കൊച്ചി: കൊച്ചിയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ പ്രവർത്തകരുടെ പ്രതിഷേധം ഇരമ്പുന്നു. മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ആലുവ റൂറൽ എസ്‌പി ഓഫീസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. കുറ്റാരോപിതനായി സിഐക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.

ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ട് കുതിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതോടെ പൊലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിനിടെ പൊലീസിനുനേരെ കല്ലേറുമുണ്ടായി. മരണത്തിൽ ആരോപണ വിധേയനായ സിഐയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി തുടങ്ങിയ നേതാക്കളും മാർച്ചിൽ അണിനിരന്നു.

മൊഫിയയുടെ മരണത്തിൽ കഴിഞ്ഞി ദിവസം ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിന് വഴിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതൽ ബെന്നി ബഹനാൻ എംപി.യുടെയും അൻവർ സാദത്ത് എംഎ‍ൽഎ.യുടെയും നേതൃത്വത്തിൽ ആലുവ പൊലീസ് സ്റ്റേഷനിൽ യു.ഡി.എഫ്. പ്രവർത്തകർ കുത്തിയിരുന്നു. ഈ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, മൊഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ചർച്ചയിൽ സിഐ. സി.എൽ. സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആലുവ ഡിവൈ.എസ്‌പി. പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച രാത്രി നൽകിയ റിപ്പോർട്ടിൽ സിഐ.ക്ക് ക്ലീൻ ചിറ്റാണ് ഡിവൈ.എസ്‌പി. നൽകിയത്. എന്നാൽ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്‌പി. കെ. കാർത്തിക് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിലായി. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ(27) ഭർത്തൃപിതാവ് യൂസഫ്(63) ഭർത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. തുടർന്ന് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു. അതിനിടെ, പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.

പ്രതികൾ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയെ മർദിച്ചതായും പരാതിയുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ചൊവ്വാഴ്ച അർധരാത്രിയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവിൽപോയിരുന്നു. തുടർന്ന് കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.