ന്യൂഡൽഹി: അധികാരമേറ്റ് ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് 18 രാഷ്ട്രങ്ങൾ. ലാറ്റിനമേരിക്ക, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം മോദിയുടെ കാൽ പതിഞ്ഞു.

അയൽരാജ്യങ്ങൾ സന്ദർശിക്കാനും ഇതിനിടെ സമയം കണ്ടെത്തിയ മോദി വിദേശ യാത്ര നടത്താത്തത് രാജ്യത്ത് തെരഞ്ഞെടുപ്പു നടന്ന സമയത്തു മാത്രമാണ്. നിരന്തര യാത്രകളിലൂടെ ഏറ്റവുമധികം വിദേശ യാത്ര ചെയ്ത ലോക നേതാക്കളുടെ പട്ടികയിലാണ് നരേന്ദ്ര മോദി ഇടംപിടിച്ചതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അതേസമയം, ഒപ്പം യാത്രചെയ്യുന്ന മാദ്ധ്യമപ്രതിനിധികളുടെ സംഘത്തിലെ എണ്ണം ഗണ്യമായി കുറച്ചാണ് മോദിയുടെ വിദേശയാത്ര. 2014ൽ 34 മാദ്ധ്യമപ്രവർത്തകരുമായാണ് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് വിദേശയാത്രയ്ക്കു പോയിരുന്നത്. മ്യാന്മർ സന്ദർശനത്തിനു പോയപ്പോഴായിരുന്നു ഇത്രയധികം മാദ്ധ്യമപ്രവർത്തകർ മന്മോഹൻ സിങ്ങിനെ അനുഗമിച്ചത്. എന്നാൽ, മോദിയുടെ ഫ്രാൻസ്, ജർമനി, കാനഡ യാത്രയിൽ സർക്കാർ മാദ്ധ്യമപ്രതിനിധികളും പ്രമുഖ വാർത്താ ഏജൻസികളുടെ മുതിർന്ന റിപ്പോർട്ടർമാരുമടക്കം വെറും 11 പേരാണ് ഒപ്പം പോയത്. ആകാശവാണി, ദൂരദർശൻ, ഫോട്ടോഡിവിഷൻ, പിടിഐ, യുഎൻഐ, എഎൻഐ എന്നിവയുടെ പ്രതിനിധികളാണ് മോദിക്കൊപ്പം വിദേശയാത്രയ്ക്കു പോയത്.

കഴിഞ്ഞ മെയ് 26നാണ് മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ജൂണിൽ തന്നെ മോദിയുടെ വിദേശയാത്രകൾ ആരംഭിച്ചു. മോദി അധികാരത്തിലെത്തിയതിന് ശേഷം വിദേശത്ത് പോകാത്ത മാസങ്ങൾ ചുരുക്കമാണെന്നും മാദ്ധ്യമങ്ങൾ വിമർശിക്കുന്നുണ്ട്.

പ്രധാനമന്ത്രി ആയതിന് ശേഷം ഭൂട്ടാനിലേക്കാണ് മോദി ആദ്യമായി പോയത്. ജൂൺ 16ന് ഭൂട്ടാനിലേക്ക് തിരിച്ച മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ജൂലൈയിൽ ബ്രിക്‌സ് ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു. ജൂലൈ 13 മുതൽ 19 വരെ മൂന്ന് ദിവസമായിരുന്നു മോദിയുടെ ബ്രസീൽ സന്ദർശനം.

രണ്ട് വിദേശരാജ്യങ്ങളാണ് ഓഗസ്റ്റിൽ മോദി സന്ദർശിച്ചത്. ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളും ഏഷ്യൻ ശക്തിയായ ജപ്പാനുമാണ് മോദി സന്ദർശിച്ചത്. ഓഗസ്റ്റ് 3,4 തീയതികളിലായിരുന്നു മോദിയുടെ നേപ്പാൾ സന്ദർശനം. ജപ്പാനിൽ ഓഗസ്റ്റ് 30ന് പോയ മോദി തിരിച്ചുവന്നത് സെപ്റ്റംമ്പർ മൂന്നിനാണ്.

ചരിത്രപരമായ അമേരിക്കൻ സന്ദർശനം സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബർ 26 മുതൽ 30 വരെയായിരുന്നു മോദിയുടെ അമേരിക്കൻ സന്ദർശനം. ഗുജറാത്ത് കലാപത്തെ തുടർന്ന് മോദിക്കുള്ള വിസ നിരോധനം നീക്കിയാണ് അമേരിക്ക മോദിയെ സ്വാഗതം ചെയ്തത്. ഈ യാത്രയിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ മോദി ഐക്യരാഷ്ട്ര സഭയെയും അഭിസംബോധന ചെയ്തു.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രചാരണത്തിരക്കിലായിരുന്ന ഒക്ടോബർ മാസത്തിൽ മോദി വിദേശ യാത്രകൾ നടത്തിയില്ല. നവംബറിൽ സന്ദർശിച്ചത് നാല് രാഷ്ട്രങ്ങളാണ്. മ്യാന്മാർ, ഓസ്‌ട്രേലിയ, ഫിജി, നേപ്പാൾ എന്നിവിടങ്ങളാണ് മോദി സന്ദർശിച്ചത്. ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിക്കാണ് മൂന്ന് ദിവസം മോദി മ്യാന്മാർ സന്ദർശിച്ചത്. നവംബർ11,12,13 തീയതികളിലായിരുന്നു മോദിയുടെ മ്യാന്മാർ സന്ദർശനം.

ജി 20 ഉച്ചകോടിക്കും ഇന്ത്യഓസ്‌ട്രേലിയ ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അഞ്ച് ദിവസത്തെ മോദിയുടെ ഓസീസ് സന്ദർശനം. നവംബർ 19ന് തെക്കൻ പസഫിക്ക് രാഷ്ട്രമായ ഫിജി സന്ദർശിച്ച മോദി സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നവംബർ 25 മുതൽ മൂന്ന് ദിവസം വീണ്ടും നേപ്പാൾ സന്ദർശിച്ചു.

ജമ്മുകശ്മീർ, ജാർഖണ്ഡ്, ഡൽഹി തെരഞ്ഞെടുപ്പുകളുടെ പ്രചാരണച്ചൂടിലായിരുന്ന മോദി പിന്നീടുള്ള മൂന്ന് മാസം ഒരു വിദേശരാജ്യവും സന്ദർശിച്ചില്ല. എന്നാൽ മാർച്ച് മാസത്തിൽ നാല് രാഷ്ട്രങ്ങളാണ് മോദി സന്ദർശിച്ചത്.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സേഷ്യൽസും ഇന്ത്യൻ ഓഷ്യാന ദ്വീപായ മൗറീഷ്യസും ശ്രീലങ്കയും സിങ്കപൂരും മാർച്ച് മാസത്തിൽ മോദി സന്ദർശിച്ചു. മാർച്ച് 10,11,12,13,14 തീയതികളിലായി രണ്ട് ദിവസം വീതമുള്ള സന്ദർശനമാണ് മോദി സേഷ്യൽസിലും മൗറീഷ്യസിലും ശ്രീലങ്കയിലുമായി നടത്തിയത്. മാർച്ച് 29ന് സിങ്കപൂരിന്റെ പിതാവെന്നറിയപ്പെടുന്ന ലീ കുആൻ യേയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് മോദി സിംഗപ്പൂർ സന്ദർശിച്ചത്.

യൂറോപ്പ്, കാനഡ സന്ദർശനം ഏപ്രിൽ മാസത്തിലായിരുന്നു. ഏപ്രിൽ 9 മുതൽ 16 വരെ മൂന്ന് ദിവസം വീതം ഫ്രാൻസും ജർമ്മനിയും കാനഡയും മോദി സന്ദർശിച്ചു. ലോകമാദ്ധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം നേടിയ സന്ദർശനമായിരുന്നു മോദിയുടെ യൂറോപ്പ്, കാനഡ സന്ദർശനം.

മൂന്ന് രാഷ്ട്രങ്ങളാണ് ഈ മാസം മോദി സന്ദർശിച്ചത്. ചൈന, മംഗോളിയ, ദക്ഷിണ കൊറിയ എന്നിവയാണ് മോദി സന്ദർശിച്ച രാഷ്ട്രങ്ങൾ. ഈ മാസം 14ന് ആരംഭിച്ച മോദിയുടെ വിദേശപര്യടനം ഇന്ന് അവസാനിച്ചു. ഈ രീതിയിൽ സന്ദർശനം തുടരുകയാണെങ്കിൽ ലോകത്തിന്റെ മൂന്നിൽ ഒന്ന് ഭാഗങ്ങളും അദ്ദേഹത്തിന് കണ്ട് തീർക്കാൻ സാധിക്കുമെന്ന വിമർശനമാണ് പലകോണിൽ നിന്നും ഉയരുന്നത്.

ഉന്നത നേതാക്കൾക്ക് വിദേശയാത്രയ്ക്കായി വകയിരുത്തിയ പണം മോദിയുടെ നിരന്തര യാത്ര കാരണം ആറ് മാസം കൊണ്ട് തീർന്നതിനാൽ വീണ്ടും പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് വിദേശകാര്യ മന്ത്രാലയമെന്ന് ജനുവരിയിൽ പ്രമുഖ ദിനപത്രമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. നയതന്ത്ര ബന്ധം പുതുക്കാൻ നേതാക്കൾക്ക് അനുവദിച്ച തുകയാണ് ഇതിനകം തീർന്നത്്. പ്രതിപക്ഷം ഉന്നയിക്കുന്നതിനെക്കാൾ ഭീമമായ തുകയാണ് വിദേശയാത്രയ്ക്കായി മോദി ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സാമ്പത്തിക വർഷത്തേക്ക് വിദേശത്ത് ഉന്നതതല സന്ദർശനങ്ങൾക്കായി വിദേശകാര്യ മന്ത്രാലയം 15 കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തിക വർഷാന്ത്യമായ മാർച്ച് 31 വരെയുള്ള യാത്രകൾക്കായിരുന്നു ഇതെങ്കിലും കഴിഞ്ഞ ഒക്ടോബറോടെ തന്നെ അനുവദിച്ച തുക തീർന്നെന്ന് വിദേശകാര്യ വകുപ്പിന്റെ പ്രതിമാസ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പറയുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുടെ സന്ദർശനത്തിനുള്ള തുകയായിരുന്നു ഇത്. തുടർന്ന് ഈ ഇനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് കൂടുതൽ തുക അനുവദിക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്.