സ്രയേലിനോടുള്ള എല്ലാ കാലത്തെയും ഇന്ത്യൻ സമീപനം സംശയത്തോടെ മാത്രമായിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ലോകത്ത് ഏറ്റവും അധികം മുസ്ലീങ്ങൾ താമസിക്കുന്ന രണ്ടാമത്തെ രാഷ്ട്രത്തിന് ഇസ്രയേലുമായുള്ള ബന്ധം ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. ഫലസ്തീന് ഐക്യ രാഷ്ട്ര സഭയിൽ എക്കാലവും ഉറച്ച പിന്തുണ നൽകിയിരുന്നതും ഇന്ത്യ ആയിരുന്നു. ആ സ്ഥിതിക്ക് മാറ്റം വരുമെന്ന് മോദി സർക്കാർ അധികാരം ഏറ്റപ്പോഴേ വ്യക്തമായിരുന്നു. അതിന്റെ മുന്നൊരുക്കമായി ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മോദി ഇപ്പോൾ.

യഹൂദരാഷ്ട്രമായ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദി ഒരുങ്ങുന്നു. അടിക്കടിയുള്ള വിദേശ സന്ദർശനങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതി നിടെയാണ് ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ മോദി തയ്യാറെടുക്കുന്നത്. സന്ദർശനത്തിന്റെ തീയതിയടക്കമുള്ള വിശദാംശങ്ങൾ തീരുമാനമായിട്ടില്ലെങ്കിലും ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ സമയത്തായിരിക്കും സന്ദർശനമെന്ന് ഇക്കാര്യം അറിയിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. സന്ദർശനം ഈ വർഷം തന്നെയുണ്ടാകുമെന്നും സുഷമ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 19 രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്.

മോദി എത്തുന്നതിന് മുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇസ്രയേലിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന കരാറുകൾ ഈ സന്ദർശനത്തിന്റെ ഭാഗമായുണ്ടാകും. സുഷമ സ്വരാജ് ഫലസ്തീൻ, ജോർദാൻ എന്നിവിടങ്ങളും സന്ദർശിക്കുന്നുണ്ട്. വിദേശ കാര്യമന്ത്രി മടങ്ങിയെത്തിയശേഷമാകും പ്രധാനമന്ത്രി ഇസ്രയേലിലേക്ക് പോവുക. ഇസ്രയേലിന് പുറമെ, തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയുൾപ്പെടെ അഞ്ചു മധ്യ ഏഷ്യൻ രാജ്യങ്ങളിലും മോദി ഈ വർഷം സന്ദർശനം നടത്തും.

പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി മാറ്റിയ ഇസ്രയേലുമായി സമ്പൂർണ സഹകരണത്തിന് മാറിവരുന്ന ഇന്ത്യൻ സർക്കാരുകൾ ഒരിക്കലും തയ്യാറായിരുന്നില്ല. 1950-ൽതന്നെ ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇന്ത്യ അംഗീകരിച്ചിരുന്നെങ്കിലും 1992-ൽ മാത്രമാണ് ഉഭയകക്ഷി ബന്ധം നിലവിൽ വരുന്നത്. 2003-ൽ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർഷിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിമാരോ രാഷ്ട്രപതിമാരോ അവിടം സന്ദർശിക്കാനും തയ്യാറായിട്ടിലല്.

വാജ്‌പേയി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരിക്കെ എൽ.കെ. അദ്വാനി ഇസ്രയേൽ സന്ദർശിച്ചിരുന്നു. ജസ്വന്ത് സിങ്, എസ്.എം. കൃഷ്ണ എന്നിവർ വിദേശകാര്യമന്ത്രിമാർ എന്ന നിലയ്ക്കും ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ഇസ്രയേലുമായി സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ തയ്യാറായതിന്റെ പശ്ചാത്തലത്തിലാണ് മോദി അവിടം സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഈ സഹകരണം ഇന്ത്യയും ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.