ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബക്കിങ്ഹാം പാലസിൽ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചു. കൊട്ടാരത്തിന്റെ പ്രധാന കവാടത്തിൽ വച്ച് എലിസബത്ത് രാജ്ഞി മോദിയെ സ്വീകരിച്ചു.

മോദിക്കായി കൊട്ടാരത്തിൽ പ്രത്യേക ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. എലിസബത്ത് രാജ്ഞിയ്‌ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ശേഷമാണ് മോദി മടങ്ങിയത്. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ബ്രിട്ടീഷ് സന്ദർശനത്തിലെ പ്രധാന പരിപാടിയായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച.

ബക്കിങ്ഹാമിലേക്ക് എത്തുന്നതിനു മുൻപ് ബ്രിട്ടനിലെ പ്രമുഖ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചു നടന്ന ചർച്ചയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിയും വിഷയമായി.