ന്യൂഡൽഹി : മോദി തരംഗം ഇപ്പോഴുമുണ്ടെന്ന സൂചന നൽകി ഉത്തർ പ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യം ഉണ്ടായില്ലെങ്കിൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായസർവേ ഫലം. യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യം ഉണ്ടായില്ലെങ്കിൽ എൻഡിഎ 300 സീറ്റ് നേടും. യുപിയിൽ പ്രതിപക്ഷ സഖ്യം വന്നാൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയുമില്ലെന്നാണ് പ്രവചനം. 261 സീറ്റുവരെ മാത്രമേ ബിജെപിക്ക് കിട്ടൂവെന്നാണ് പ്രവചനം.

ഉത്തരേന്ത്യയിൽ കോൺഗ്രസും ബിജെപിയും മുഖമുഖമുള്ളിടത്തെല്ലാം ബിജെപി നേടുമെന്നാണ് പ്രവചനം. യുപിയിൽ എസ് പിയും ബിഎസ്‌പിയും സഖ്യത്തിലാകുമോ എന്നതായണ് ഉയരുന്ന ചോദ്യം. ഇതിനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാൽ ഇരുവർക്കും കൂടി 44 സീറ്റ് ലഭിക്കും. ഈ സാഹചര്യമുണ്ടായാൽ അടുത്ത പ്രധാനമന്ത്രിയെ യുപിയിലെ ഈ മുന്നണിയാകും നിശ്ചയിക്കുക. ഈ സഖ്യം സജീവമായാൽ എൻ ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് (272) വേണ്ടതിനെക്കാൾ ഏതാനും സീറ്റ് കുറവേ ലഭിക്കൂ (261) എന്നും എബിപി ന്യൂസ് സർവേ പറയുന്നു.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബീഹാറിലും ബിജെപിക്കാകും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം. അതായത് നിയമസഭയിൽ രാജസ്ഥാൻ കൈവിട്ടാലും ലോക്‌സഭയിൽ ചതിക്കില്ലെന്നാണ് സൂചന. ഗുജറാത്തിലും മോദിക്ക് തന്നെയാണ് ഇപ്പോഴും സ്വാധീന ശക്തിയുള്ളത്. ദക്ഷിണേന്ത്യയിൽ മോദിക്ക് വലിയ നേട്ടമുണ്ടാക്കാനാകില്ല. കർണ്ണാടകയിൽ മാത്രമാണ് മുൻതൂക്കം കിട്ടുക. കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും പറയുന്നു. കേരളത്തിൽ കോൺഗ്രസും തമിഴ്‌നാട്ടിൽ ഡിഎംകെയും ആന്ധ്രയിൽ വൈഎസ് ആർ കോൺഗ്രസും നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. തെലുങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്.

യുപിയിൽ ബിജെപി വീണ്ടും നേട്ടമുണ്ടാക്കിയാൽ മോദി അനായാസം അധികാരത്തിലെത്തും. കഴിഞ്ഞ തവണ യുപിയിൽ ബിജെപി 80ൽ 72 സീറ്റും നേടിയിരുന്നു. അന്ന് ബിഎസ് പിയും എസ് പിയും വെവ്വേറെയാണ് മത്സരിച്ചത്. പിന്നീട് നിയമസഭയിലും ബിജെപി നേട്ടമുണ്ടാക്കി. ഇതോടെയാണ് എസ് പിയും ബിഎസ്‌പിയും ഒരുമിച്ചത്. മായാവതിയും അഖിലേഷും ഒരേ മനസ്സുമായാണ് മുന്നോട്ട് പോകുന്നത്. ബിജെപിയെ യുപിയിൽ തോൽപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യുപിയിൽ ബിജെപിക്ക് 40 സീറ്റോളം കുറയുമെന്നാണ് പ്രവചനം.

ബിജെപി ഇതര പാർട്ടികൾ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ച് സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ നേരത്തെ പറഞ്ഞിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡു കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി ഇതുസംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു. ബിജെപിയുടെ സഖ്യകക്ഷി ആയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കേന്ദ്രം നൽകാത്തതിൽ പ്രതിഷേധിച്ചാണ് എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

മായാവതി, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ബിജെപി മുൻ നേതാവ് യശ്വന്ത് സിൻഹ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. രാഹുൽ ഗാന്ധിയേയും കണ്ടു. ബിജെപിക്കെതിരെ പ്രതിപക്ഷം ഒരുമിച്ചാൽ നേട്ടമുണ്ടാകുമെന്ന വിലയിരുത്തൽ സീജവാണ്. എന്നാൽ ഇപ്പോഴും പൊതു നിലപാടിൽ ഊന്നിയ സഖ്യത്തിന് പ്രതിപക്ഷത്തിന് കഴിയുന്നില്ല.

സാധ്യതകൾ ഇങ്ങനെ:

യുപി വിശാലസഖ്യം
ഇല്ലെങ്കിൽ

എൻഡിഎ - 300, യുപിഎ - 116,
മറ്റുള്ളവർ - 127
(യുപിയിൽ: എൻഡിഎ - 70,
യുപിഎ - 2, എസ്‌പി - 4,
ബിഎസ്‌പി - 4)

യുപി വിശാലസഖ്യം
ഉണ്ടായാൽ

എൻഡിഎ - 261, യുപിഎ -119,
മറ്റുള്ളവർ - 163
(യുപിയിൽ: എൻഡിഎ - 31,
യുപിഎ - 5,
എസ്‌പി/ബിഎസ്‌പി സഖ്യം - 44)

പ്രധാന സംസ്ഥാനങ്ങളിലെ
പ്രവചനം

മഹാരാഷ്ട്ര:

ബിജെപി-ശിവസേന സഖ്യം - 28,
കോൺഗ്രസ്-എൻസിപി സഖ്യം - 20
(സഖ്യങ്ങളില്ലെങ്കിൽ:
ബിജെപി - 23, ശിവസേന - 5,
കോൺഗ്രസ് - 14, എൻസിപി - 6)

ബിഹാർ: എൻഡിഎ- 34,
യുപിഎ- 6,

മധ്യപ്രദേശ്: ബിജെപി- 22,
കോൺഗ്രസ്- 7,

രാജസ്ഥാൻ: ബിജെപി-17,
കോൺഗ്രസ്-8

ബംഗാൾ: തൃണമൂൽ - 32,
ബിജെപി - 9, കോൺഗ്രസ് -1.

ഒഡീഷ: ബിജെപി - 12,
കോൺഗ്രസ് - 3, ബിജെഡി - 6

ദക്ഷിണേന്ത്യ: എൻഡിഎ - 20,
യുപിഎ - 34, മറ്റുള്ളവർ - 75