- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ ശത്രുവായി കാണുന്ന ബിജെപി എംപിമാർ കാണുക; മോദി തന്നെ പാക്കിസ്ഥാനിലേക്ക്; അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സുഷമ സ്വരാജ്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലേക്ക്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി പാക്കിസ്ഥാനിലേക്കു പോകുന്നത്. പാക്കിസ്ഥാനിൽ നടക്കുന്ന 'ഹാർട്ട് ഓഫ് ഏഷ്യ' സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ആത
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലേക്ക്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി പാക്കിസ്ഥാനിലേക്കു പോകുന്നത്.
പാക്കിസ്ഥാനിൽ നടക്കുന്ന 'ഹാർട്ട് ഓഫ് ഏഷ്യ' സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ട സമയമാണിപ്പോഴെന്നും സുഷമ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ തങ്ങൾക്കിഷ്ടപ്പെടാത്ത അഭിപ്രായം പറഞ്ഞ പല പ്രമുഖരെയും പാക്കിസ്ഥാനിലേക്കു കയറ്റി അയക്കാൻ ബിജെപിയിലെ പല നേതാക്കളും ഹിന്ദുത്വവാദികളും ശ്രമിക്കുമ്പോഴാണ് മോദി തന്നെ പാക്കിസ്ഥാനിലേക്കു പോകുന്നു എന്ന വാർത്ത പുറത്തുവന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തണമെന്നും സുഷമ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയുമായി വ്യാപാര - ഗതാഗത കരാറിൽ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായും പാക്കിസ്ഥാന് താത്പര്യമുണ്ടെങ്കിൽ സഹകരിച്ച് മുന്നോട്ട് പോകാൻ തയാറാണെന്നും സുഷമ പറഞ്ഞു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് സന്ദർശനത്തിൽ പ്രധാനമന്ത്രിയെ അനുഗമിക്കും. പാരീസിൽ നടന്ന കാലവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യാ പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കളും ബാങ്കോങ്ങിൽ രഹസ്യ കൂടിക്കാഴ്ചയും നടത്തി. ഇതിനു പിന്നാലെയാണ് സുഷമ സ്വരാജ് പാക്കിസ്ഥാനിലേക്ക് യാത്രതിരിച്ചത്. ഇന്ത്യാ പാക് സമാധാന ചർച്ചകൾക്ക് ഇതോടെ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു വരുന്ന കലാകാരന്മാരെയടക്കം ശത്രുക്കളായി കാണുന്ന നിലപാടാണു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും ഹിന്ദുത്വവാദികളും സ്വീകരിച്ചിരുന്നത്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരൊക്കെ പാക്കിസ്ഥാനിലേക്കു പൊയ്‌ക്കോളൂ എന്ന തരത്തിലാണ് വിവിധ ബിജെപി നേതാക്കൾ നിലപാട് അറിയിച്ചത്. ശത്രുക്കളായിത്തന്നെ പാക്കിസ്ഥാനെ നേതാക്കൾ കാണുന്ന ഈ സാഹചര്യത്തിലാണ് മോദി പാക്കിസ്ഥാനിലേക്കു പോകുന്നുവെന്നു സുഷമ സ്വരാജ് തന്നെ വ്യക്തമാക്കിയത്.