- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഫിയ പർവീണിന് നീതി ആവശ്യപ്പെട്ടു സമരം നടത്തിയ കോൺഗ്രസുകാരെ 'തീവ്രവാദികളാക്കി' പൊലീസ്; അറസ്റ്റിലായവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന റിമാൻഡ് റിപ്പോർട്ട് വിവാദത്തിൽ; പൊലീസ് റിപ്പോർട്ടിനെതിരെ അൻവർ സാദത്ത് എംഎൽഎ രംഗത്ത്
കൊച്ചി: നിയമ വിദ്യാർത്ഥിനി മൊഫിയ പർവീണിന് നീതി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പെട്ടവരെ 'തീവ്രാവാദികളാക്കി' പൊലീസ് റിപ്പോർട്ട്. മൊഫിയ പർവീണിന്റെ വിഷയം സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റിയ കോൺഗ്രസ് നടപടിക്കെതിരെ പ്രതികാരം തീർക്കുകയായിരുന്നു ഇത്. അറസ്റ്റിലായവർക്കെതിരായ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം വിവാദത്തിലായിരിക്കുന്നത്.
കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ-പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന പരാമർശമാണ് വിവാദമായത്. ഇതിനെതിരെ അൻവർ സാദത്ത് എംഎൽഎ രംഗത്തെത്തി. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും എംഎൽഎ. പറഞ്ഞു. ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്.
തീവ്രവാദി ബന്ധം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് സർക്കാരിന്റെ അറിവോടുകൂടി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു. റൂറൽ എസ്പി. കെ കാർത്തിക്കിനെ ഫോണിൽ വിളിച്ച് എംഎൽഎ. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പൊലീസ് നയം കേരളത്തിന് അപമാനമാണെന്നും അൻവർ സാദത്ത് എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വിദ്യാർത്ഥി നേതാവ് അൽ അമീൻ അഷറഫ്, നേതാക്കളായ നെജീബ്, അനസ് എന്നിവർ മോഫിയാ പർവീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവർ തീവ്രവാദ പ്രവർത്തനം നടത്തുന്നവരല്ല. പൊതു പ്രവർത്തനം നടത്തുന്ന കോൺഗ്രസുകാരാണ്. പക്ഷെ പൊലീസ് ഇവരിൽ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പൊലീസ് യോഗി പൊലീസിന് പഠിക്കുകയാണ്.
കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ അവരെ തീവ്രവാദികളാക്കി മാറ്റിയ പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റൂറൽ എസ്പി കാർത്തിക്കിനെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പൊലീസ് നടപടികൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും അൻവർ സാദത്ത് കുറിപ്പിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ