ന്യൂഡൽഹി: അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ഒരു തുടർച്ച മാത്രമെന്ന് കരുതുന്നവർ ഏറെയാണ്. അടുത്തമാസം ഓസ്ട്രിയയിൽ തെരഞ്ഞെടുപ്പാണ്. അവിടെ നോർബെർട് ഹോഫർ വരുമെന്നാണ് പ്രതീക്ഷ. ജർമ്മനിയിൽ എയ്ഞ്ചലാ മെർക്കൽ പ്രതിസന്ധിയിലാണ്. അവിടത്തെ എഎഫ്ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പ്രാദേശിക തെരഞ്ഞെടുപ്പിൽ മുന്നിൽ വരുന്നു. ഇതെല്ലാം പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ സൃഷ്ടിയാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ ഉയർച്ചയും ഇതിന്റെ ഭാഗമായിരുന്നു. ലോക നേതാവായി റഷ്യയുടെ വഌഡിമർ പുട്ടിന്റെ വളർച്ചയ്ക്ക് കാരണവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. അങ്ങനെ ഒരുകൂട്ടം ലോകനായകർ ഒന്നിക്കുകയാണെന്ന വിലയിരുത്തൽ സോഷ്യൽ മീഡിയ പോലും സജീവമാക്കുന്നു. അമേരിക്ക, റഷ്യ, ഇന്ത്യ, ഇസ്രയേൽ, ഈജിപ്ത്, സിറിയ....അങ്ങനെ കരുത്തുറ്റ ഒരു കൂട്ടായ്മ.

ഇസ്ലാമിക രാഷ്ട്രീയം യൂറോപ്പിലേക്ക് കടന്നുകയറുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനെതിരെ നിയോ നാസിസം യൂറോപ്പിൽ സജീവമായി. അഭയാർത്ഥി പ്രശ്‌നങ്ങളെത്തിയതോടെ ഈ രാഷ്ട്രീയം പച്ചപിടിച്ചു. ഇതിന് വ്യാപക അംഗീകാരം കിട്ടി. അടുത്തവർഷം ഫ്രാൻസിൽ, നാഷണൽ ഫ്രണ്ടിന്റെ മേരി ലെ പെന്നും .നെതെർലന്റിൽ ഫ്രീഡം പാർട്ടിയുടെ ഗ്രീറ്റ് വൈൽഡേഴ്‌സും പ്രസിഡന്റ് സ്ഥാനത്തേക്ക് കുതിച്ചെത്തമെന്നാണ് വിലയിരുത്തൽ. ഹങ്കറിയിൽ ഇസ്‌ലാമിക കുടിയേറ്റക്കാർക്കെതിരെ രാജ്യത്തിനുചുറ്റും മുള്ളുവേലി കെട്ടിയടച്ച വിക്ടർ ഓർബാനാണ് പ്രധാനമന്ത്രി. ആസ്‌ട്രേലിയയിൽ വൺ നേഷൻ പാർട്ടിയുടെ പൗളിൻ ഹാൻസൺ കരുത്തനാകുന്നു. നിയോ നാസിസത്തിന്റെ വിജയമാണ് ഇതെല്ലാം. ഇതിന് പുതുമാനം നൽകുന്നതാണ് ട്രംപിന്റെ വിജയം. റഷ്യയേയും ഇന്ത്യയേയും കൂടി ഒരുമിപ്പിച്ച് ഇസ്ലാമിക തീവ്രവാദത്തിനും ഐസിസിനുമെതിരെ പുതിയൊരു മുന്നണിക്ക് ട്രംപ് രൂപം നൽകുമെന്നാണ് പ്രതീക്ഷ. സാമ്പത്തികമായി കരുത്തരായ യൂറോപ്പിന്റെ മൊത്തം പിന്തുണ കൂടി ഇതിന് കിട്ടുന്നതോടെ ഭീകരവാദികൾ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തലുകൾ.

ഇസ്ലാമിക തീവ്രവാദം ആഗോളതലത്തിൽ ചർച്ചയായിട്ട് കാലമേറെയായി. എന്നാൽ അതിന്റെ ഏറ്റവും പ്രാകൃത രൂപമായി ഐസിസ് എത്തി. പശ്ചാത്യരാജ്യങ്ങളെ രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഈ തീവ്രവാദം ഏറെ നോവിപ്പിച്ചിരുന്നില്ല. എന്നാൽ അമേരിക്കയിൽ 2001ൽ വേൾഡ് ട്രേഡ് സെന്റർ തകർന്ന് വീണതോടെ കാര്യങ്ങൾ മാറി. അതും ഒറ്റപ്പെട്ട നീക്കമായി അവശേഷിച്ചു. അതിനിടെയാണ് സിറിയയേയും ഇറാഖിനേയും കലാപ ഭൂമിയാക്കി ഐസിസ് തീവ്രവാദമെത്തിയത്. താലിബാനെന്ന തീവ്രവാദ രൂപത്തിന് അഫ്ഗാനേയും പാക്കിസ്ഥാനേയും ഇന്ത്യയേയും മാത്രമോ വലിയ തോതിൽ നോവിക്കാനായുള്ളൂ. എന്നാൽ ഐസിസ് ലക്ഷ്യമിട്ടത് പാശ്ചാത്യ രാജ്യങ്ങളെ കൂടിയാണ്. യൂറോപ്പും ആക്രമിക്കപ്പെട്ടു. ഫ്രാൻസിലുണ്ടായ നിരന്തര ആക്രമണങ്ങൾ പാശ്ചാത്യരേയും ഞെട്ടിച്ചു. ബ്രിട്ടണിൽ നിന്ന് പോലും യുവാക്കൾ ഐസിസിലേക്ക് കൂടുമാറി. അമേരിക്ക കൂടുതൽ കരുതലുകളെടുത്തു. പരിശോധനകൾ കർശനമാക്കി. ആരും ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് മുക്തരല്ലെന്ന അവസ്ഥയെത്തി.

ഇറാഖിനെ തകർക്കാൻ അവർ തന്നെ സൃഷ്ടിച്ചെടുത്തതാണ് ഐസിസെന്ന വാദം സജീവമാണ്. സിറിയയിലെ അൽ ബാഷറിനോടും അമേരിക്കയ്ക്ക് താൽപ്പര്യക്കുറവുണ്ടായിരുന്നു. ഐസിസിനെ സൃഷ്ടിച്ച് ഈ മേഖലയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക കണ്ണുവച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വിദേശ ഫണ്ടുകളായിരുന്നു താലിബാന്റെ കരുത്ത്. കഞ്ചാവും മറ്റും വളയിച്ച് കള്ളക്കടത്തിലൂടെ സമ്പാദ്യം കണ്ടെത്തുന്ന രീതിയായിരുന്നു അവരുടേത്. എന്നാൽ ഐസിസിന് മുന്നിൽ തുറന്ന് കിട്ടിയത് സാമ്പത്തിക കരുത്തിന്റെ എണ്ണപാടങ്ങളായിരുന്നു. തുടക്കത്തിൽ ആരോപിക്കപ്പെടുന്നത് പോലെ അമേരിക്കയുടെ വിധേയരായിരുന്നിരിക്കാം ഐസിസ്. എന്നാൽ എണ്ണ സമ്പത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയതോടെ അവർ സ്വന്തം നിലയ്ക്ക് നീങ്ങി. അമേരിക്കയുടെ വാക്കുകളും നിരാകരിക്കപ്പെട്ടു. അങ്ങനെ അറബ് ലോകം അശാന്തിയിലുമായി.

അമേരിക്കയുമായി തെറ്റിയതോടെ ഐസിസ് പ്രവർത്തന രീതികളും മാറ്റി. ഇറാഖിലും സിറിയയിലും യുദ്ധവും മറ്റിടങ്ങളിൽ ഒറ്റപ്പെട്ട ആക്രമണങ്ങളും ഒരുക്കി. ജിഹാദിന്റെ പേരിൽ കാശ് കൊടുത്ത് ജോലിക്കെന്ന പോലെ മുസ്ലിം യുവാക്കളെ വലവീശിപ്പിടിച്ചു. സാങ്കേതികതയുടെ സാധ്യതയിലൂടെ ആശയ പ്രചരണം സജീവമാക്കി. സോഷ്യൽ മീഡിയയുടെ സഹായത്തോൽ കേരളത്തിൽ നിന്നും ലണ്ടനിൽ നിന്നുമെല്ലാം ഐസിസ് ആരാധകരെ സൃഷ്ടിച്ചു. അവർ സ്വന്തം നാടുകളിൽ ഭീകരതയ്ക്ക് പുതിയ മാനം നൽകി. അങ്ങനെ ഇസ്ലാമിക തീവ്രവാദത്തിന്റെ വേരുകൾ ലോകമെങ്ങുമെത്തി. ഈ സാഹചര്യം മുതലെടുത്ത് ലോക നേതാവാകാൻ റഷ്യൻ പ്രസിഡന്റ് വളാഡിമർ പുട്ടിനെത്തി. ഐസിസിനെതിരെ റഷ്യ തലങ്ങും വിലങ്ങും ആക്രമണം നടത്തി. ആദ്യം അമേരിക്ക എതിർത്തു നോക്കി. പക്ഷേ ഐസിസിനെതിരായ പോരാട്ടത്തിൽ റഷ്യയെ പിന്തുണയ്ക്കാൻ അമേരിക്കൻ സഖ്യകക്ഷികൾ പോലും തയ്യാറെടുത്തതോടെ പുട്ടിൻ നേതാവായി വളർന്നു.

ഇന്ത്യയിൽ ഭീകരതയ്‌ക്കൊപ്പം ന്യൂനപക്ഷ പ്രീണനവും ശക്തമായി ചർച്ചയായി. ഈ സമയത്താണ് ഗുജറാത്തിലെ വികസന നായകൻ നരേന്ദ്ര മോദി ഇന്ത്യയെ പിടിക്കാനെത്തുന്നത്. മോദിയുടെ ജനപ്രിയതയ്‌ക്കൊപ്പം മുസ്ലിം വിരുദ്ധ രാഷ്ട്രീയതയുടെ വിജയം കൂടിയായി എൻഡിഎയുടെ അധികാരത്തിൽ ഏറൽ. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയെന്ന് ആരോപിക്കുന്ന മോദിയെ തോൽപ്പിക്കാൻ എളുപ്പമാകുമെന്ന് കരുതിയവരാണ് ഫലം വന്നപ്പോൾ ഞെട്ടിയത്. ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ മോദി ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകി. യുപിയിൽ ബഹുഭൂരിപക്ഷം സീറ്റും നേടിയത് മുസ്ലിം വിരുദ്ധ രാഷ്ട്രീയം ചർച്ചയാക്കിയ അമിത് ഷായുടെ ബുദ്ധിയായിരുന്നു. ഇസ്ലാം വിരുദ്ധ രാഷ്ട്രീയം തന്നെയായിരുന്നു മോദിയെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചത്. രാജ്യ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി സർജിക്കൽ സ്‌ട്രൈക്കും നോട്ട് അസാധുവാക്കലും മോദി നടത്തുന്നതും ഇസ്ലാമിക തീവ്രവാദ വിരുദ്ധ രാഷ്ട്രീയം തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണ്.

ഈ തന്ത്രം തന്നെയാണ് ട്രംപും പരീക്ഷിച്ച് വിജയിച്ചത്. അമേരിക്കക്കാരിലുണ്ടായിരുന്ന ഇസ്ലാമോഫോബിയ വളരെ സമർത്ഥമായി അനുകൂലമായെടുത്തു. ഹിലരി ക്ലിന്റണിന് ജനപ്രിയത ഏറെയാണെന്ന് മനസ്സിലാക്കി തന്നെയാകണം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കരുക്കൾ നീക്കിയത്. ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ശത്രുവായ ഈജിപ്തിനെ തന്റെ പ്രിയ കൂട്ടുകാരനായി ട്രംപ് പ്രഖ്യാപിച്ചു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി കാണുമെന്ന് തറപ്പിച്ചു പറഞ്ഞു. യു.എസിലെത്തുന്ന അഭയാർഥികൾക്ക് അവരുടെ പ്രത്യയശാസ്ത്രം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രവേശനമെന്ന് ട്രംപ് പ്രഖ്യാപിച്ചതും പുതിയ വംശീയ രാഷ്ട്രീയത്തിന് തുടക്കമിട്ടു. സിറിയ, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. സിറിയൻ അഭയാർഥികളെ കുറിച്ച് സംസാരിക്കവെ അവരെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അവരൊക്കെ ആരാണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മെക്‌സിക്കോയിൽ നിന്നുള്ളവരെ തടയാൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്നും മുസ്‌ലിംകളെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് ട്രംപ് നിലപാട് എടുത്തത്.

ഇതോടെ ട്രംപിനെ വംശീയ വെറിയനായി ക്ലിന്റണും കൂട്ടരും ചിത്രീകരിച്ചു. എന്നാൽ ഇത് ന്യൂനപക്ഷത്തെ ആകർഷിക്കാൻ മാത്രമേ സഹായിച്ചുള്ളൂ. ഭീകരതയെ എതിർക്കുന്ന വലിയൊരു വിഭാഗം ട്രംപിന് വോട്ട് ചെയ്തു. ഇങ്ങനെയാണ് നിഷ്പക്ഷ സംസ്ഥാനങ്ങളെന്ന് വിലയിരുത്തിയവയെല്ലാം ട്രംപിന്റെ പക്ഷത്തേക്ക് കൂട്ടത്തോടെ എത്തിയത്. അറബ് രാജ്യങ്ങളിൽ നിന്നടക്കം യു.എസിലെത്തുന്നവരുടെ പ്രത്യയശാസ്ത്രം അമേരിക്ക പരിശോധിച്ച ശേഷമേ പ്രവേശനം അനുവദിക്കൂവെന്ന നിലപാട് ട്രംപ് എടുക്കുമെന്നാണ് സൂചന. മെക്‌സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന കാര്യത്തിലും ട്രംപ് ഉറച്ചു നിൽക്കുന്നു. ഈ രാഷ്ട്രീയം ട്രംപ് തുടർന്നാൽ അത് പുതിയ രാഷ്ട്രീയ ക്രമത്തിന് തുടക്കമിടും. പാക്കിസ്ഥാനിലെ തീവ്രവാദ രാഷ്ട്രീയത്തെ ട്രംപ് ഒരുകാലത്തും അനുകൂലിക്കുന്നില്ല. സിറിയയിലെ ഐസിസ് അധിനിവേശവും എതിർക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയും റഷ്യയുമായി ട്രംപ് കൈകോർക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ മോദിയുടെ വമ്പൻ വിജയമാണ് ഇസ്ലാം വിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യത ചർച്ചയാക്കിയത്. ട്രംപും അപ്രതീക്ഷിത വിജയം നേടുമ്പോൾ ഈ രാഷ്ട്രീയം ആഗോള തലത്തിൽ ചർച്ചയാകും.

ജിഹാദിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തെ സാധാരണക്കാർ അംഗീകരിക്കുന്നില്ല. ഇത് തന്നെയാണ് പുതിയ രാഷ്ട്രീയത്തിന് പശ്ചാത്യ രാജ്യങ്ങളിൽ താൽപ്പര്യം കൂട്ടുന്നതും. സിറിയയിലെ കലാപം അഭയാർത്ഥികളുടെ ഒഴുക്കാണ് യൂറോപ്പിലേക്ക് ഉണ്ടാക്കിയത്. ഇത് ആഭ്യന്തര കലാപത്തിന് വഴിവച്ചു. ഇതിനിടെയിൽ ഐസിസ് തീവ്രവാദികളും നുഴഞ്ഞു കയറി. ഇവരാണ് യൂറോപ്പിലെ ഐസിസ് ആക്രമണങ്ങൾക്കും റിക്രൂട്ട്‌മെന്റുകൾക്കും ആക്കം കൂട്ടിയത്. ഇതോടെ അഭയാർത്ഥി വിരുദ്ധ രാഷ്ട്രീയവും ഇസ്ലാമിക വിരുദ്ധതയും ഇവിടുങ്ങളിൽ ചർച്ചയായി. ഭീകരതയെ തോൽപ്പിക്കാൻ ശക്തരായ ഭരണാധികാരി എത്തണമെന്ന് കണക്ക് കൂട്ടി. അവരുടെ വ്യക്തിപരമായ ജീവതം പോലും ജനങ്ങൾ മറക്കാൻ തുടങ്ങി. ഇത് തന്നെയാണ് ഏകാധിപത്യ സ്വഭാവമുണ്ടായിട്ടും മോദിയേയും ട്രംപിനേയുമെല്ലാം അധികാര കേന്ദ്രങ്ങളിലെത്തിയത്. വരും ദിനങ്ങളിൽ മറ്റ് രാജ്യങ്ങളും സമാന വഴിയിലെത്തും. ഇതോടെ ഐസിസ് ഉയർത്തുന്ന ആഗോള ഭീഷണിക്കെതിരെ പുതിയ നേതൃനിരയുമെത്തും.

അതിന് ഇന്ത്യയും റഷ്യയും അമേരിക്കയും ഒരുമിച്ച് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷ. മോദിയുടേയും പുട്ടിന്റേയും ട്രംപിന്റേയും പിന്നിൽ മറ്റ് ലോക രാഷ്ട്രങ്ങളും അണിനിരക്കും. ഇത് സാമൂഹിക സാഹചര്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ചൈനയുടെ നിലപാട് എന്താകുമെന്നതും ചർച്ചയാകുന്നുണ്ട്. അമേരിക്കയും ഇന്ത്യയും ചൈനയ്ക്ക് ശത്രുപക്ഷത്താണ്. പാക്കിസ്ഥാനേയും മറ്റും കൂട്ടുപിടിച്ച് ലോക ശക്തിയാകാൻ ശ്രമിക്കുന്ന ചൈനയ്ക്ക് റഷ്യയോട് എന്നും പ്രത്യേക മമതയുണ്ടായിരുന്നു. ഭീകര വിരുദ്ധ രാഷ്ട്രീയത്തിന്റെ പുതു കൂട്ടുകെട്ടിൽ നിന്ന് റഷ്യയെ അടർത്തിയെടുക്കാനും ചൈന ശ്രമിക്കും. പക്ഷേ ഐസിസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന പുട്ടിന് ഇനി പിന്നോട്ട് പോകാൻ കഴിയില്ലെന്ന വിലയിരുത്തലും സജീവമാകും.