- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാക്ക് ചെയ്തത് മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട്; കോവിഡ് -19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്ന സന്ദേശം ശ്രദ്ധയിൽ പെട്ടതോടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചെങ്കിലും ഇപ്പോൾ പൂർവ്വ സ്ഥിതിയിൽ; മോദിയുടെ പേജ് ഹാക്കിങ്ങിൽ അന്വേഷണത്തിന് ട്വിറ്ററും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പിന്നീട് അക്കൗണ്ട് പൂർവ്വ സ്ഥിതിയിലായി. സംഭവത്തിൽ ട്വിറ്റർ അന്വേഷണം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. ക്രിപ്റ്റോ കറൻസിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആവശ്യപ്പെട്ടത്. അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിക്കുകയും ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. ചൈനീസ് അപ്പുകൾ ഇന്നലെ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ചൈനീസ് ഇടപെടലുകൾ മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിലുണ്ടെന്ന് സംശയം സജീവമാണ്.
മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പേരിൽ ബിറ്റ്കോയിൻ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകൾ മോദിയുടെ ട്വിറ്റർ പേജിൽ വരികയും ഇത് ശ്രദ്ധയിൽ പെട്ടതോടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു. കോവിഡ് -19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റിൽ പറയുന്നത്.
മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് ആണ്. മാത്രമല്ല 25 ലക്ഷം ആളുകൾ ഫോളോ ചെയ്യുന്നുമുണ്ട്. സംഭവത്തിൽ ടിറ്റർ അന്വേഷണം ആരംഭിച്ചു. മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്നാണ് ട്വിറ്റർ വക്താവ് പറയുന്നത്. അക്കൗണ്ട് സുരക്ഷിതമാക്കാൻ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിൻവലിച്ചതായും ട്വിറ്റർ അറിയിച്ചു
സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോൾ അറിയില്ലെന്നും ട്വിറ്റർ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയടക്കം പ്രമുഖർക്കെതിരെയും സമാന രീതിയിൽ ഹാക്കിങ് നടന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ