ന്യൂഡൽഹി: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊളാൾഡ് ട്രംപിനു പിന്നാലെ ചൈനയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഏഷ്യാ- പസിഫിക് മേഖലയിൽ സൈനിക മേൽക്കോയ്മ നേടാനുള്ള ചൈനയുടെ ശ്രമങ്ങൾക്കെതിരെയാണ് മോദി മുന്നറിയിപ്പു നല്കിയത്. മോദിയുടെ പ്രസ്താവനയോടെ ഏഷ്യാ-പസഫിക് മേഖലയിൽ ഇന്ത്യയും ചൈനയും ചേർന്ന് പുതിയ സൈനിക അച്ചുതണ്ട് രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തിയെന്നു വിലയിരുത്തപ്പെടുന്നു.

മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടൽ സുരക്ഷാ ഭീഷണി വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയ മോദി ഇക്കാര്യത്തിൽ നിയന്ത്രണം പാലിക്കാനും ചൈനയോട് ആവശ്യപ്പെട്ടു. ചൈനയുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മോദിയുടെ മുന്നറിയിപ്പ്. ഡൽഹിയിൽ നടക്കുന്ന, 65 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സുരക്ഷാ കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്.

മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകളെ നിയന്ത്രിക്കുമെന്ന് പലകുറി മുന്നറിയിപ്പ് നൽകിയ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനയ്ക്ക് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയതിനെ പുതിയൊരു സൈനിക അച്ചുതണ്ട് രൂപപ്പെടുന്നതിന്റെ സൂചനയായിട്ടാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. കര, നാവിക, വ്യോമ സേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതിനുള്ള സഹകരണ കരാറിൽ ഇന്ത്യയും അമേരിക്കയും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഒപ്പുവച്ചിട്ടുള്ളതാണ്.

സൈനികമായി മേധാവിത്തം കൈക്കലാക്കാനുള്ള മോഹവും മേഖലയിൽ നിലനിൽക്കുന്ന കടുത്ത വൈരാഗ്യബുദ്ധിയുമാണ് സകല പ്രശ്‌നങ്ങൾക്കും കാരണമെന്ന് മോദി ചൂണ്ടിക്കാട്ടി. സൈനിക കരുത്ത്, വിഭവങ്ങൾ, സമ്പത്ത് എന്നിവയിൽ കാര്യമായ വർധനയുണ്ടായത് ഏഷ്യ-പസിഫിക് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ ഗൗരവകരമായ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്നും മോദി നിരീക്ഷിച്ചു. അതേസമയം, അയൽരാജ്യങ്ങൾ തമ്മിലുള്ള സ്വരവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും മോദി അഭിപ്രായപ്പെട്ടു.

തർക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് നിയുക്ത യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകൾ നിയന്ത്രിക്കണമെന്ന കാര്യത്തിൽ യുഎസിനും ഇന്ത്യയ്ക്കും സമാന നിലപാടാണുള്ളത്.

അറ്റകുറ്റപ്പണികൾക്കും സഹായങ്ങൾ കൈമാറുന്നതിനും ഇരുനാടുകളിലെയും സേനാതാവളങ്ങൾ ഉപയോഗിക്കുന്ന കരാറിലാണ് ഇന്ത്യയും അമേരിക്കയും ഓഗസ്റ്റ് അവസാനം ഏർപ്പെട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും സൈനിക വാഹനങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറയ്ക്കുന്നതിനുമായി താവളങ്ങൾ പരസ്പരം ഉപയോഗിക്കാൻ ഈ ധാരണയനുസരിച്ച് സാധ്യമാവും. ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമോറാണ്ടം ഓഫ് എഗ്രിമെന്റ് (എൽഇഎംഒഎ) എന്നറിയപ്പെടുന്ന കരാറിൽ ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതിന് പ്രതിഫലം നൽകണമെന്ന് വ്യവസ്ഥചെയ്യുന്നു.