കൊച്ചി: ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മോഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ കേസിൽ ഒന്നര മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗാർഹിക പീഡനവും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മോഫിയക്ക് നേരിടേണ്ടി വന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഇതുണ്ടാക്കിയ കടുത്ത മാനസിക സംഘർഷമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മോഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മോഫിയയെ സുഹൈൽ പലതവണ പീഡിപ്പിച്ചുവെന്നും സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് കൊടിയ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പണം ചോദിച്ച് പല തവണ മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

ഭർത്താവ് സുഹൈലും മാതാപിതാക്കളും അടക്കം കുടുംബം ഒന്നടങ്കം ഒരു പെൺകുട്ടിയുടെ ആത്മഹത്യക്ക് വഴിയൊരുക്കി. മോഫിയയെ ഏകദേശം മൂന്ന് മാസത്തോളം ഭർത്താവിന്റെ കോതംമഗലത്തുള്ള വീട്ടിൽ വെച്ച് സ്ത്രീധനത്തിന്റെ പേരിൽ അടിമപ്പണി ചെയ്യിച്ചു. പല തവണ ഭർത്താവ് മോഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

പരാതി നൽകിയിട്ടും വിഷയത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയതടക്കമുള്ള കാര്യങ്ങൾ നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും കുറ്റപത്രത്തിൽ ഇല്ല. എഫ്‌ഐആറിൽ മോഫിയയെ മാനസിക സമ്മർദത്തിലേക്കു നയിച്ചതായി പരാമർശിക്കുന്ന ആലുവ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ സുധീറിനെ പ്രതിയാക്കിയിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ സുഹൈൽ ജയിലിലാണ്. മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.