ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നത് കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിൽ. ഈ വർഷമൊടുവിൽ കാലാവധി പൂർത്തിയാക്കുന്ന സംസ്ഥാന നിയമസഭകൾക്കൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാൽ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറും. ഇത് മുൻകൂട്ടി കണ്ടാണ് എൻഡിഎയുടെ നീക്കം. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതലയോഗം ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതിനിധികളും ഈ അനൗദ്യോഗിക യോഗത്തിൽ പങ്കെടുത്തു. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കമ്മിഷൻ മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. ഓഗസ്റ്റോടെ എല്ലാ ഒരുക്കവും പൂർത്തിയായാലേ ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താനാവൂ എന്നാണ് കമ്മിഷന്റെ പക്ഷം. പുതുതായി വാങ്ങാൻ നിശ്ചയിച്ച 'വിവിപാറ്റ്' വോട്ടിങ് യന്ത്രത്തിന്റെ ലഭ്യതയാണ് പ്രധാന തടസ്സം. അടുത്ത തിരഞ്ഞെടുപ്പിൽ എല്ലായിടത്തും ഇത്തരം യന്ത്രമുപയോഗിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

ഇവയുടെ നിർമ്മാണം ഭാരത് ഇലക്ട്രോണിക്സിലും ഇലക്ട്രോണിക്സ് കോർപ്പറേഷനിലും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ യന്ത്രങ്ങൾക്കുള്ള കേന്ദ്രാനുമതിയും ഓർഡർ നൽകലും വൈകിയതാണ് പ്രശ്നം. ലോക്സഭാ തിരഞ്ഞെടുപ്പിനുമാത്രം 16 ലക്ഷത്തോളം പുതിയ യന്ത്രങ്ങൾ വേണം. മറ്റു നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പുനടത്താൻ കൂടുതൽ യന്ത്രങ്ങൾ ആവശ്യമാണ്. അവ സമയത്തിന് ലഭിക്കില്ല. കാലാവധി കഴിഞ്ഞതിനാൽ പഴയ യന്ത്രങ്ങൾ ഉപയോഗിക്കാനുമാവില്ല.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവിൽ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ കാറ്റ് മാറിവീശുകയാണെന്ന തോന്നൽ ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വിജയം ഇതിന് ആക്കംകൂട്ടുന്നു. ഛത്തീസ്‌ഗഢിലും സ്ഥിതി കുറെയൊക്കെ കോൺഗ്രസിന് അനുകൂലമാണെന്നാണ് സൂചന.

ഈ സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്താൻ ബിജെപി.ക്ക് സാധിച്ചില്ലെങ്കിൽ സ്വാഭാവികമായും അടുത്ത മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരത്തെ 'മോദിപ്രഭാവം'കൊണ്ട് നേരിടാമെന്നാണ് ബിജെപി.യും കേന്ദ്രഭരണ നേതൃത്വവും കരുതുന്നത്. മോദിയുടെ പ്രചാരണരീതിയും പ്രസംഗങ്ങളും നേതൃത്വത്തിന്റെ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് കണക്കുകൂട്ടൽ.

ബാങ്ക് കുംഭകോണത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയും മങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളിൽ ഈ വിഷയങ്ങൾ എന്തുമാനം കൈവരിക്കുമെന്ന് പറയാനാവില്ല. പാർലമെന്റിന്റെ ഇനിയുള്ള സമ്മേളനങ്ങൾ പ്രതിപക്ഷം തടസ്സപ്പെടുത്തുകയും സർക്കാരിനെതിരായ പ്രചാരണത്തിന് മൂർച്ചകൂട്ടുകയും ചെയ്യും. കാർഷികരംഗത്തെ പ്രതിസന്ധിയും മറുവശത്തുനിൽക്കുന്നു. സ്ഥിതി കൂടുതൽ വഷളാവുന്നതിനുമുൻപ് ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതാവും ഉചിതമെന്നാണ് കണക്കുകൂട്ടലെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു.

'ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതിയും പിന്നീട് പ്രധാനമന്ത്രിയും ഈ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ, മറ്റു രാഷ്ട്രീയപാർട്ടികൾ അനുകൂലമായി പ്രഖ്യാപിച്ചിട്ടില്ല.

ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി. മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും യോഗത്തിലും ഈയാവശ്യം ഉയർന്നിരുന്നു. വികസന പ്രവർത്തനങ്ങൾക്കുണ്ടാവുന്ന തടസ്സം, സാമ്പത്തികബാധ്യത, പൊതുവിലുള്ള സൗകര്യം തുടങ്ങിയവ കണക്കിലെടുത്ത് രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പും ഒന്നിച്ചുനടത്തണമെന്നാണ് യോഗം വിലയിരുത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തമായ സൂചനയൊന്നും നൽകിയില്ല.