഹിനൂർ രത്‌നം തിരിച്ചുനൽകണമെന്ന ആവശ്യവും ബ്രിട്ടീഷ് സർക്കാരിന് മേൽ സജീവമാകും. ഇരുനൂറ് വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഭാരതത്തെ ചൂഷണം ചെയ്തുവെന്നും അതിന് ബ്രിട്ടൺ നഷ്ടപരിഹാരം നൽകണമെന്നും ഓക്‌സ്‌ഫോർഡ് യൂണിയനിൽ ശശി തരൂർ നടത്തിയ പ്രസംഗം വൈറലായിരുന്നു.

മോദി സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ കോഹിനൂർ മടക്കിനൽകാമെന്ന വാഗ്ദാനം കൂടി നൽകിയാൽ അത് ഉത്കൃഷ്ടമായ നടപടിയായിരിക്കുമെന്നും ബ്രിട്ടണിലെ പ്രമുഖ ഇന്ത്യൻ വംശജനായ ജനപ്രതിനിധി കെയ്ത്ത് വാസ് അഭിപ്രായപ്പെടുന്നു. വിക്‌ടോറിയ രാജ്ഞി ചക്രവർത്തിനിയായപ്പോഴാണ് കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് നഷ്ടമായത്. രാജ്ഞിയുടെ കിരീടത്തിൽ പതിപ്പിച്ച രത്‌നം പിന്നീട് ബ്രിട്ടൺ കടത്തിക്കൊണ്ടുപോവുകയായിരുന്നു. 37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്‌നം 21.61 ഗ്രാമായി ചെത്തി മിനുക്കുകയും ചെയ്തു. 2013 ൽ കാമറൂൺ ഇന്ത്യ സന്ദർശിച്ചപ്പോഴും കോഹിനൂർ മടക്കിനൽകണമെന്ന ആവശ്യമുയർന്നുവെങ്കിലും അദ്ദേഹം അത് അംഗീകരിച്ചിരുന്നില്ല. ഈ ആവശ്യം മോദി ഉയർത്തുമോ എന്നതാണ് ശ്രദ്ധേയം.

ഏതായാലും മോദിയുടെ ബ്രിട്ടൺ സന്ദർശനം മാദ്ധ്യമങ്ങളിലും വലിയ ചർച്ചയാകാൻ തുടങ്ങിയിട്ടുണ്ട്. തീവ്രവാദവും സാമ്പത്തിക സഹകരണവുമാകും മോദി ബ്രിട്ടണുമായി ചർച്ച ചെയ്യുന്ന മറ്റ് പ്രധാന വിഷയങ്ങൾ. ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ സ്ഥിരാംഗമാകാനുള്ള പിന്തുണയും തേടും.